പ്രണയവും മതംമാറ്റങ്ങളും

പ്രണയവും മതംമാറ്റങ്ങളും

വലിയ ഞെട്ടലുകളുടെ വാതില്‍ തുറക്കുകയാണ് മതംമാറ്റത്തിനായി പ്രണയം ഉപയോഗിക്കപ്പെടുന്നു എന്ന അറിവുകള്‍. പ്രണയത്തില്‍ തുടങ്ങി മതംമാറ്റത്തിലെത്തുന്ന ഈ യാത്ര അവസാനിക്കുന്നത് ഐഎസ് പോലുള്ള ഭീകര സംഘടനകളിലാണെന്ന പുതിയ വെളിപ്പെടുത്തലുകള്‍ ഒരു ചോദ്യം മുന്നിലേക്കു വച്ചു തരുന്നുണ്ട്. പ്രണയങ്ങള്‍ക്കു നല്‍കുന്ന വിലയാണോ മതപരിവര്‍ത്തനം. അല്ലെങ്കില്‍ പ്രണയത്തിന്റെ പേരില്‍ മാറാവുന്ന ഒരു വസ്ത്രമാണോ മതവിശ്വാസം?

ഇങ്ങോട്ട് മതം മാറിയാല്‍ പെണ്ണിനെ കെട്ടിച്ചു തരാം എന്ന് നിബന്ധന വയ്ക്കുന്നവരുടെ തലമുറ തന്നെയാണ് നമ്മുടേത്. രണ്ടു മതത്തില്‍ പെട്ട യുവതീയുവാക്കള്‍ തമ്മില്‍ പ്രണയത്തില്‍ വീഴുകയും പിരിക്കാനാവാത്ത വിധം ആ ബന്ധം മുറുകുകയും ചെയ്യുമ്പോള്‍ നാം അവസാനം കണ്ടെത്തുന്ന പോംവഴിയാണ് രണ്ടിലൊരാളുടെ മതംമാറ്റം. ആരെ സമാധാനിപ്പിക്കാന്‍ വേണ്ടിയാണ് സത്യത്തില്‍ ഈ മതംമാറ്റങ്ങള്‍. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്യണമെങ്കില്‍ മതം മാറിയേ തീരൂ എന്ന അവസ്ഥ വരുമ്പോള്‍ എല്ലാ സന്ദര്‍ഭങ്ങളിലും പെണ്‍കുട്ടി പുതിയ മതത്തോടുള്ള സ്‌നേഹം കൊണ്ടു തന്നെയാണോ മതം മാറുന്നത്. അല്ലെങ്കില്‍ ഇഷ്ടപ്പെട്ട പെണ്ണിനു വേണ്ടി അവളെ സ്‌നേഹിക്കുന്ന പുരുഷന്‍ മതംമാറുന്നത്്?

പ്രണയത്തിന്റെ പേരില്‍ നടക്കുന്ന മതംമാറ്റങ്ങളില്‍ എത്ര ആത്മാര്‍ത്ഥയുണ്ട് എന്നതാണ് ചോദ്യം. മതവിശ്വാസം എന്നത് ആളുകളെ കാണിക്കാനുള്ള, സമൂഹത്തിനു മുന്നില്‍ എടുത്ത് അണിയാനുള്ള ഒരു വസ്ത്രം മാത്രമായി കാണുന്നത് കൊണ്ടു കൂടിയാണ് ഈ പിടിവാശികള്‍.

ഒരാളുടെ മതവിശ്വാസത്തിന് സാമൂഹികമായ ഒരു വശം ഉണ്ടെന്ന് നേരു തന്നെ. എന്നാല്‍ അതിനേക്കാള്‍ പ്രധാനമാണ് അതിന്റെ ആന്തരികമായ വശം. ആദ്യം ഒരാളുടെ ഉള്ളില്‍ ഒരു ബോധ്യമായോ വെളിച്ചമായോ ആണ് മതവിശ്വാസം തെളിയേണ്ടത്. ബൈബിളില്‍ കിണറിന്‍കരയിലെ സമരിയാക്കാരിയുടെ വാക്കുകള്‍ കേട്ട് യേശുവിനെ ശ്രവിക്കാനെത്തിയവര്‍ പറയുന്ന വാക്കുകള്‍ പോലെ, ‘അവള്‍ പറഞ്ഞ വാക്കുകള്‍ കൊണ്ടല്ല, ഞങ്ങള്‍ നേരിട്ടു കണ്ടു ബോധ്യപ്പെട്ടതു കൊണ്ടാണ് ഞങ്ങള്‍ നിന്നെ തേടി വന്നത്.’ നേരിട്ട് കണ്ട് ഉള്ളില്‍ ബോധ്യമാകണം. അതാണ് മതവിശ്വാസം സ്വീകരിക്കുന്നതിന് ആധാരം. ക്രിസ്തുവിനെ രക്ഷകനും ദൈവവുമായി അനുഭവിക്കുകയും ആ അനുഭവം ജീവിതത്തില്‍ നിറയുകയും ചെയ്ത ശേഷം ഒരാള്‍ പൂര്‍ണ മനസോടെ എടുക്കുന്ന തീരുമാനമാണ് മതംമാറ്റത്തിന് ആധാരമാകേണ്ടത്. അല്ലാതെ പ്രണയിക്കുന്ന ആളെ സ്വന്തമാക്കാനുള്ള കുറുക്കുവഴിയായല്ല.

പ്രണയിക്കുന്ന പെണ്ണിനെ അഥവാ ചെറുക്കനെ കെട്ടണമെങ്കില്‍ മതം മാറണം എന്ന് നാം മുന്നോട്ടു വയ്ക്കുന്ന നിബന്ധനകള്‍ (പിടിവാശികളോ) മൂലം മതപരിവര്‍ത്തനം എന്ന വിശുദ്ധമായ ഒരു തെരഞ്ഞെടുപ്പിന്റെ പവിത്രതയ്ക്ക് കോട്ടം തട്ടുകയാണ് ചെയ്യുന്നത്. ക്രിസ്തുവിനെ സ്വീകരിക്കുന്നതും ക്രിസ്തുമതത്തിലേക്ക് കടന്നുവരുന്നതും ക്രിസ്തുവിനെ അറിഞ്ഞ് ക്രിസ്തുവിനോട് ഉള്ളില്‍ നിറയുന്ന സ്‌നേഹം കൊണ്ടാകണം.

ചില സന്ദര്‍ഭങ്ങളില്‍ ഒരാളുമായുണ്ടാകുന്ന പ്രണയ ബന്ധത്തിലൂടെ ഒരു വ്യക്തി കിസ്തുവിനെയും അറിയാന്‍ ഇടവരുകയും പിന്നെ ക്രിസ്തുവിലുള്ള വിശ്വാസം സ്വീകരിക്കുകയും ചെയ്യുന്ന സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്. അങ്ങനെ ക്രിസ്തുമതം സ്വീകരിക്കുകയും പിന്നീട് വിശുദ്ധരാകുകയും ചെയ്തവരുടെ കഥകളും സഭാ ചരിത്രത്തിലുണ്ട്. പക്ഷേ, അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്.

പ്രണയവും മതംമാറ്റവും കൂട്ടിക്കുഴയ്ക്കുന്ന ഒരു പ്രവണത നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. രണ്ടും, പ്രണയവും മതവും, ഒരാള്‍ സ്വതന്ത്രമായ മനസ്സോടെ എടുക്കേണ്ട ഗൗരവമായ തീരുമാനങ്ങളാണ്. രണ്ടും പൂര്‍ണമായ മനസ്സമ്മതം ആവശ്യപ്പെടുന്നു. രണ്ടിന്റെ മേലും നിബന്ധന ദോഷം ചെയ്യും. പ്രണയ സാക്ഷാത്കാരത്തിന് മതംമാറ്റം ഒരു നിബന്ധനയാകുമ്പോള്‍ ആ മതപരിവര്‍ത്തനം യാന്ത്രികമായി തീരും. അതില്‍ ഒരാളുടെ ഹൃദയം ഉണ്ടാകണമെന്നില്ല. സാഹചര്യങ്ങളുടെ നിബന്ധനയോ സമ്മര്‍ദമോ മൂലമുള്ള മതവിശ്വാസ പരിവര്‍ത്തനങ്ങള്‍ എത്രമാത്രം സാധുവാണ്?

സമ്മതമില്ലാതെ നടക്കുന്ന വിവാഹങ്ങളെ സഭ അസാധു എന്നു വിളിക്കുന്നുണ്ട്. അപ്പോള്‍ മറ്റൊരു ലക്ഷ്യം നേടാന്‍ വേണ്ടി സൗകര്യപൂര്‍വം സ്വീകരിക്കുന്ന പുതിയ മതത്തിന് എത്ര സാധുതയുണ്ട്. പുതിയ മതം സ്വീകരിക്കാന്‍ വേണ്ടി വേദോപദേശം ഒക്കെ പഠിക്കുന്നുണ്ട് എന്ന് വേണമെങ്കില്‍ വാദിക്കാം. പ്രണയം നേടാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുമല്ലോ, കമിതാക്കള്‍! പക്ഷേ, പെട്ടെന്ന് വേദോപദേശം പഠിപ്പിച്ച് ഏതെങ്കിലും ഒരു ധ്യാനകേന്ദ്രത്തിന്റെ കൃത്രിമാന്തരീക്ഷത്തില്‍ ലഗൂണ്‍ മുട്ട പോലെ വിരിയിച്ചെടുക്കാവുന്നതാണോ ശരിയായ ക്രിസ്തീയ വിശ്വാസം?

വിശ്വാസം എന്ന പരിശുദ്ധാത്മാവിന്റെ അമൂല്യമായ ദാനത്തിനാണോ അതോ മതത്തിന്റെ സാമൂഹിക മാനത്തിനാണോ നാം വിലകല്‍പിക്കുന്നതെന്നതിനെ ആശ്രയിച്ചിരിക്കുന്നു, നമ്മുടെ തെരഞ്ഞെടുപ്പുകള്‍. സമൂഹത്തെ ബോധ്യപ്പെടുത്താന്‍ തന്നെയാണ് പല സന്ദര്‍ഭങ്ങളിലും മതംമാറ്റം ഇതര മതവിഭാഗത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹത്തിന് ഒരു നിബന്ധനയായി വയ്ക്കുന്നത്. അപ്പോള്‍ ക്ഷീണം സംഭവിക്കുന്നത് മതപരിവര്‍ത്തനം ഏറ്റവും സ്വതന്ത്രമായ പ്രവര്‍ത്തിയാകണം എന്ന് പഠിപ്പിക്കുന്ന സഭയുടെ നിലപാടിനു തന്നെയാണ്. ക്രിസ്തുവിലുള്ള കളങ്കമില്ലാത്ത വിശ്വാസം അല്ലാതെ മറ്റൊരു ഘടകവും ക്രിസ്തുമതം സ്വീകരിക്കുന്നതിന് പ്രേരകമോ പ്രലോഭനമോ ആയിരിക്കരുത് എന്ന് നിലാപാടാണല്ലോ, സഭയുടേത്.

എന്നിട്ടും നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും പ്രാധാന്യം ലഭിക്കുന്നത് ‘നിങ്ങളുടെ പെണ്ണിനെ ഇങ്ങോട്ട് മതം മാറ്റിയാല്‍ കല്യാണം നടത്താം’ എന്ന നിബന്ധനകള്‍ക്കു തന്നെയാണ്. പെണ്ണിന് (അഥവാ ചെറുക്കന്) മനസ്സുകൊണ്ട് ഈ പുതിയ വിശ്വാസം സ്വീകരിക്കാന്‍ സമ്മതമാണോ എന്ന് തിരക്കാന്‍ ആര്‍ക്ക് താല്പര്യം. വിശ്വാസം ഒരു അലങ്കാരം മാത്രമായി കൊണ്ടു നടക്കുന്നതാണ് എന്നു തോന്നുന്നുണ്ടെങ്കില്‍ ഈ ചിന്തകളെ പാടെ അവഗണിക്കാം. എന്നാല്‍ അത് ഒരാളുടെ ജീവിതത്തെ മുഴുവന്‍ ആഴത്തില്‍ സ്പര്‍ശിക്കുകയും ആത്മാവിനെ നയിക്കുകയും ചെയ്യുന്ന വെളിച്ചമാണെന്ന് ബോധ്യമുണ്ടെങ്കില്‍ കുറച്ചു കൂടി ഗൗരവം നല്‍കണം ഇതിന്.

പ്രണയികളെ പിരിക്കണമെന്നോ പ്രണയത്തെ എതിര്‍ക്കണമെന്നോ അല്ല തീര്‍ച്ചയായും പറഞ്ഞുവരുന്നത്. വിശ്വാസത്തെ പ്രണയത്തിനു നല്‍കുന്ന വിലയായി കണക്കാക്കരുത് എന്നാണ്. സ്‌നേഹവും വിശ്വാസവും അമൂല്യമാണ്. ഒന്നിനു വേണ്ടി മറ്റൊന്ന് ബലികഴിക്കാവുന്നതുമല്ല. രണ്ടിനും സ്ഥാനം വേണം. പ്രണയം സത്യമാണെങ്കില്‍ വിശ്വാസത്തിന്റെ സത്യങ്ങളും പൂര്‍ണമനസ്സോടെ തേടണം. അത് ആത്മാവിന്റെ ബോധ്യമാകുന്നതു വരെ. ബോധ്യമാകാതെ മതം മാറുന്നത് കപടതയാണ്. ബോധ്യമാകാതെ മതം മാറ്റുന്നതും അതു പോലെ കപടതയാണ്. ആരെയാണ് നാം കബളിപ്പിക്കുന്നത്, മനുഷ്യനെയോ ദൈവത്തെയോ!

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login