“പ്രണയിച്ചിട്ടില്ലാത്തവർക്കായി….!”

“പ്രണയിച്ചിട്ടില്ലാത്തവർക്കായി….!”

സുഹൃത്ത് സെലീനാമ്മയോട് പറഞ്ഞു,  പ്രണയ ദിനത്തിൽ ഈശോയ്ക്ക് ഒരു പ്രണയലേഖനം എഴുതിയാലൊ? സെലീനാമ്മ മനസ്സിൽ ചിരിച്ചു. ആയകാലത്ത് പ്രണയലേഖനം എഴുതിയിട്ടില്ല. മുഖം ഓർത്തിരിക്കാൻ തക്ക ഒരു പ്രണയം പോലും ജീവിതത്തിൽ ഉണ്ടായിട്ടില്ല.

അൻപതോടടുത്തപ്പോൾ സെലീനാമ്മ തിരിച്ചറിഞ്ഞു താനൊന്നും പ്രണയിച്ചിട്ടേയില്ല. ജനിച്ചു, പഠിച്ചു, കല്യാണം കഴിച്ചു, ജോലിചെയ്തു, ഇപ്പോൾ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു. ഇനി അവരുടെ കല്യാണം, ജോലി, അവരുടെ കുഞ്ഞുങ്ങൾ.

ഇതിനിടയിൽ ഈ “പ്രണയം” എന്ന പ്രഹേളിക ആര് കൊണ്ട് വന്നിട്ടു? അയാളിതുവരെ ഒരു റോസാപ്പൂപോലും പ്രണയപൂർവ്വം സെലീനാമ്മയ്ക്ക് നേരെ നീട്ടിയിട്ടില്ല. സെലീനാമ്മ റോസാപ്പൂ കൊടുത്തിട്ടുമില്ല. ഇനിയൊട്ടു പ്രതീക്ഷിക്കുന്നുമില്ല . കൊടുക്കാനൊട്ടു ഉദ്ദേശവുമില്ല. ഈ ജന്മം ഇങ്ങിനെ അങ്ങ് പോകട്ടെ എന്നും കരുതിയിരിക്കുമ്പോൾ ഒരു നഷ്ടബോധം പോലെ “പ്രണയം”….!

സെലീനാമ്മ കണ്ണാടിയിൽ നോക്കി, പ്രായം മുഖത്തൊക്കെ പടർന്നിരിക്കുന്നു. അയാളും സെലീനാമ്മയുടെ അരികിൽ ചേർന്നുനിന്നു. പ്രായം അയാളെയും പിടികൂടിയിരിക്കുന്നു. നാലായി മടക്കിയ ഒരു കടലാസ്സു കക്ഷണം അയാൾക്ക് നേരെ നീട്ടി. സെലീനാമ്മയുടെ ആദ്യത്തെ പ്രണയലേഖനം.

“എന്റെ ഏറ്റവും പ്രിയപ്പെട്ട ഈശോ അറിയാൻ,

മുക്കത്തൊക്കെ പ്രണയലേഖനം എഴുതാൻ സ്വന്തമായി ലിപി കണ്ടു പിടിച്ച പ്രണയജോഡികളുള്ള ഈ കാലത്ത്, ജീവിതത്തിൽ പ്രണയിക്കാൻ മറന്നുപോയ സെലീനാമ്മ എഴുതുന്ന കത്ത്.

ഭൂമിയിൽ ഇന്ന് പ്രണയദിനം കൊണ്ടാടുകയാണ്. പ്രണയങ്ങൾക്ക് വിവാഹത്തിലൂടെ വിശുദ്ധിപകർന്ന ഒരു വിശിഷ്ടപൌരോഹിത്യത്തിൻറെ നിഴലിൽ, ചൈനയിൽ ഉണ്ടാക്കിയ ചുവപ്പും പിങ്കും ഹൃദയങ്ങൾക്കും കരടിപാവകൾക്കും ബൊമ്മകുട്ടികൾക്കും ലോകം വിപണികണ്ടെത്തിയ ദിനം. പ്രായഭേദമന്യേ പ്രണയങ്ങൾ സമ്മാനങ്ങൾ തിരഞ്ഞു നെട്ടോട്ടമോടുന്ന ദിനം.

ഇതിനിടയിൽ ഈശോയ്ക്കു ഒരു പ്രണയലേഖനം എഴുതാൻ ഒരാൾ പറഞ്ഞപ്പോൾ, ചെറുപ്പത്തിൽ പ്രാര്ത്ഥനാവശ്യങ്ങൾ അങ്ങേ കുരിശടിയിൽ എഴുതിസമർപ്പിക്കുന്നത് ഓര്മ്മ വന്നു. എല്ലാപ്രാർത്ഥനകളും അങ്ങ് തീർച്ചയായും കേൾക്കും. എല്ലാത്തിനും ഉത്തരവും നല്കും. അങ്ങയുടെ ചില ഉത്തരങ്ങൾ “സാദ്ധ്യമല്ല , അത് ഭാവിയിൽ നിനക്ക് ദൂഷ്യം ചെയ്യും” എന്നായിരിക്കുമെന്ന് മനസ്സിലാക്കിയ നാളുകളിൽ എന്തെങ്കിലും കാര്യസാധ്യത്തിനായി മുട്ടിപ്പായുള്ള പ്രാർത്ഥനകളും നിലച്ചു പോയി.

ഈശോയെ, ജീവിതത്തിൽ സെലീനാമ്മയ്ക്ക് ഒരു പ്രണയലേഖനം എഴുതാൻ സാധിച്ചിട്ടില്ല. പ്രണയിക്കാനൊന്നും സമയം കിട്ടിയില്ല. ചെറുപ്പം മുതൽ വീട്ടുകാർ പറയുന്നത് കേട്ടു. പള്ളികൂടത്തിൽ പോയപ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധിച്ചു. പഠിത്തം കഴിഞ്ഞ് ഒരു ഒഴുക്കിൽ കല്യാണവും കഴിഞ്ഞു.

അയാളും ഞാനും തമ്മിൽ പ്രണയമുണ്ടോ എന്നറിയില്ല, പക്ഷേ അയാൾ അരികിൽ ഉള്ളത് വലിയ ആശ്വാസമാണ്, മനസ്സിനൊരു ബലവും താങ്ങും, പിരിയുന്നത് സഹിക്കാനുമാകില്ല. ചിലപ്പോഴൊക്കെ അയാളോട് നല്ല ദേഷ്യം തോന്നിയിട്ടുണ്ട്. ചിലപ്പോൾ ഒരുപാടു സ്നേഹവും. രണ്ടായാലും പുറമേ അധികം പ്രകടിപ്പിച്ചിട്ടില്ല. അങ്ങുന്ന്‌ യോജിപ്പിച്ചതല്ലേ എന്നും കരുതി സമാധാനിക്കും. എന്നിരുന്നാലും ചിലപ്പോഴൊക്കെ പൊട്ടിത്തെറിച്ചിട്ടുമുണ്ട്, മാപ്പാക്കണം.

ജീവിതത്തിന്റെ വേലിയേറ്റ വേലിയിറക്കങ്ങളും ചാകരകളും സുനാമികളും എല്ലാം താണ്ടിയപ്പോൾ, എപ്പോഴോ ഈശോയും സെലീനാമ്മയും രണ്ടല്ല ഒന്നാണെന്ന് തിരിച്ചറിഞ്ഞു. സെലീനാമ്മ തളരുമ്പോൾ ഉള്ളിലെ ഈശോ ശക്തി പകരും. ഓരോ ദിവസവും അങ്ങേ ദാനം എന്ന തിരിച്ചറിവിൽ, ഓരോ പ്രശ്നവും ഒരു ഭാണ്ഡത്തിൽ കെട്ടി അങ്ങേ കുരിശടിയിൽ സമർപ്പിക്കുമ്പോൾ മനസിന്റെ ഭാരങ്ങൾ ഇല്ലാതെയാകുന്നു. ജീവിതം തന്നെ പ്രാര്ത്ഥനയാകുന്നു. അങ്ങനെ ഉള്ളിലുള്ള ഈശോയ്ക്കു സെലീനാമ്മ എന്തെഴുതാൻ.

എല്ലാത്തിനും നന്ദി. ഈ നിമിഷത്തിനും ഈ ശ്വാസത്തിനും നന്ദി.”

എന്ന്

ഈശോയുടെ സ്വന്തം,

സെലീനാമ്മ വാലൻറയിൻ (ഒപ്പ്).

കത്തുവായിച്ചപ്പോൾ അയാൾ ചിരിച്ചു പോയി. പരീക്ഷ ജയിക്കാനും ജോലി കിട്ടാനുമൊക്കെ അയാളും ഈശോയ്ക്ക് തുണ്ട് കടലാസ്സിൽ എഴുത്തുകൾ എഴുതിയിട്ടുണ്ടത്രേ. കുറച്ചുനേരം രണ്ടാളും കണ്ണാടിയിൽ നോക്കിനിന്നു.

പ്രത്യേകതകളില്ലാത്ത ഒരു സാദാദാമ്പത്യം. അയാളും സെലീനാമ്മയെപ്പോലെ തന്നെ. പള്ളികൂടത്തിൽ പോയി, പഠിച്ചു, ജോലി വാങ്ങിച്ചു. വാദ്ധ്യാരായ അപ്പനെ പേടിച്ചു പെണ്ണുങ്ങൾ ഇരിക്കുന്നവശത്തേയ്ക്ക് പോലും നോക്കിയിട്ടില്ല. ചുരുക്കത്തിൽ രണ്ടാൾക്കും വിവാഹത്തിന് മുൻപ് പ്രണയിക്കാൻ സമയം കിട്ടിയില്ല.

അയാൾ അടുക്കളയിലെയ്ക്ക് പോയി, ഫ്രിഡ്ജിൽ നിന്നും ഒരു ചെറിയ ചോക്കലേറ്റ് കക്ഷണം എടുത്തു കൊണ്ടുവന്നു. രണ്ടായി ഒടിച്ചു. ഒരു കക്ഷണം സെലീനാമ്മയുടെ വായിൽ വച്ചു കൊടുത്താലോ എന്ന് ആലോചിച്ചു. പിന്നെ വേണ്ടെന്നുവച്ചു, കയ്യിൽ കൊടുത്തു. രണ്ടാളും കൂടി ചോക്കലേറ്റ് വായിലിട്ട് വീണ്ടും കണ്ണാടിയിൽ നോക്കി നിന്നു. കണ്ണാടിയിൽ സൂക്ഷിച്ചു നോക്കിയപ്പോൾ അവരുടെ മനസ്സിന് ഇപ്പോഴും മധുരപതിനേഴുപ്രായം. പക്ഷേ രണ്ടാളും ഇന്നും പ്രണയിച്ചിട്ടേയില്ല.

അല്ലെങ്കിൽ തന്നെ ഈ പ്രണയം എന്നൊക്കെ പറയുന്നത് ലോലഹൃദയർക്കുമാത്രം പറഞ്ഞിട്ടുള്ളതാണല്ലോ!

എ എസ് റീഡ്‌

You must be logged in to post a comment Login