പ്രതിസന്ധികളിലും അവഹേളനങ്ങളിലും കരുത്ത് പകര്‍ന്നത് പ്രാര്‍ത്ഥന: ഡോ. സിബി മാത്യൂസ് ഐപിഎസ്

പ്രതിസന്ധികളിലും അവഹേളനങ്ങളിലും കരുത്ത് പകര്‍ന്നത് പ്രാര്‍ത്ഥന:  ഡോ. സിബി മാത്യൂസ് ഐപിഎസ്

എന്റെ  ദൈവികാനുഭവത്തിന്റെ തുടക്കം മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നിന്നാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അത്. പനയക്കലച്ചനാണ് ഡയറക്ടര്‍. ഏതൊരു ധ്യാനത്തിന്റെയും തുടക്കത്തില്‍ പറയുന്നതുപോലെ അച്ചന്‍ അന്നും അവിടെ വച്ച് പറഞ്ഞു, സിഗററ്റും മദ്യവുമായി വന്നിട്ടുള്ളവരൊക്കെ അത് മുമ്പില്‍ വച്ചിരിക്കുന്ന ബാസ്‌ക്കറ്റില്‍ നിക്ഷേപിക്കണമെന്ന്..

പക്ഷേ ഞാന്‍ ആ വാക്കുകള്‍ അത്ര ഗൗരവത്തിലെടുത്തില്ല. പുകവലിയോട് അമിതമായ ആസക്തി ഉണ്ടായിരുന്നില്ലെങ്കിലും പുകവലിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നു ഞാന്‍. അതുകൊണ്ടാണ് ധ്യാനാവസരത്തിലും രാത്രികാലങ്ങളില്‍ ഞാന്‍ സിഗററ്റ് വലിച്ചത്.

രണ്ടു ദിവസവും ഞാന്‍ ഇപ്രകാരം സിഗററ്റ് വലിച്ചു. മൂന്നാം ദിവസവും പുകവലിച്ചപ്പോള്‍ ഭാര്യ പറഞ്ഞു,  ഇനിയും സിഗററ്റ് വലിക്കുന്നത് ശരിയല്ല. ഇങ്ങനെ അനുസരണക്കേട് കാണിച്ചുകൊണ്ട് ധ്യാനം കൂടുന്നതില്‍ വലിയ കാര്യമൊന്നുമില്ല. ഇങ്ങനെയാണെങ്കില്‍ ധ്യാനം കൂടേണ്ട ആവശ്യമില്ലായിരുന്നുവല്ലോ?

ആ നിമിഷം എന്നെ പരിശുദ്ധാത്മാവ് സ്പര്‍ശിച്ചതുപോലെ… വലിച്ചുകൊണ്ടിരുന്ന സിഗററ്റ് ജനാലയിലൂടെ പെട്ടെന്ന് ഞാന്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. പിറ്റേന്ന് മുതല്‍ ധ്യാനത്തില്‍ പങ്കെടുക്കുമ്പോള്‍ ഒരു പ്രത്യേക അനുഭവത്തില്‍ നിറയാന്‍ തുടങ്ങി. അതിന് ശേഷം ഇന്നുവരെ സിഗററ്റ് തൊട്ടിട്ടില്ല.

അന്ന് ധ്യാനത്തില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശമനുസരിച്ചാണ് പ്രഭാതത്തില്‍  പത്രവായനയ്ക്ക് മുമ്പ് വിശുദ്ധ ഗ്രന്ഥം വായിക്കുന്ന ശീലമാരംഭിച്ചത്. എത്ര തിരക്കുകള്‍ക്കിടയിലും ഇന്നും അതിന് മുടക്കം വരുത്തിയിട്ടില്ല. പുതിയ നിയമവും പഴയ നിയമവും കുറച്ചുനേരം വായിച്ചതിന് ശേഷം മാത്രമേ പത്രവായനയിലേക്ക് തിരിയൂ.

ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും നിര്‍ബന്ധമായും വിശുദ്ധ ബലിയില്‍ പങ്കെടുക്കാറുണ്ട്. അതുപോലെ സായാഹ്നങ്ങളിലെ ജപമാലപ്രാര്‍ത്ഥനയ്ക്കും മുടക്കം വരുത്തിയിട്ടില്ല. നവീകരണത്തിലേക്ക് വരുന്നതിന് മുമ്പ്  ഹിന്ദി സിനിമകളിലെ പാട്ടുകളാണ് യാത്രകളില്‍ കേട്ടുകൊണ്ടിരുന്നത്. ഇന്ന്  മധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്നു, ജപമാല ചൊല്ലുന്നു, ഭക്തിഗാനങ്ങള്‍ കേള്‍ക്കുന്നു.

പ്രാര്‍ത്ഥനക്കാരന്‍ എന്ന പേരില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരുപാട് പരിഹാസവും നിന്ദനവും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അച്ചന്മാരുടെ സ്വന്തം , പോട്ടക്കാരുടെ ആള്‍ എന്നെല്ലാമാണ് അത്തരക്കാര്‍ പരിഹസിക്കുന്നത്. ഇന്നും പനയ്ക്കലച്ചന്റെയും കൊച്ചുമാത്യുവച്ചന്റെയും ആത്മീയോപദേശം അനുസരിച്ച് തന്നെയാണ് മുന്നോട്ട് നീങ്ങുന്നത്.

അഴിമതിക്ക് കൂട്ടുനില്ക്കാത്തതുകൊണ്ടും കൈക്കൂലി വാങ്ങിക്കാത്തതുകൊണ്ടും ക്ലീന്‍  ഇമേജുമായാണ് അടുത്തകാലം വരെ  മുമ്പോട്ടു പോയിരുന്നത്.  പക്ഷേ ഇപ്പോള്‍ അതല്ല. കെട്ടിച്ചമച്ച ഒരുപാട് കുറ്റങ്ങള്‍ ഇന്ന് എന്റെ മേലുണ്ട്. ഏകദേശം 20 കേസുകള്‍. അതില്‍ അഞ്ചെണ്ണം ഇന്നും തീര്‍പ്പാകാനിരിക്കുന്നു. എങ്കിലും കോടതികള്‍ കയറിയിറങ്ങാന്‍ ദൈവം ഇതുവരെ അനുവദിച്ചിട്ടില്ല.

തിക്താനുഭവങ്ങള്‍ പോലും ദൈവത്തിന്റെ പ്രവൃത്തിയാണ് എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.പേരും പെരുമയും ലഭിച്ചപ്പോള്‍ ഉള്ളില്‍ അഹങ്കരിച്ചതിന്റെ ഫലമായിട്ടേ ഞാനിവയെ കാണുന്നുള്ളൂ. നമ്മെ രൂപാന്തരപ്പെടുത്താന്‍ ദൈവം അനുവദിക്കുന്നവയാണിവയെല്ലാം. അല്ലാതെ, തിന്മയായി കാണാന്‍ എന്നിലെ ആത്മീയത അനുവദിക്കുന്നില്ല.

അന്ന് ആദ്യമായി ഡിവൈനില്‍ ധ്യാനത്തിന് പങ്കെടുത്തപ്പോള്‍ എനിക്ക് കിട്ടിയ ബോധ്യം ഇന്നും എന്നെ നയിക്കുന്നു. നിനക്ക് എന്റെ കൃപ മതി. ജീവിതത്തില്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ കുറ്റാരോപണങ്ങളിലും എന്നെ ആശ്വസിപ്പിക്കുന്നത് ദൈവത്തിലുള്ള വിശ്വാസമാണ്..പ്രാര്‍ത്ഥനയിലുള്ള കരുത്താണ്.

നിത്യാരാധനയ്ക്ക് മുമ്പില്‍ മുട്ടുകുത്തി നില്ക്കുമ്പോള്‍ ഞാന്‍ മറ്റെല്ലാം മറക്കുന്നു..അതുതന്നെയാണ് എന്റെ ശക്തിയും..

( പോലീസ് സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിച്ച ഇദ്ദേഹം ഇപ്പോള്‍ വിവരാവകാശ കമ്മീഷന്‍ മുഖ്യ ചീഫായി സേവനം ചെയ്യുന്നു. തിരുവനന്തപുരത്ത് താമസം.)

You must be logged in to post a comment Login