പ്രതിസന്ധികളില്‍ തളരാതെ വിശ്വാസത്തില്‍ ആഴപ്പെടുക: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

പ്രതിസന്ധികളില്‍ തളരാതെ വിശ്വാസത്തില്‍ ആഴപ്പെടുക: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

ചെങ്ങളം: വിശ്വാസത്തിന് തീക്ഷണതയുണ്ടാകുന്നത് പരീക്ഷണങ്ങളെ നേരിടുമ്പോഴാണെന്നും, ഇത്തരത്തിലുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് വിശ്വാസത്തില്‍ ആഴപ്പെട്ട് കഴിയണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയത്തെ മുഖ്യ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് നടത്തിയ സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ക്രൈസ്തവ സഭ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്. വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് അതിനു കൂടുതല്‍ തീക്ഷ്ണത ഉണ്ടാകുന്നത്. പ്രതിസന്ധികളെ അതിജീവിക്കാന്‍ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കണം. വിശ്വാസങ്ങള്‍ക്കു മേലുള്ള പരീക്ഷണങ്ങള്‍ക്കു കൂടുതല്‍ വില കല്‍പ്പിക്കണം. യെമന്‍, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നമ്മുടെ സഹോദരങ്ങള്‍ വധിക്കപ്പെടുകയാണ്. ഫാ. ടോം ഉഴുന്നാലില്‍ എവിടെയാണെന്ന് പോലും അറിയില്ല’. പ്രസംഗത്തിനിടെ കര്‍ദ്ദിനാള്‍ പറഞ്ഞു.

‘ഒഡീഷയില്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. വിശ്വാസികളെ ചിതറിപ്പിച്ചു. കാടുകളിലും മറ്റുമാണ് അവര്‍ അഭയം തേടിയത്. ചില ഭരണാധികാരികളും അക്രമികള്‍ക്ക് പിന്തുണ നല്‍കി. ഇത്രയൊക്കെ പ്രതിസന്ധികളില്‍നിന്നു തിരിച്ചുവന്നിട്ടും അവരുടെ വിശ്വാസത്തിന് ഭംഗമുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login