പ്രഫ.പി.ടി. ചാക്കോ അല്മായര്‍ക്കും ദൈവശാസ്ത്രജ്ഞര്‍ക്കും മാതൃകാവ്യക്തിത്വം: മാര്‍ ആലഞ്ചേരി

പ്രഫ.പി.ടി. ചാക്കോ അല്മായര്‍ക്കും ദൈവശാസ്ത്രജ്ഞര്‍ക്കും മാതൃകാവ്യക്തിത്വം: മാര്‍ ആലഞ്ചേരി

cardinal 3 (2)കൊച്ചി: അല്മായര്‍ക്കും ദൈവശാസ്ത്രജ്ഞര്‍ക്കും മാതൃകയാക്കാവുന്ന മഹത് വ്യക്തിത്വമാണ് പ്രഫ.പി.ടി.ചാക്കോ (ലുവൈന്‍) എന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ദാര്‍ശിനിക സാഹിത്യകാരനും പ്രവാചകബോധ്യത്തോടെ കേരളത്തിന്റെ ധൈഷണിക മേഖലയില്‍ സര്‍ഗാത്മകമായി പോരാടിയ ദൈവശാസ്ത്ര പണ്ഡിതനുമായ പ്രഫ.പി.ടി. ചാക്കോ (ലുവൈന്‍) യുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അല്മായരും ദൈവശാസ്ത്ര മേഖലയില്‍ ശ്രദ്ധേയ ഇടപെടല്‍ നടത്തിയ ആദ്യവ്യക്തിയാണ് പി.ടി.ചാക്കോ. പഠിച്ച കാര്യങ്ങള്‍ എഴുത്തിലൂടെ മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചത് വിശ്വാസി സമൂഹത്തിന് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. പരന്ന വായനയുടെയും ദൈവശാസ്ത്രത്തിലെ ആഴമായ അറിവിന്റെയും വെളിച്ചത്തില്‍ അദ്ദേഹം രചിച്ച 30 ഓളം ഗ്രന്ഥങ്ങള്‍ വായനാലോകത്തിന് വലിയ മുതല്‍കൂട്ടാണ്. അടിയുറച്ച ദൈവവിശ്വാസിയും സഭാ സ്‌നേഹിയുമായിരുന്നു പ്രഫ.പി.ടി.ചാക്കോ. അദ്ദേഹത്തിന്റെ മരിയഭക്തി ഏവര്‍ക്കും മാതൃകയാണ്. കേരളസഭയ്ക്ക് എന്നും അഭിമാനിക്കാവുന്ന ഈടുറ്റ ഗ്രന്ഥങ്ങള്‍ സമ്മാനിച്ച വൈദീക ശ്രേഷ്ഠനാണ് പ്രഫ.പി.ടി.ചാക്കോ ഫൗണ്ടേഷന്റെ പ്രഥമപുരസ്‌കാരത്തിന് അര്‍ഹനായ റവ.ഡോ.ജോര്‍ജ് കുരുക്കൂരെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ പ്രഫ.പി.ടി. ചാക്കോ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ അവാര്‍ഡ് ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാപണ്ഡിതനും വിവര്‍ത്തന നിപുണനും ചരിത്രകാരനുമായ റവ.ഡോ. ജോര്‍ജ് കുരുക്കൂരിനു സമര്‍പ്പിച്ചു.
ഡോ. കുര്യാസ്് കുമ്പളക്കുഴി അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ക്രിസ്തീയതയും സാഹിത്യവും എന്ന പുസ്തകം ജസ്റ്റീസ് സിറിയക് ജോസഫിനു നല്‍കി കര്‍ദിനാള്‍ പ്രകാശനം ചെയ്തു.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, റവ.ഡോ. എ. അടപ്പൂര്‍, ഇംഗ്ലീഷ് സത്യദീപം ചീഫ് എഡിറ്റര്‍ റവ.ഡോ. പോള്‍ തേലക്കാട്ട്, റവ.ഡോ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍, റവ.ഡോ. പോള്‍ തേനായന്‍, റവ.ഡോ. ജോസ് തച്ചില്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടോം ജോസ്, ജനറല്‍ സെക്രട്ടറി സാബു ജോസ്, എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, ലില്ലി ചാക്കോ, ജോയ്‌സ് ജേക്കബ് കല്ലറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പിഒസി ചാപ്പലില്‍ നടന്ന അനുസ്മരണ പ്രാര്‍ഥനയ്ക്ക് റവ.ഡോ.സക്കറിയാസ് പറനിലം, ഫാ.ജോസഫ് കുഞ്ചരത്ത്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുഷ്പാര്‍ച്ചനയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

You must be logged in to post a comment Login