പ്രാര്‍ത്ഥനകള്‍ക്ക് നടുവില്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി

പ്രാര്‍ത്ഥനകള്‍ക്ക് നടുവില്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി

കോട്ടയം: പ്രാര്‍ഥനകളും സങ്കീര്‍ത്തന ആലാപനങ്ങളും ഉയര്‍ന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ പപ്പുവാ ന്യൂഗിനിയുടെ അപ്പസ്‌തോലിക് നുണ്‍ഷ്യോയും റസിയാരിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായി മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി. ക്‌നാനായ കത്തോലിക്കാ അതിരൂപതയുടെ ആസ്ഥാനമായ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.

ഈജിപ്തിലെ മുന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. മൈക്കിള്‍ ലൂയിസ് ഫിറ്റ്‌സ്‌ജെറാള്‍ഡും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌കരേനാസും സഹകാര്‍മികരായിരുന്നു.സഭാ തലവന്‍മാരും അപ്പസ്‌തോലിക് നണ്‍ഷ്യേച്ചറുകളില്‍ നിന്നുള്ള പ്രതിനിധികളും വിവിധ രൂപതാധ്യക്ഷന്‍മാരും ഉള്‍പ്പെടെ ആയിരക്കണക്കിനു വിശ്വാസികള്‍ കത്തീഡ്രലില്‍ പ്രാര്‍ഥനാനിര്‍ഭരരായി ഒത്തുചേര്‍ന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ച നിയമന ഉത്തരവ് ആര്‍ച്ച്ബിഷപ് മൈക്കിള്‍ ലൂയിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ചടങ്ങില്‍ വായിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് സാല്‍വത്തോറെ പെനാക്കിയോയുടെ അനുമോദന സന്ദേശം മോണ്‍. ഹെന്‍ട്രിക് ജഗോദ്‌സിന്‍സ്‌കി വായിച്ചു. അതിരൂപതാ ചാന്‍സലര്‍ റവ.ഡോ. തോമസ് കോട്ടൂര്‍ പരിഭാഷപ്പെടുത്തി.

സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബാനമധ്യേ വചനസന്ദേശം നല്‍കി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി.

You must be logged in to post a comment Login