പ്രാര്‍ത്ഥനയിലൂടെ മാര്‍പാപ്പ കരുത്തുകൊടുത്ത ഫാദര്‍ ഫ്രാന്‍സിസ്‌കോ റെന്‍കോറെറ്റ് മരണമടഞ്ഞു

പ്രാര്‍ത്ഥനയിലൂടെ മാര്‍പാപ്പ  കരുത്തുകൊടുത്ത ഫാദര്‍ ഫ്രാന്‍സിസ്‌കോ റെന്‍കോറെറ്റ് മരണമടഞ്ഞു

സാന്റിയാഗോ: ക്യാന്‍സറിനെ അതിജീവിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കരുത്തു പകര്‍ന്ന വൈദികന്‍  ഓഗസ്റ്റ് 13ന് മരണത്തിന് പിടികൊടുത്തു.

ദൈവത്തിന്റെ പുത്രന്‍. രോഗങ്ങളെ വിശ്വാസത്തോടെ സഹിച്ച് മരണംവരെ പൊരുതി നിന്നവന്‍. ഫാദര്‍ ഫ്രാന്‍സിസ്‌കോ റെന്‍കോറെറ്റ് എന്ന 35കാരനായ വൈദികനെക്കുറിച്ച് അറിയുന്നവരുടെ മനസ്സിലേക്ക് പെട്ടന്ന് ഓടിയെത്തുക ഇക്കാര്യങ്ങളാണ്.

2013ല്‍ വൈദികപട്ടം സ്വീകരിച്ച റെന്‍കോററ്റ് റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ കാനന്‍ നിയമം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്റെ ശരീരത്തില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടത്. പിന്നീട് തുടര്‍ ചികിത്സയ്ക്കായി അദ്ദേഹത്തിന് ചിലിയിലെ തന്റെ ഭവനത്തിലേക്ക് മടങ്ങി വരേണ്ടതായി വന്നു.

ഫാദര്‍ റെന്‍കോററ്റിന്റെ അസുഖത്തില്‍ കഴിഞ്ഞയാഴ്ച കണ്ട കാര്യമായ മാറ്റം അദ്ദേഹത്തെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടു വരുമെന്ന ആശ എല്ലാവരിലുമുണര്‍ത്തി. എന്നാല്‍ തലച്ചോറില്‍ പെട്ടന്ന് രൂപപ്പെട്ട രണ്ട് ട്യൂമറുകള്‍ അദ്ദേഹത്തിന്റെ ജീവന്‍ നീട്ടികൊടുത്തില്ല.

ചികിത്സയിലായിരുന്ന ഫാദര്‍ റെന്‍കോററ്റിന് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഫോണ്‍ കോള്‍ ലഭിച്ചു. അസുഖം മൂലം വലയുന്ന വൈദികന് വേണ്ടി പാപ്പ പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പറഞ്ഞു. അതു കൂടാതെ തന്റെ പ്രോത്സാഹനവും സഭയുടെ സ്‌നേഹവും വൈദികനെ പാപ്പ ഫോണിലൂടെ അറിയിച്ചു.

പാപ്പയുമായുള്ള സംഭാഷണം അവസാനിക്കുന്നതിന് മുന്‍പായി തന്റെ സഹനത്തിലെയൊരു ഭാഗം പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും സഹനങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പാപ്പയോട് പറഞ്ഞു.

മരണത്തിന്റെ അവസാന നിമിഷത്തില്‍ പോലും സമാധാനത്തിലാണ് വൈദികന്‍ കഴിഞ്ഞത്.
സെമിനാരിയില്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഫാദര്‍ മൗറീഷോ വാല്‍ഡീവിയ പറഞ്ഞു. തന്റെ കുടുംബാംഗങ്ങളെ സമാധാനിപ്പിച്ച് അവര്‍ക്ക് കരുത്തു പകര്‍ന്നാണ് ഫാദര്‍ റെന്‍കോററ്റ് മരണമടഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാദര്‍ റെന്‍കോററ്റിനു വേണ്ടിയുള്ള ജാഗരണപ്രാര്‍ത്ഥന ലാസ് കോണ്‍ഡെസിലെ സെന്റ് വിന്‍സെന്റ് ഇടവകയില്‍ നടത്തുമെന്ന് സാന്റിയാഗോ ആര്‍ച്ച് ബിഷപ്പ് അറിയിച്ചു.

You must be logged in to post a comment Login