പ്രാര്‍ത്ഥനയില്‍ ചാലിച്ച അന്നദാനങ്ങള്‍…

തിങ്കളാഴ്ച, സമയം ഉച്ചയ്ക്ക് പന്ത്രണ്ട് കഴിഞ്ഞു. തിരുവനന്തപുരം
മെഡിക്കല്‍ കോളേജിനു മുന്നില്‍ കുട്ടികളുടെ സര്‍ജിക്കല്‍ വാര്‍ഡിലെ അമ്മമാര്‍ നിരന്നു നിന്നു. ചിലരുടെ കയ്യില്‍ നിവര്‍ത്തിപിടിച്ചിരിക്കുന്ന പത്രക്കടലാസുകള്‍… മറ്റുചിലരുടെ കയ്യില്‍ പാത്രങ്ങള്‍… വാഹനങ്ങള്‍ വരുന്ന വഴിയിലേക്കായിരുന്നു എല്ലാവരുടേയും നോട്ടം…

അനേകം വാഹനങ്ങള്‍ക്കിടയിലൂടെ ആഷ് നിറത്തിലുള്ള ഒരു പഴയ ആള്‍ട്ടോ കാര്‍ വന്നു. വണ്ടി പാര്‍ക്ക് ചെയ്യുന്നതിനുമുമ്പേ അമ്മമാര്‍ വണ്ടിയുടെ സമീപത്തേക്ക് ഓടി. മെഡിക്കല്‍ കോളേജിനു സമീപത്തുണ്ടായിരുന്നവരുടെ മുഖത്ത് ആശങ്കയും ആഘാംഷയും പടര്‍ന്നു. എല്ലാവരും ഓടിക്കൂടാന്‍ മാത്രം ആ ആള്‍ട്ടോ കാറില്‍ ആരാണ്?

ആളുകള്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങി. ഡോറു തുറന്ന് ജോയ്ക്കുട്ടി ഇറങ്ങിയപ്പോള്‍ ദയനീയമായ് അമ്മമാര്‍ അദ്ദേഹത്തെ നോക്കി… ആ നോട്ടത്തില്‍ വലിയൊരു യാചനയുണ്ടായിരുന്നു, രോഗബാധിതരായി കിടക്കുന്ന തങ്ങളുടെ മക്കള്‍ക്ക് ഒരുനേരത്തെ ആഹാരത്തിനു വേണ്ടിയുള്ള യാചന… അമ്മമാര്‍ നീട്ടിയ പാത്രങ്ങളിലേക്ക് ജോയ്ക്കുട്ടി വിളമ്പി, ചോറും സാമ്പാറും തോരനും പപ്പടവും ഒപ്പം കുറച്ച് സ്‌നേഹവും കുറേയേറെ പ്രാര്‍ത്ഥനകളും…

അമ്മമാര്‍ സംതൃപ്തരായി, വിശന്നു കാത്തിരിക്കുന്ന മക്കളുടെ അടുക്കലേക്ക് പോയി… ജോയ്ക്കുട്ടി സ്‌നേഹവും പ്രാര്‍ത്ഥനയും നിറച്ച ബാക്കി ഭക്ഷണവുമായി പോയി, ക്യാന്‍സര്‍ വാര്‍ഡിലേക്ക്…

തിരുവന്തപുരം സിറ്റിയിലെ ഭിക്ഷാടകര്‍ക്കും മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ വാര്‍ഡിലെ രോഗികള്‍ക്കും കുട്ടകളുടെ സര്‍ജിക്കല്‍ വാര്‍ഡിലുള്ളവര്‍ക്കും മറ്റ് അനവധിയിടങ്ങളിലും ഇന്ന് ജോയ്ക്കുട്ടി അന്നദാതാവാണ്.

പന്ത്രണ്ട് വര്‍ഷം മുമ്പാണ് ജോയ്ക്കുട്ടി നിരാലംബരായവര്‍ക്ക് ഭക്ഷണം നല്കാന്‍ തിടങ്ങിയത്. ആദ്യകാലങ്ങളില്‍ സിറ്റിയില്‍ ഉണ്ടായിരുന്ന ഭിക്ഷാടകര്‍ക്കായിരുന്നു ഭക്ഷണം കൊടുത്തത്. അതും ആഴ്ചയില്‍ രണ്ട് ദിവസം.

പിന്നെ അഗതിമന്ദിരങ്ങളില്‍ കൊടുക്കാന്‍ തുടങ്ങി. പിന്നീടാണ് ആശുപത്രികളിലെ പാവപ്പെട്ട രോഗികള്‍ക്ക് ജോയ്ക്കുട്ടി ഭക്ഷണം നല്കിതുടങ്ങിയത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഭക്ഷണം നല്കുന്നത്. ആദ്യമൊക്കെ ഒറ്റയ്ക്കായിരുന്നു ജോയ്ക്കുട്ടിയുടെ സേവനം.

ഇപ്പോള്‍ കുടുംബത്തിന്റെ പിന്തുണയും കൂട്ടുകാരുടെ സഹകരണവും ഒപ്പമുണ്ട്. ഭാര്യ അക്കാമയും രണ്ട് മക്കളുമടങ്ങുന്നതാണ് ജോയ്ക്കുട്ടിയുടെ കുടുംബം. പാത്രം പോലുമില്ലാതെ കയ്യില്‍ പത്രക്കടലാസുമായി പോലും ഭക്ഷണത്തിനായ് ജോയ്ക്കുട്ടിയുടെ അടുക്കലെത്തുന്നവരുണ്ട്. ഇവര്‍ക്ക് ഭക്ഷണത്തോടൊപ്പം പാത്രങ്ങളും നല്കാറുണ്ട്.

ഇരുപതുവര്‍ഷമായി ജോയ്ക്കുട്ടി തിരുവന്തപുരത്ത് എത്തിയിട്ട്.  ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജിലെ ഓഫീസ് സ്റ്റാഫാണ്. അതോടൊപ്പം സണ്‍ഡേ ശാലോം സീനിയര്‍ റിപ്പോര്‍ട്ടറും ശാലോം റീജണല്‍ ഒര്‍ഗനൈസറുമാണ്.

ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം എന്ന സ്ഥലത്തായിരുന്നു ജോയ്ക്കുട്ടിയുടെ ജനനം. ചാവെയ്ത്തുകിഴക്കതില്‍ കിഴക്കതില്‍ കുടുംബത്തിലെ ഡാനിയലിന്റെയും അമ്മിണിയുടെയും മൂന്നു മക്കളില്‍ മൂത്തവന്‍. ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു ആ കുടുംബം. കുട്ടിക്കാലം മുതലെ പണത്തിന്റെയും ഭക്ഷണത്തിന്റെയും വില ജോയ്ക്കുട്ടി തിരിച്ചറിഞ്ഞിരുന്നു. ജീവിതത്തില്‍ വിശപ്പിന്റെ വേദനയും അനുഭവിച്ചറിഞ്ഞിട്ടുണ്ട് ഈ 52 കാരന്‍. സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെയാണ് സേവനപ്രവര്‍ത്തനങ്ങളിലേക്ക് ജോയ്ക്കുട്ടിയെ നയിക്കുന്നത്.

‘ജീവിതമാണ് സന്ദേശം’ എന്ന ഗാന്ധിജിയുടെ വാക്കുകള്‍ തന്റെ ജീവിതത്തിലും പ്രാവര്‍ത്തീകമാക്കാനാണ് ജോയ്ക്കുട്ടിയുടെ ആഗ്രഹം. സംഘടനകളുടേയോ സ്ഥാപനങ്ങളുടെയോ പിന്‍ബലം ജോയ്ക്കുട്ടിക്കില്ല.  പിന്‍സീറ്റ് നീക്കം ചെയ്ത ആള്‍ട്ടോ കാറിലാണ് ജോയ്ക്കുട്ടി ഭക്ഷണവുമായി പോകുന്നത്. തന്റെ സേവനങ്ങള്‍ വിപുലമാക്കണമെന്ന ആഗ്രഹം ഇദ്ദേഹത്തിനുണ്ടെങ്കിലും ലഭിക്കുന്ന സഹായങ്ങളും സഹകരണങ്ങളും കുറവാണ്.

ഭക്ഷണം നല്കുക മാത്രമല്ല ജോയ്ക്കുട്ടി ചെയ്യുന്ന സേവനങ്ങള്‍. നിര്‍ധനരായ ആറോളം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ദാരിദ്യത്തില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ക്ക് വസ്ത്രം, ഫര്‍ണിച്ചര്‍, തുടങ്ങിയ സാധനസാമഗ്രഹികളും ജോയ്ക്കുട്ടി എത്തിച്ചുകൊടുക്കാറുണ്ട്.

അനേകായിരങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ എന്താണ് ഉള്ളിലുള്ളത് എന്ന് ചോദിച്ചാല്‍ ജോയ്ക്കുട്ടിക്ക് പറയാനുള്ളത് ഇത്രമാത്രം ‘താന്‍ നല്കുന്ന ഭക്ഷണത്തിലൂടെ സൗഖ്യം ലഭിക്കണം എന്ന പ്രാര്‍ത്ഥന.’
ജോയ്ക്കുട്ടി – 9497016956

 

ലെമി

You must be logged in to post a comment Login