പ്രാര്‍ത്ഥന കാര്യസാദ്ധ്യത്തിനു വേണ്ടിയാകരുത്: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: പ്രാര്‍ത്ഥന നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പ്രാര്‍ത്ഥിക്കുന്നവന്റെ ഹൃദയം ഒരിക്കലും കഠിനമാകുകയില്ലെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സാന്റ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെയായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം.

വിശ്വാസികളുടെ പ്രാര്‍ത്ഥനയാണ് സഭയില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. മാര്‍പാപ്പയോ മെത്രാന്‍മാരോ വൈദികരോ ഒന്നുമല്ല സഭയെ താങ്ങിനിര്‍ത്തുന്നത്. നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥനകളാണ്, അദ്ദേഹം പറഞ്ഞു.

പ്രാര്‍ത്ഥനകള്‍ വഴി സഭക്ക് കൂടുതല്‍ കരുത്തു പകര്‍ന്ന വിശുദ്ധരെ ഫ്രാന്‍സിസ് പാപ്പ പ്രത്യേകം അനുസ്മരിച്ചു. വിശുദ്ധ മോനിക്ക, വിശുദ്ധ അഗസ്റ്റിന്‍, എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചുകൊണ്ട് മോനിക്കാ പുണ്യവതിയുടെ പ്രാര്‍ത്ഥനയാണ് വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരത്തിനു കാരണമായതെന്ന് മാര്‍പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വൃദ്ധയും വന്ദ്യയുമായിരുന്ന ഹന്നായെപ്പോലെ ഉറച്ച വിശ്വാസമുള്ളവരായിരിക്കണം നമ്മളെന്നും മാര്‍പാപ്പ പറഞ്ഞു.

ക്രിസ്തുവിനെപ്പോലെ പിതാവിന്റെ ഇഷ്ടം നിറവേറാനാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. നമ്മുടെ പ്രാര്‍ത്ഥനകള്‍ പലപ്പോഴും കാര്യസാദ്ധ്യത്തിനു വേണ്ടി മാത്രമാകുന്നു. അത്തരം പ്രാര്‍ത്ഥനാ വേളകളില്‍ സവിശേഷമായ ദൈവാനുഭവം നമുക്കുണ്ടാകുകയില്ല. വിശുദ്ധരെപ്പോലെ ഒരു ദൈവികാനുഭവം പ്രാര്‍ത്ഥനാവേളകളില്‍ നമുക്കുണ്ടാകട്ടെ, ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login