പ്രാര്‍ത്ഥന വിജയിച്ചു, സാത്താന്‍ തോറ്റു

പ്രാര്‍ത്ഥന വിജയിച്ചു, സാത്താന്‍ തോറ്റു

ഫീനിക്‌സ്: ഫീനിക്‌സ് നഗരസഭാംഗങ്ങള്‍ പ്രാര്‍ത്ഥന തുടരും, ഉച്ചത്തില്‍ തന്നെ. വര്‍ഷങ്ങളായി പ്രാര്‍ത്ഥനയോടെ തുടങ്ങിയിരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിലവിലുള്ള രീതി മാറ്റി ഒരു മിനിറ്റു നേരത്തെ നിശബ്ദത ആചരിച്ചാല്‍ മതിയെന്ന തീരുമാനമാണ് ഏഴിനെതിരെ രണ്ടു വോട്ടിന് പരാജയപ്പെട്ടത്.

പ്രാര്‍ത്ഥന തുടരണമെന്ന് ശക്തമായി വാദിച്ചിരുന്ന കൗണ്‍സിലര്‍ സാല്‍ ഡിക്കീഷ്യോ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് ഫീനിക്‌സ് നഗരത്തിന്റെ തന്നെ വിജയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസം ഇതേ പ്രശ്‌നം വോട്ടിനിട്ടപ്പോള്‍ പ്രാര്‍ത്ഥനക്കു പകരം നിശബ്ദത മതി എന്ന എന്ന തീരുമാനം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാസ്സാക്കിയിരുന്നു. സാത്താന്‍ സേവാ സംഘത്തില്‍ പെട്ട കൗണ്‍സിലംഗം സാത്താന്‍ പ്രാര്‍ത്ഥന നടത്താനിടയുണ്ട് എന്ന അഭ്യൂഹം പ്രചരിച്ചതിനാലാണ് കൂടുതലംഗങ്ങളും പ്രാര്‍ത്ഥന നിര്‍ത്തണമെന്നാവശ്യപ്പെട്ട് വോട്ടു ചെയ്തത്.

സാത്താന്‍ സേവക്കാരുടെ ഉദ്ദേശ്യം പ്രാര്‍ത്ഥന നിര്‍ത്തുക എന്നതു മാത്രമായിരുന്നെന്ന് ഡിക്കീഷ്യോ അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥിക്കുക എന്നത് ഇപ്പോള്‍ ഒരു നിയമമായിരിക്കുകയാണെന്നും അത് ആര്‍ക്കും തിരുത്താന്‍ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിയമം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login