പ്രൊട്ടസ്റ്റന്റുവിശ്വാസി ഏക്മാന്‍ കത്തോലിക്കവിശ്വാസിയായപ്പോള്‍

പ്രൊട്ടസ്റ്റന്റുവിശ്വാസി ഏക്മാന്‍ കത്തോലിക്കവിശ്വാസിയായപ്പോള്‍

സ്വീഡനിലെ പ്രമുഖ പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗമായ വേര്‍ഡ് ഓഫ് ലൈഫ് തലവന്‍ ഏക്മാന്‍ 2013 മാര്‍ച്ച് 9 ലെ ഒരു ഞായറാഴ്ച പ്രാര്‍ത്ഥനാശുശ്രൂഷ അവസാനിപ്പിച്ചതിന് ശേഷം വിശ്വാസികളോടായി ഇങ്ങനെ പറഞ്ഞു:

പ്രിയപ്പെട്ടവരേ ഞാനും  ഭാര്യ ബ്രജീത്തയും കത്തോലിക്കാസഭയിലെ അംഗങ്ങളാകാന്‍ പോകുന്നു.

വിശ്വാസികളില്‍ ഭൂരിഭാഗത്തെയും ആ പ്രഖ്യാപനം ഞെട്ടിച്ചുകളഞ്ഞു. അപൂര്‍വ്വം ചിലര്‍ ആ പ്രഖ്യാപനത്തില്‍ ഞടുങ്ങിയില്ല. കാരണം അത്തരമൊരു മാറ്റത്തെക്കുറിച്ച് അവര്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഏക്മാനെ വര്‍ഷങ്ങളായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവരായിരുന്നു അവര്‍.

അദ്ദേഹത്തിന്റെ കത്തോലിക്കാസഭാപ്രബോധനങ്ങളിലേക്കുള്ള ചായ് വും പ്രതിപത്തിയും അവര്‍ മനസ്സിലാക്കിയിട്ടുമുണ്ടായിരുന്നു. തങ്ങളുടെ ഇത്തരത്തിലുള്ള മാറ്റത്തിന്റെ കാരണങ്ങളെക്കുറിച്ച് പിന്നീട് മിനിസ്ട്രിയുടെ വെബ്‌സൈറ്റില്‍ ഏക് മാന്‍ വിശദീകരിക്കുകയുണ്ടായി.

തന്നെയും ബ്രിജീത്തയും സംബന്ധിച്ച് ഈ മാറ്റം വളരെ സാവധാനത്തിലുള്ള ഒന്നായിരുന്നുവെന്നും പുതിയ കാര്യങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളും ആ കണ്ടെത്തലുകളെക്കുറിച്ചുള്ള ആഭിമുഖ്യവുമാണ് ഇതിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം അതില്‍ വിശദീകരിച്ചു. കൂടാതെ തങ്ങളുടെ സഭയിലില്ലാത്തതും എന്നാല്‍ കത്തോലിക്കാ സഭയില്‍ മാത്രം ഉള്ളതുമായ അനിതരസാധാരണമായ സവിശേഷതകളെ തുറന്നുപറയുവാനും ഏക്മാന്‍ സന്നദ്ധനായി.

അദ്ദേഹം കത്തോലിക്കാസഭയില്‍ കണ്ടെത്തിയ പ്രത്യേകതകള്‍ ഇവയാണ്.

1 ക്രിസ്തുവിനോടുള്ള അപാരമായ സ്‌നേഹവും ബൈബിളിന്റെ അടിത്തറയുള്ള ദൈവശാസ്ത്രവും.

2 കൗദാശികജീവിതത്തിന്റെ സമൃദ്ധി.

3 തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന് ഏറ്റവും ശക്തമായ അടിത്തറയുള്ള പൗരോഹിത്യം.

4 പൊതു അഭിപ്രായങ്ങളോടുള്ള മൂല്യാധിഷ്ഠിതവും ധാര്‍മ്മികവുമായ ശക്തി.

5 ദരിദ്രരോടും ബലഹീനരോടുമുള്ള പക്ഷം ചേരല്‍.6 കോടിക്കണക്കിനുള്ള കത്തോലിക്കരുടെ ജീവിക്കുന്ന വിശ്വാസം.

വേര്‍ഡ് ഓഫ് ലൈഫില്‍ നിന്ന് രാജിവയ്ച്ചുകൊണ്ടുള്ള ഏക്മാന്റെ കത്തിന്റെ പൂര്‍ണ്ണരൂപം സ്വീഡനിലെ കരിഷ്മ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഏക്മാന്‍ ഒരു പരസ്യകുമ്പസാരം എന്ന രീതിയില്‍ കത്തോലിക്കാസഭയെക്കുറിച്ച് താന്‍ പുലര്‍ത്തിപ്പോന്നിരുന്ന അബദ്ധധാരണകളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഞാനെത്രയോ തുച്ഛമായാണ് കത്തോലിക്കരെയും അവരുടെ വിശ്വാസങ്ങളെയും മനസ്സിലാക്കിയിരുന്നത്. അവര്‍ യഥാര്‍ത്ഥത്തില്‍ എന്തിലാണ് വിശ്വസിക്കുന്നതെന്ന് മനസ്സിലാക്കാതെ അന്ധമായ മുന്‍വിധികള്‍ കൊണ്ടും തെറ്റായ മനോഭാവം കൊണ്ടും എത്ര പെട്ടെന്നാണ് ഞാന്‍ അവരെ അന്ധമായി വിധിയെഴുതിയിട്ടുള്ളത്.

ആകര്‍ഷണീയവും വെല്ലുവിളിയുണര്‍ത്തുന്നതുമായ മാറ്റമാണ് തങ്ങളുടേതെന്നും ഏക്മാന്‍ പറയുന്നു.കത്തോലിക്കരെ പ്രൊട്ടസ്റ്റന്റുകാര്‍ വിമര്‍ശിക്കുന്ന പല കാര്യങ്ങളും അടിസ്ഥാനമില്ലാത്തവയാണെന്നും അദ്ദേഹം ഏറ്റുപറയുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ പ്രൊട്ടസ്റ്റന്റ് മുന്‍വിധികളെ വെല്ലുവിളിക്കുന്നവയാണ്. കത്തോലിക്കാവിശ്വാസത്തെ കൂടുതലായി പ്രൊട്ടസ്റ്റന്റുകാര്‍ അറിയേണ്ടതുണ്ട്. ഈ ബോധ്യമാണ് കത്തോലിക്കാസഭയുമായി കൂട്ടായ്മയിലാകുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.

കടന്നുവന്ന വിശ്വാസജീവിതത്തില്‍ നിന്നുള്ള ഈ മാറിനടക്കലിനെ വ്യക്തിപരമായ യാത്ര എന്നാണ് ഏക്മാന്‍ വിശേഷിപ്പിച്ചത്.

1950 ഡിസംബര്‍ എട്ടിന് ഗോഥന്‍ബെര്‍ഗിലാണ് ഏക്മാന്‍ ജനിച്ചത്. യൗവനകാലത്ത് സ്വീഡീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗമായിരുന്നു അദ്ദേഹം. 1970 കാലഘട്ടത്തിലാണ് ക്രൈസ്തവവിശ്വാസത്തിലേക്ക് അദ്ദേഹം ആകൃഷ്ടനായത്.

യുപ്പ്‌സാലാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രവും തിയോളജിയും പഠിച്ച അദ്ദേഹം 1979 ല്‍ സ്വീഡീഷ് ലൂഥറന്‍ സഭയില്‍ മിനിസ്റ്ററായി അഭിഷിക്തനായി. അമേരിക്കയിലെ ഒക് ലഹോമയിലെ റെഹ്മാ ബൈബിള്‍ ട്രെയിനിങ്ങ് സെന്ററില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി തിരികെയെത്തിയ അദ്ദേഹം 1983 ല്‍ വേര്‍ഡ് ഓഫ് ലൈഫ് സ്ഥാപിച്ചു.

ഈ സഭയില്‍ നിന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക്- ബംഗ്ലാദേശ്, റഷ്യ, യുക്രൈന്‍, അര്‍മേനിയ, താജിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, അല്‍ബേനിയ, ഇസ്രേല്‍, ഇന്ത്യ- അനേകം മിഷനറിമാരെ ക്രൈസ്തവസന്ദേശവുമായി അയ്ക്കുവാന്‍ ഇക്കാലയളവില്‍ ഏക്മാന് കഴിഞ്ഞിട്ടുണ്ട്. ഏറെ പ്രശസ്തമായ യൂറോപ്പ് കോണ്‍ഫ്രന്‍സിന് ആതിഥേയത്വം അരുളുവാനും വേര്‍ഡ് ഓഫ് ലൈഫിന് കഴിഞ്ഞിട്ടുണ്ട്.

വേര്‍ഡ് ഓഫ് ലൈഫില്‍ മൂവായിരത്തോളം അംഗങ്ങളും 12 പാസ്റ്റര്‍മാരും ഉള്ളപ്പോഴായിരുന്നു ഏക്മാന്റെ പിന്മാറ്റം. സ്‌കാന്‍ഡിനേവിയായിലെ ഏറ്റവും വലിയ ബൈബിള്‍ സ്‌കൂളിന്റെ സ്ഥാപകനും ഇദ്ദേഹമാണ്. എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ക്രിസ്തുവിന്റെ സന്ദേശമെത്തിക്കാന്‍ ടിവി മാധ്യമങ്ങളെയും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. അറുപത് ഭാഷകളിലായി ഏക്മാന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാല് ആണ്‍മക്കളാണ് ഏക്മാന്‍- ബ്രജീത്ത ദമ്പതിമാര്‍ക്കുള്ളത്. ആരോണ്‍, ജോനാഥന്‍, സാമുവല്‍, ബെഞ്ചമിന്‍.

അറുപത് ഭാഷകളില്‍ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള ഏക്മാന്‍ ഇപ്പോള്‍ പറയുന്നത് താന്‍ ഇതേ വരെ വായിച്ചിട്ടുള്ളതില്‍ വച്ചേറ്റവും മികച്ച കൃതി കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ആണെന്നാണ്.

തന്റെ മതപ്പരിവര്‍ത്തനത്തെ വിശദീകരിക്കാന്‍ മൂന്നു പദങ്ങളാണ് ഏക്മാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അഥോറിറ്റി, സാക്രമെന്റ്‌സ്, യൂണിറ്റി..ക്രിസ്തുതന്നെയാണ് എന്നെ കത്തോലിക്കാസഭയിലേക്ക് നയിച്ചത്..ഏക്മാന്‍ ഉറച്ചുവിശ്വസിക്കുന്നു.

പ്രമുഖ ധ്യാനപ്രഭാഷകന്‍ കന്തലാമസെയുമായുള്ള കണ്ടുമുട്ടലാണ് ഏക്മാന്റെ ജീവിതത്തെ മാറ്റിമറിച്ചത്. 2007 മുതല്‍ ഏക്മാന്‍ കത്തോലിക്കാ ആഭിമുഖ്യം പുലര്‍ത്തിതുടങ്ങിയിരുന്നുവെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു. മുപ്പതുവര്‍ഷത്തോളമായി താന്‍ നട്ടുനനച്ചുവളര്‍ത്തിയ ഒരു പ്രസ്ഥാനത്തെയും അതിന്റെ ആശയങ്ങളെയും കൈയൊഴിഞ്ഞ് ആഴമേറിയ ഒരു വിശ്വാസത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ആ വിശ്വാസം അയാളെ എത്രമാത്രം ആകര്‍ഷിച്ചിരിക്കണം, ബലപ്പെടുത്തിയിരിക്കണം!

അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ വിവരിച്ചിരിക്കുന്നതുപോലെയുള്ള ആദിമക്രൈസ്തവചൈതന്യത്തിലേക്ക് എല്ലാ ക്രിസ്ത്യാനികളും മടങ്ങണമെന്നും ഒരൊറ്റ സഭയായിത്തീരണമെന്നുമാണ് ഏക്മാന്റെ ആഗ്രഹം.

 

ബിജു

You must be logged in to post a comment Login