പൗലോ കൊയ്‌ലോയുടെ ആത്മീയവഴികള്‍

പൗലോ കൊയ്‌ലോയുടെ ആത്മീയവഴികള്‍

o-PAULO-COELHO-HEALTH-SCARE-facebookമലയാളികള്‍ക്ക് പോലും ഏറെ സുപരിചിതനായ ബ്രസീലിയന്‍ എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. വഴിതെറ്റലും വ്യഥകളും ആകുലതകളും ഒക്കെ നിറഞ്ഞ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ജീവിതത്തിന്റ പല വഴികളിലൂടെ കൊയ്‌ലോ സഞ്ചരിച്ചു. അപഭ്രംശം സംഭവിച്ചവന്റെയുംഅവധൂതന്റെയും അലസന്റെയും അരാജകവാദിയുടെയും മാനസികശൈഥില്യം സംഭവിച്ചവന്റെയും എല്ലാം വിവിധ രൂപങ്ങള്‍. സന്മാര്‍ഗ്ഗികതയുടെയും ദൈവവിശ്വാസത്തിന്റെയും പാത വെടിഞ്ഞ് സാത്താന്‍ ആരാധകനായിത്തീര്‍ന്ന അവസരങ്ങളും കൊയ്‌ലോയുടെ ജീവിതത്തിലുണ്ട്.
മരണവുമായി മുഖാമുഖം കണ്ടുകൊണ്ടാണ് കൊയ്‌ലോ ജനിച്ചുവീണത് തന്നെ. ചവണ കൊണ്ട് ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു അദ്ദേഹത്തെ. എന്തുകൊണ്ടോ ഏറെ നേരം കഴിഞ്ഞാണ് കുഞ്ഞ് ഭൂമിയെ നോക്കി കരഞ്ഞുതുടങ്ങിയത്. സങ്കീര്‍ണ്ണമായ ഇത്തരം അനുഭവത്തില്‍ നിന്നു ജനിച്ചതായതുകൊണ്ട് നേഴ്‌സുമാര്‍ ആ കുഞ്ഞിനെ വിളിച്ചത് മരിച്ചു ജനിച്ച കുട്ടിയെന്നായിരുന്നു.

ഈശോസഭാ വൈദികര്‍ നടത്തുന്ന സ്‌കൂളിലായിരുന്നു പൗലോയുടെ വിദ്യാഭ്യാസം. അന്നുമുതല്‍ക്കേ എഴുത്ത് അവന്റെ മനസ്സില്‍ പീലിവിടര്‍ത്തിയാടുന്ന മയിലായി.
എന്നാല്‍ മകന്റെ ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കാന്‍ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. അസ്വഭാവികമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്തുകൊണ്ടിരുന്ന മകന് മാനസികരോഗമാണെന്ന് കരുതി അവനെ ചിത്തരോഗാശുപത്രിയിലാക്കുകയാണ് അവര്‍ ചെയ്തത്. അതും മൂന്നുതവണ. ആദ്യമായി അങ്ങനെ ചിത്തരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ പൗലോകൊയ്‌ലോയ്ക്ക് പതിനാറ് വയസായിരുന്നു പ്രായം.നാലുവര്‍ഷമായിരുന്നു അവിടത്തെകാലാവധി. അതിനിടയില്‍ ഇടയ്‌ക്കെപ്പോഴോ രക്ഷപ്പെടാനുള്ള വിഫലശ്രമങ്ങള്‍.. അന്തര്‍മുഖത്വം പൗലോയുടെജീവിതത്തെ ആഴപ്പെടുത്തിത്തുടങ്ങിയത് അങ്ങനെയാണ്. ചിത്തരോഗാശുപത്രിയില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ മാതാപിതാക്കളെ അനുസരിക്കുക മാത്രമേ കരണീയമായിട്ടുള്ളൂ എന്ന് പൗലോ കൊയ്‌ലോയ്ക്ക് മനസ്സിലായി. ആ തിരിച്ചറിവില്‍ അവര്‍ പറയുന്നത് അനുസരിക്കാമെന്ന് പ്രഖ്യാപിച്ച് അവന്‍ മനോരോഗാശുപത്രിയില്‍ നിന്ന് പുറത്തുവന്നു. പിന്നെ മാതാപിതാക്കളുടെ ആഗ്രഹമനുസരിച്ച് നിയമപഠനത്തിന് ചേര്‍ന്നു..ഒരു വര്‍ഷത്തെ ആയുസേ നിയമപഠനത്തിനുണ്ടായിരുന്നുള്ളൂ. അപ്പോഴേയ്ക്കും ഹിപ്പിജീവിതത്തിന്റെ തരംഗത്തിലേക്ക് അവന്‍ ആകര്‍ഷിതനായി. പിന്നെ ഒരു യാത്രയായിരുന്നു, ലക്ഷ്യമില്ലാത്തതും എവിടെയെങ്കിലും എത്തിച്ചേരുമെന്ന് ഉറപ്പില്ലാത്തതുമായ ഒരു യാത്ര.തെക്കേ അമേരിക്ക, വടക്കേഅമേരിക്ക, മെക്‌സിക്കോ, യൂറോപ്പ്.. മയക്കുമരുന്നു സംസ്‌കാരത്തിന്റെ ഉറവിടകാലം കൂടിയായിരുന്നു അറുപതുകള്‍. ഫലമോ അനന്തമായ ആ യാത്രകള്‍ക്ക് ചങ്ങാതിയായി മയക്കുമരുന്നുകളും കൂട്ടുവന്നു. ദിവസങ്ങള്‍ കടന്നുപോയതോ മാസങ്ങള്‍ പിറവിയെടുത്തതോ അറിയാതെയുള്ള വര്‍ഷങ്ങള്‍…. നീണ്ട അലച്ചിലുകള്‍ക്കൊടുവില്‍ ഒരുനാള്‍ പൗലോ കൊയ്‌ലോ ബ്രസീലില്‍ തിരിച്ചെത്തി. പക്ഷേ ആ മടങ്ങിവരവ് മറ്റൊരു അപജയത്തിലേക്കാണ് നയിച്ചത്. അക്കാലത്തെ പ്രശസ്ത റോക്ക്ഗായകരായ എലീസ് റെജീന, റീത്തലി, റൗള്‍ സെക്‌സാസ് തുടങ്ങിയവര്‍ക്കുവേണ്ടി പാട്ടുകളെഴുതുവാനുള്ള അവസരം ഒത്തുവന്നതാണ് അതിന് നിമിത്തമായത്. റൗള്‍ സാത്താന്‍ ആരാധകനായിരുന്നതിനാല്‍ സ്വഭാവികമായും കൊയ്‌ലോയും ആ വഴിയെ നയിക്കപ്പെട്ടു. ഫലമോ അദ്ദേഹം തികഞ്ഞ സാത്താന്‍ വിശ്വാസിയായി.
ജീവിതത്തില്‍ അസ്വസ്ഥത നിറയുന്നത് അദ്ദേഹമറിഞ്ഞു. ആഗ്രഹിച്ചജീവിതം ലഭിക്കുന്നില്ല. അതെവിടെയായിരിക്കും? ആ അസ്വസ്ഥത ഒരു യാത്രയിലേക്ക് അദ്ദേഹത്തെ നയിച്ചു.

വര്‍ഷം 1986. ബ്രസീലില്‍ നിന്ന് സ്‌പെയ്‌നിലെ സെന്റ് ജെയിംസ് ദേവാലയംവരെ അഞ്ഞൂറ് മൈല്‍ ദൂരം കാല്‍നടയായി യാത്രപോകാന്‍ കൊയ്‌ലോ തീരുമാനിച്ചു. ആ യാത്രയ്ക്കിടയില്‍ അത്ഭുതകരമായിട്ടെന്തോ ഒന്ന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ചു. സ്പിരിച്വല്‍ അവേക്കനിങ്ങ് എന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു ആ അനുഭവത്തെ. ആ യാത്രകഴിഞ്ഞ് മടങ്ങിയെത്തി പൗലോ കൊയ്‌ലോ എഴുതിതുടങ്ങി.പില്‍ഗ്രിമേജ് ആയിരുന്നു ആ കൃതി. അതിനും മുമ്പ് രണ്ടോ മൂന്നോ കൃതികള്‍ എഴുതിയിരുന്നുവെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പില്‍ഗ്രിമേജിന്റെ അവസ്ഥയും മറ്റൊന്നായില്ല. എന്നാല്‍ അതില്‍ മനസ്സ് മടുക്കാതെ അദ്ദേഹം അടുത്ത നോവലെഴുതിതുടങ്ങി. 1988ല്‍ ആല്‍ക്കെമിസ്റ്റ്. പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതിയ ആ കൃതി ബ്രസീലിലെ ഒരു ചെറുകിട പ്രസാധനശാലയില്‍ നിന്ന് ആദ്യം 900 കോപ്പികളാണ് പുറത്തിറങ്ങിയത്. എന്നാല്‍ അതുപോലും വിറ്റഴിക്കപ്പെട്ടില്ല. ആദ്യ പതിപ്പ് വിറ്റുതീരാതിരുന്നതുകൊണ്ട് രണ്ടാം പതിപ്പും സ്വഭാവികമായി ഇറങ്ങിയില്ല. എന്നാല്‍ ഇതിലൊന്നും മനസ്സ് മടുക്കാതെ കൊയ്‌ലോഅടുത്ത രചനയില്‍ മുഴുകി. ബ്രിദ എന്നായിരുന്നു പേര്.
എന്നാല്‍ ഇതിനപ്പുറം മറ്റൊന്ന്‌സംഭവിക്കുന്നുണ്ടായിരുന്നു. ആല്‍ക്കെമിസ്റ്റ് പതുക്കെപ്പതുക്കെ ആളുകള്‍ സ്വീകരിച്ചുതുടങ്ങിയിരുന്നു. കേട്ടറിഞ്ഞവര്‍ അതിനെ തേടിയെത്തിത്തുടങ്ങി. പിന്നെയുള്ളത് ചരിത്രം. ലോകചരിത്രത്തില്‍ മറ്റൊരു ഗ്രന്ഥത്തിനും ഉണ്ടായിട്ടില്ലാത്തവിധമാണ് ആല്‍ക്കെമിസ്റ്റിന് പ്രചാരമുണ്ടായത്. ഇതിനകം അറുപത്തിയഞ്ച് ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. രചയിതാവ് ജീവിച്ചിരിക്കമ്പോള്‍ തന്നെ ഏറ്റവുമധികം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട കൃതികളുടെ കര്‍ത്താവ് എന്ന ഖ്യാതിയും പൗലോ കൊയ്‌ലോയ്ക്ക് മാത്രം സ്വന്തം.റോമന്‍ കത്തോലിക്കാവിശ്വാസിയാണ് പൗലോ കൊയ്‌ലോ. ഭാര്യ ക്രിസ്റ്റീന. തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്ന വ്യക്തികൂടിയാണ് പൗലോ കൊയ്‌ലോ. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും പുതിയ കൃതിയുടെ രചനയില്‍ അദ്ദേഹം മുഴുകാറുണ്ട്.

You must be logged in to post a comment Login