ഫാത്തിമ മാതാവും ജപമാലയും

ഫാത്തിമ മാതാവും ജപമാലയും

MaurFatima1917 മെയ് മാസത്തിലെ ഒരു ഞായറാഴ്ച… ലോകം ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതികളനുഭവിച്ചു കൊണ്ടിരുന്ന സമയം.. പ്രതീക്ഷയറ്റ ജനങ്ങള്‍ അത്യന്തം ദു:ഖിതരും തീവ്രദുരിതത്തിലകപ്പെട്ടവരുമായിരുന്നു.

പോര്‍ച്ചുഗലിലെ ലൂസിയ, ഫ്രാന്‍സിസ്‌കോ, ജസീന്ത എന്നീ കുട്ടികള്‍ തങ്ങളുടെ ആടുകളെ മേയ്ച്ചു കൊണ്ടിരിക്കുന്നതിനിടെ പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് ഇടിമുഴക്കത്തോടു കൂടിയ വലിയ പ്രകാശം അവര്‍ കണ്ടു. ഇടിമിന്നലായിരിക്കുമെന്നാണ് അവര്‍ ആദ്യം കരുതിയത്. നോക്കിയപ്പോള്‍ ആകാശത്ത് കാര്‍മേഘങ്ങള്‍ പോലുമില്ലായിരുന്നു. എന്താണെന്നറിയാനുള്ള ആകാംക്ഷയില്‍ സൂക്ഷിച്ചു നോക്കിയപ്പോളാണ് അവരതു കണ്ടത്. വെള്ള വസ്ത്രം ധരിച്ച്, പ്രകാശം തൂകി നില്‍ക്കുന്ന ഒരു സ്ത്രീ. അത്ഭുതമൂറി നിന്നിരുന്ന അവരോട് താനാരാണെന്ന് ആ സ്ത്രീ വെളിപ്പെടുത്തി. പരിശുദ്ധ മാതാവായിരുന്നു അത്.

ജപമാല മാസാചരണത്തിന്റെ പകുതിയോടടുക്കുമ്പോള്‍ ഫാത്തിമയിലെ ലൂസിയക്കും ഫ്രാന്‍സിസ്‌കോയ്ക്കും ജസീന്തക്കും പല സമയങ്ങളിലായി പ്രത്യക്ഷപ്പെട്ട് മാതാവ് പറഞ്ഞ കാര്യങ്ങള്‍ ഒന്നു വിചിന്തനം ചെയ്യാം

*ലോകസമാധാനത്തിനായും യുദ്ധങ്ങള്‍ അവസാനിക്കുന്നതിനായും എല്ലാ ദിവസവും കൊന്ത ചൊല്ലുക (1917 മെയ് 13ന് പ്രത്യക്ഷപ്പെട്ടു പറഞ്ഞത്).

*അടുത്ത മാസം 13-ാം തീയതി കൊന്ത ചൊല്ലാനായി ഇവിടെ വരിക (1917 ജൂണ്‍ 13).

*ലോകസമാധാനത്തിനായും യുദ്ധം അവസാനിക്കാനായും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ അടുത്ത മാസം വീണ്ടും വരിക. ജപമാലയ്ക്കു മാത്രമേ നിങ്ങളെ രക്ഷിക്കാന്‍ കഴിയൂ(1917 ജൂലൈ 13).

*എല്ലാ ദിവസവും ജപമാല ചൊല്ലുന്നത് തുടരാനാണ് നിങ്ങളോടു ഞാനാവശ്യപ്പെടുന്നത്(1917 ആഗസ്റ്റ് 19)

*യുദ്ധം അവസാനിക്കുന്നതിനായി ജപമാല ചൊല്ലുന്നത് തുടരുക(1917 സെപ്റ്റംബര്‍ 13)

*ഞാനാണ് ജപമാല രാജ്ഞി, ജപമാല ചൊല്ലുന്നതു തുടരുക(1917 ഒക്ടോബര്‍ 13).

*മരണം വരെ എപ്പോഴും എന്റെ സഹായം നിന്നോടു കൂടെ ഉണ്ടായിരിക്കും. അഞ്ചു മാസം തുടര്‍ച്ചയായി മാസത്തിലെ എല്ലാ ആദ്യ ശനിയാഴ്ചകളിലും അനുതപിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുക. അഞ്ചു ജപമാല രഹസ്യങ്ങള്‍ ചൊല്ലി ഓരോ രഹസ്യങ്ങള്‍ ചൊല്ലുമ്പോഴും 15 മിനിറ്റു നേരം എന്നെ ധ്യാനിക്കുക. അതു വഴി നീ എന്നെ സമാശ്വസിപ്പിക്കുകയും പ്രായശ്ചിത്ത പ്രവൃത്തിയില്‍ പങ്കാളിയാകുകയുമാണ് ചെയ്യുന്നത്.(1925 ഡിസംബര്‍ 10ന് സിസ്റ്റര്‍ ലൂസിയക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞത്).
അനൂപ

 

You must be logged in to post a comment Login