ഫാദര്‍ അന്തോണി അരവിന്ദശ്ശേരിയുടെ 40-ാം പൗരോഹിത്യ വാര്‍ഷികം ആഘോഷിച്ചു

ചിക്കാഗോ: 31 വര്‍ഷമായി അമേരിക്കയില്‍ സേവനമനുഷ്ഠിക്കുന്ന വൈപ്പിന്‍ സ്വദേശി ഫാദര്‍ അന്തോണി അരവിന്ദശ്ശേരിയുടെ 40-ാം പൗരോഹിത്യ വാര്‍ഷികം ഇല്ലിനോയ്‌സിലെ മേരി ക്വീന്‍ ഹെവന്‍ കത്തോലിക്കാ ദേവാലയത്തില്‍ ആഘോഷിച്ചു. ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്മ്യൂണിറ്റി പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗ്വെയ്‌റിഡോ ചടങ്ങില്‍ സ്വാഗതമാശംസിച്ചു. മേരി ക്വീന്‍ ഹെവന്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാദര്‍ ജസന്‍ സ്റ്റോണ്‍ മുഖ്യപ്രഭാഷണം നടത്തി. പൗരോഹിത്യ ജീവിതത്തില്‍ 40 സുവര്‍ണ്ണ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഫാദര്‍ അന്തോണി അരവിന്ദശ്ശേരിക്ക് അദ്ദേഹം ഭാവുകങ്ങള്‍ നേര്‍ന്നു. ജോസ് ആന്റണി പുത്തന്‍ വീട്ടില്‍, ജോര്‍ജ്ജ് പാലമറ്റം, ബേസില്‍ പെരാരിയ, ഷേര്‍ലി വര്‍ഗ്ഗീസ്, ജേക്കബ് കയ്പ്പശ്ശേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

എറണാകുളം ജില്ലയിലെ വൈപ്പിന്‍ സ്വദേശിയായ ഫാദര്‍ അന്തോണി അരവിന്ദശ്ശേരി 1977 ലാണ് ചിക്കാഗോയിലെത്തുന്നത്. ചിക്കാഗോയിലെ വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇത്രയും നാള്‍ വഴിനടത്തിയ ദൈവത്തെയും സഹപ്രവര്‍ത്തകരെയും  ഫാദര്‍ അന്തോണി അരവിന്ദശ്ശേരി മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു.

You must be logged in to post a comment Login