ഫാദര്‍ ഇന്‍ ലോ

ഫാദര്‍ ഇന്‍ ലോ

അടുത്തയിടെ കോടതിയില്‍ എത്തിയ ഒരു കേസ് ഇങ്ങനെയായിരുന്നു. മൂന്നുവയസുകാരിയായ മകളുടെ സ്വകാര്യഭാഗങ്ങളില്‍ ക്ഷതങ്ങളും മുറിവുകളും. അമ്മയും അച്ഛനും ജോലിക്കാരാണ്. വീട്ടില്‍ മുത്തശ്ശി മാത്രമാണുള്ളത്. പുറമെ നിന്ന് ആരും വീട്ടില്‍ എത്താറുമില്ല. അപ്പോള്‍ ആരാണ് മകളെ..?

മകളെയോര്‍ത്ത് തീ തിന്ന അമ്മ ആരും അറിയാതെ ഒരു ക്യാമറ മുറിയില്‍ ഘടിപ്പിച്ചു. ഖേദകരമെന്ന് പറയട്ടെ, ക്യാമറയില്‍ കുടുങ്ങിയത് ഭര്‍ത്താവ് ആയിരുന്നു. അതായത് മൂന്നുവയസുകാരിയുടെ അച്ഛന്‍.

അതറിഞ്ഞ നിമിഷം അമ്മ കുഞ്ഞിനെയുമെടുത്ത് വീട്ടില്‍ നിന്ന് തീപിടിച്ചതുപോലെ ഇറങ്ങിയോടുകയായിരുന്നു.. കോടതിയിലെത്തുന്ന നെഞ്ച് തകര്‍ക്കുന്ന കേസുകളെക്കുറിച്ച് അഡ്വ. ഫാ. സിബി പാറടിയില്‍ കപ്പൂച്ചിന്‍ സംസാരിക്കുകയായിരുന്നു. തൊട്ടടുത്ത ജില്ലയിലെ ഒരു കോടതിയില്‍ നടന്ന സംഭവം സുഹൃത്തായ അഭിഭാഷകന്‍ പറഞ്ഞതാണ് സിബിയച്ചന്‍ പങ്കുവച്ചത്.

കുടുംബകോടതികള്‍ ഒരു വൈദികനെന്ന നിലയില്‍ തന്നെ ഒരുപാട് സങ്കടപ്പെടുത്തുന്നുണ്ടെന്ന് അച്ചന്‍ പറയുന്നു. വിവാഹമോചനങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു. അതിന്റെ പ്രധാന കാരണം ദമ്പതികള്‍ തമ്മിലുള്ള ഈഗോ ക്ലാഷും സമ്പത്തിന് കൊടുക്കുന്ന അമിതപ്രാധാന്യവുമാണ്. മാതാപിതാക്കള്‍ പൂര്‍ണ്ണമനസ്സോടെ നടത്തിക്കൊടുക്കുന്ന വിവാഹങ്ങള്‍ മാത്രമേ ഭാവിയില്‍ വിജയിക്കാറുള്ളൂ. കണ്‍മുമ്പില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രണയവിവാഹങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു അച്ചന്റെ വാക്കുകള്‍.

സാധാരണ കപ്പൂച്ചിന്‍ വൈദികര്‍ ധ്യാനപ്രസംഗങ്ങളുമായി ഒതുങ്ങിക്കൂടുകയാണ് പതിവ്. പക്ഷേ ആ പരമ്പരാഗത രീതിയില്‍ നിന്ന് മാറിചവിട്ടാന്‍ സിബിയച്ചനെ പ്രേരിപ്പിച്ചത് സമൂഹത്തില്‍ നീതിനിഷേധിക്കപ്പെടുന്നവരോട് പക്ഷം ചേരാനുള്ള മനസ്സും ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നീതിബോധവുമായിരുന്നു. നീതി ജലം പോലെ ഒഴുകണം എന്ന് സിബിയച്ചന്‍ ആഗ്രഹിക്കുന്നു.

നീതിയാണ്, സത്യമാണ് സമൂഹത്തെ പ്രൊട്ടക്റ്റ് ചെയ്യുന്നത്. ഇതിന് വേണ്ടിയാണ് ജുഡീഷ്യറി.വൈദികര്‍ക്ക് നിഷിദ്ധമായ മേഖലയൊന്നുമല്ല അഭിഭാഷകവൃത്തിയെന്ന് ബെബിളിലെ സൂസന്നയുടെ കഥ ഉദാഹരിച്ചുകൊണ്ട് അച്ചന്‍ വിശദമാക്കി. ക്രിസ്തുവാണ് നീതിനിര്‍വണത്തിന്റെ മറ്റൊരു ഉദാത്ത ഉദാഹരണം. നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ എന്നത് എന്തൊരു തീര്‍പ്പുകല്പിക്കലാണ്.

അച്ചനും കൂടിയായതുകൊണ്ട് അഡ്വ. സിബി പാറടിയില്‍ എല്‍എല്‍ബി ഫീസ് വാങ്ങുമോയെന്നാണ് ചിലരുടെയെങ്കിലും സംശയം.

‘തീര്‍ച്ചയായും ഫീസ് വാങ്ങും. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കാരണം ഫീസ് വാങ്ങാതിരുന്നാല്‍ അത് പ്രഫഷന് വിരുദ്ധമാകും. ഏതു ജോലിക്കും വേതനം അത്യാവശ്യമാണല്ലോ. പക്ഷേ എത്ര ഫീസ് വാങ്ങണമെന്ന്ത് എന്റെ ധാര്‍മ്മികതയാണ്..’ അച്ചന്‍ ചിരിച്ചു.

കേസുകള്‍ മുമ്പില്‍ വരുമ്പോള്‍ അത് പൗരോഹിത്യത്തിന് ചേരുന്നതാണോ എന്ന് ഞാന്‍ പലവട്ടം ചിന്തിക്കാറുണ്ട്. പ്രീസ്റ്റുഹുഡിന് ചേരുന്ന കേസുകള്‍ മാത്രമേ ഞാന്‍ സ്വീകരിക്കാറുമുള്ളൂ. കേസും അതിന്റെ സാഹചര്യവും കേള്‍ക്കുമ്പോള്‍ തന്നെ നമുക്കറിയാമല്ലോ അതില്‍ എത്രമാത്രം സത്യമുണ്ട് എന്ന്.

ഒരു കാര്യം തീര്‍ച്ചയാണ്. പൗരോഹിത്യത്തെ മറികടന്നുകൊണ്ട് ഞാനൊരു കേസും എടുത്തിട്ടില്ല. അതുപോലെ ഒരു കള്ളനും അച്ചന്‍ തന്നെ ഈ കേസ് വാദിക്കണമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിട്ടുമില്ല.

കാഞ്ഞിരപ്പള്ളി പൊടിമറ്റം ഇടവകാംഗമാണ് സിബി പാറടിയില്‍. മാത്യുവിന്റെയും ബാറബറയുടെയും ഏഴാമത്തെ സന്താനം. 2003 ല്‍ വൈദികനായി. അസ്സീസി മാസികയുടെയും ജീവന്‍ ബുക്‌സിന്റെയും മറ്റും ചുമതലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു അച്ചന്.അവിടെ നിന്ന് പുതിയൊരു രംഗം അതും കപ്പൂച്ചിന്‍ വൈദികര്‍ സാധാരണയായി തിരഞ്ഞെടുക്കാത്ത ലോകം സ്വീകരിക്കാന്‍ കാരണമായി തീര്‍ന്നത് 1998 ഡിസംബര്‍ ഒന്നിലെ ഒരു സംഭവമാണെന്ന് അച്ചന്‍ ഓര്‍മ്മിക്കുന്നു.

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമാണല്ലോ? അന്നേ ദിനം എറണാകുളത്ത് സംഘടിപ്പിച്ച ഒരു റാലിയില്‍ മുന്‍നിരക്കാരനായി അച്ചനുമുണ്ടായിരുന്നു. ഏതു റാലിയിലും മുന്‍നിരക്കാരനായി പങ്കെടുക്കുന്നവരുടെയെല്ലാം ഉള്ളില്‍ പ്രമുഖസ്ഥാനത്തിന് വേണ്ടിയുള്ള ആഗ്രഹമുണ്ടായിരിക്കും. പക്ഷേ ആ റാലി തീര്‍ത്തും വ്യത്യസ്തമായിരുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാന്‍ ശക്തമായ ഒരു പ്രചോദനമുണ്ടായത് അവിടെ വച്ചായിരുന്നു. സമൂഹം തങ്ങളെ സ്വീകരിക്കാത്തതിന്റെ പേരില്‍ ഹൃദയവേദന അനുഭവിക്കുന്നവരെ കൂടുതലായി മനസ്സിലാക്കാനായത് അവിടെവച്ചായിരുന്നു.

ഇത്തരക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം.. അന്നാണ് അഭിഭാഷകനാകണമെന്ന ശക്തമായ ഒരു തീരുമാനം അച്ചന്‍ എടുത്തത്. എല്‍എല്‍ബി പഠിച്ച വൈദികരുണ്ടായിരുന്നു, പക്ഷേ പ്രാക്ടീസ് ചെയ്യുന്നവരുണ്ടായിരുന്നില്ല. സിബിയച്ചന്‍ ആഗ്രഹം അധികാരികളെ അറിയിച്ചപ്പോള്‍ പരമ്പരാഗത രീതിയില്‍ നിന്ന് മാറി ചിന്തിക്കാനും അച്ചനെ സപ്പോര്‍ട്ട് ചെയ്യാനും അധികാരികളും തയ്യാറായി..അങ്ങനെ നിയമം പഠിക്കാനായി തിരുവനന്തപുരത്തേക്ക്.

2011ല്‍ എന്‍ റോള്‍ ചെയ്തു. നിയമപഠനകാലയളവില്‍ തന്നെ നീതി നിഷേധിക്കപ്പെട്ടതിന്റെ നിരവധി അനുഭവങ്ങളും അച്ചനുണ്ടായിട്ടുണ്ട്.ക്ലാസില്‍ എല്ലാദിവസവും വരികയും കൃത്യമായി കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന കുട്ടികള്‍ക്കും ക്ലാസില്‍ കയറാത്തവര്‍ക്കും കൃത്യതയോടെ കാര്യങ്ങള്‍ ചെയ്യാത്തവര്‍ക്കും ഇന്റേണല്‍ അസെസ്മെന്റിന് ഒരേ മാര്‍ക്ക് നല്കിയതായിരുന്നു അത്.

ഇതിനെതിരെ ചോദ്യം ചെയ്തപ്പോള്‍ തിരികെ കിട്ടിയ മറുപടി നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് നിങ്ങള്‍ക്ക് കിട്ടിയില്ലേ മറ്റുള്ളവരുടെ കാര്യത്തില്‍ എന്തിന് തലയിടുന്നു എന്നായിരുന്നു. പണവും അധികാരവും സ്വാധീനവുമുണ്ടെങ്കില്‍ ഈ ലോകത്ത് നിയമങ്ങള്‍ പലതും വളച്ചൊടിക്കപ്പെടാം എന്നതിനും അച്ചന്‍ സാക്ഷി. കേരളത്തെ പിടിച്ചുകുലുക്കിയ ചില കേസുകളില്‍ മൊഴി മാറ്റിപ്പറഞ്ഞതിന്റെ പേരില്‍ പ്രതികള്‍ കൂസലില്ലാതെ രക്ഷപ്പെട്ട കോടതിദൃശ്യങ്ങള്‍ക്കും അച്ചന്‍ സാക്ഷിയായിട്ടുണ്ട്.

നിയമം പഠിച്ചതുകൊണ്ട് ഏറ്റവും വലിയ പ്രയോജനമായി തോന്നുന്നത് അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ സാധിച്ചു എന്നതാണ്. അരക്ഷിതാവസ്ഥയിലാണ് നമ്മുടെ കുട്ടികള്‍ പലരും. അവരുടെ അവകാശങ്ങളെക്കുറിച്ച് അധ്യാപകര്‍ പോലും ബോധവാന്മാരല്ല.ഇത്തരം സാഹചര്യത്തില്‍ നിയമത്തെക്കുറിച്ചുള്ള അവബോധം ഏറെ പ്രയോജനം ചെയ്യും. വളരെ നല്ല പ്രഫഷന്‍ തന്നെയാണ് അഭിഭാഷകവൃത്തി. പക്ഷേ വളരെ ചുരുക്കം പേരെങ്കിലും അതിനെ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി സ്വീകരിക്കുന്നുവെന്നേയുള്ളൂ. അച്ചന്‍ പറഞ്ഞു.

സിവിലും ക്രമിനലും അച്ചന്‍ കൈകാര്യം ചെയ്യാറുണ്ട്. തിരുവനന്തപുരത്തും പാലായിലും പ്രാക്ടീസ് ചെയ്യാറുണ്ട്. അഡ്വ.ജോസ് കണ്ടത്തിലിന്റെ കീഴിലാണ് സിബിയച്ചന്‍ ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നത്.വൈകാതെ ഭരണങ്ങാനത്ത് സ്വന്തമായി ഒരു ഓഫീസ് ആരംഭിക്കും.

ജുഡീഷ്യറി മാത്രമാണ് സമൂഹത്തിന്റെ ആശ്വാസമെന്ന് അച്ചന്‍ വിശ്വസിക്കുന്നു. ഫാ.സിബി പാറടിയിലിന് ഒന്നുമാത്രമേ ഇപ്പോള്‍ പ്രാര്‍ത്ഥനയുള്ള,

ദൈവമേ അങ്ങ് എന്താണോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിനെ അതിന്റെ പൂര്‍ണ്ണതയില്‍ ചെയ്യാന്‍ എന്നെ സഹായിക്കണേ.. നീതിനിഷേധിക്കപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെയും ദരിദ്രരുടെയും പക്ഷം ചേര്‍ന്ന് നീതിക്കുവേണ്ടി പൊരുതുവാന്‍, വാദിക്കുവാന്‍ അഡ്വ.ഫാ.സിബി പാറടിയ്ക്ക് കഴിയട്ടെ..അതിന് വേണ്ടി നമ്മുടെ പ്രാര്‍ത്ഥനകളും നല്കാം..

ഫോണ്‍: 9447599827

 

വിനായക്

You must be logged in to post a comment Login