ഫാദര്‍ റോയി കണ്ണന്‍ചിറക്ക് സാനു ഫൗണ്ടേഷന്റെ ഗുരുപ്രസാദ പുരസ്‌കാരം

കൊച്ചി: പൊതുസമൂഹത്തിനു നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ച് ഈ വര്‍ഷത്തെ സാനു ഫൗണ്ടേഷന്റെ ഗുരുപ്രസാദപുരസ്‌കാരത്തിന് ഫാദര്‍ റോയി കണ്ണന്‍ചിറ അര്‍ഹനായി. ഡോ.എം ലീലാവതി, പെരുമ്പടവം ശ്രീധരന്‍, ഷീബ അമീര്‍ എന്നിവരടങ്ങിയ ജൂറിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഡോ.എം.കെ സാനുവിന്റെ ശിഷ്യസമൂഹത്തില്‍ നിന്നും ശിഷ്യതുല്യരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അദ്ദേഹത്തിന്റെ അനുഗ്രഹ പ്രസാദമായി നല്‍കിവരുന്ന പുരസ്‌കാരമാണിത്.

ഭിന്നശേഷിയുള്ള യുവതലമുറയുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി വര്‍ഷങ്ങളായുള്ള സേവനം മുന്‍നിര്‍ത്തിയാണ് ഫാദര്‍ റോയി കണ്ണന്‍ചിറക്ക് പുരസ്‌കാരം നല്‍കുന്നത്. 25,000 രൂപയും സാനു മാസ്റ്ററുടെ കൈപ്പടയില്‍ ലിഖിതപ്പെടുത്തിയ ലോഹനിര്‍മ്മിത അനുഗ്രഹ പത്രികയുമടങ്ങുന്നതാണ് പുരസ്‌കാരം. എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍  നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് എംകെ സാനു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ.എം തോമസ് മാത്യു അറിയിച്ചു.

You must be logged in to post a comment Login