ഫാ. ടോം ഉഴുന്നാലില്‍: അഭ്യൂഹങ്ങള്‍ പെരുകുന്നു, ക്രൂശിലേറ്റിയെന്ന് ഓസ്ട്രിയന്‍ മാധ്യമങ്ങള്‍

ഫാ. ടോം ഉഴുന്നാലില്‍: അഭ്യൂഹങ്ങള്‍ പെരുകുന്നു, ക്രൂശിലേറ്റിയെന്ന് ഓസ്ട്രിയന്‍ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ ദു:ഖവെള്ളിയാഴ്ച ക്രൂശിലേറ്റിയെന്ന് ഓസ്ട്രിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാറ്റേഴ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിയന്ന ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്രിസ്റ്റഫ് ഷോണ്‍ബോണ്‍ ഇക്കാര്യം ഈസ്റ്റര്‍ ദിനത്തില്‍ പറഞ്ഞതായിട്ടാണ്  ഓസ്ട്രിയന്‍ മാധ്യമമായ പോളോനിയ ക്രിസ്ത്യാനിയ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഫാ. ഉഴുന്നാലിലിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായാണ് ഇന്ത്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഐഎസ് ഭീകരരാണ് അച്ചനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യം സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

വൈദികനെ ബന്ദിയാക്കിയ ഭീകരര്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നും കേന്ദ്രവിദേശ കാര്യ മന്ത്രാലയം നയതന്ത്ര ബന്ധ ഇടപെടലിലൂടെ വൈദികന്റെ മോചനത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മാധ്യമങ്ങളോട് പറഞ്ഞത്. ഐക്യരാഷ്ട്രസംഘടനയും മറ്റ് രാജ്യങ്ങളും ഇതിനോട് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

ഇങ്ങനെയൊരു സാഹചര്യത്തില്‍ ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വിശ്വാസികളുടെ ഇടയില്‍ വലിയ ആശങ്കയും ഉത്കണ്ഠയും ഉണര്‍ത്തിയിരിക്കുകയാണ്. വാട്ട്‌സാപ്പ് മെസേജുകളെ ഉദ്ധരിച്ചുകൊണ്ടാണ് ഓസ്ട്രിയന്‍ പത്രം ഈ വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം.

ജീവിച്ചിരിക്കുന്ന പലരെയും കൊല്ലുന്ന രീതി ഇന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മലയാള ചലച്ചിത്രതാരം സലീം കുമാറിനെ അത്യാസന്ന നിലയില്‍ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു ദു:ഖവെള്ളി മുതല്‍ പ്രചരിച്ച വാട്‌സ് ആപ്പ് മെസേജുകള്‍. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അമൃത ആശുപത്രിയും സലീംകുമാറും അറിയിച്ചു. ഇതിനകം പതിനഞ്ച് തവണ തന്നെ സോഷ്യല്‍ മീഡിയ കൊന്നിട്ടുണ്ടെന്നും നടന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മരിച്ച നടന്‍ ജിഷ്ണുവിനെയും പലതവണ സോഷ്യല്‍മീഡിയ കൊന്നിട്ടുണ്ട്. ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് വരെ അദ്ദേഹത്തിന് അക്കാലത്ത് ലോകത്തെ അറിയിക്കേണ്ടിവന്നിരുന്നു.

ഔദ്യോഗികവൃന്ദങ്ങളില്‍ നിന്ന് ഫാ. ടോം ഉഴുന്നാലിലിനെ സംബന്ധിച്ച് മറ്റ് വാര്‍ത്തകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ നമ്മുടെ ഭരണനേതൃത്വവും പിതാക്കന്മാരും പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുക മാത്രമാണ് കരണീയം. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നമുക്ക് തുടരുകയും ചെയ്യാം.

You must be logged in to post a comment Login