ഫാ. ടോം ഉഴുന്നാലില്‍; പുതിയ വിവരങ്ങളൊന്നുമില്ല

ഫാ. ടോം ഉഴുന്നാലില്‍; പുതിയ വിവരങ്ങളൊന്നുമില്ല

ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനുവേണ്ടിയുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും പുതിയ വിവരങ്ങള്‍ ഒന്നുമില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വൈദികന്റെ മോചനത്തിനായി യെമന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് ഇന്നലെ ഡല്‍ഹിയില്‍ പത്രസമ്മേളനത്തിന്റെ വിദേശമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞത്.

ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയിട്ട് ഇപ്പോള്‍ അഞ്ചു മാസമായി. അദ്ദേഹത്തിന്റെ ജന്മദിനം കൂടിയായ ഇന്നലെയാണ് ഇതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം പുതിയ വിവരങ്ങളൊന്നുമില്ലെന്നു വെളിപ്പെടുത്തിയതും. വൈദികന്റെ മോചനത്തിനായി സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നു ചൂണ്ടിക്കാട്ടി സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് ഡോ. തിയഡോര്‍ മസ്‌ക്രീനാസ് ഉള്‍പ്പടെയുള്ളവരും ഫാ. ടോമിന്റെ ബന്ധുക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനകാലത്തു കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ, ഭീകരര്‍ ഫാ. ടോമിനെ മറ്റൊരു രാജ്യത്തേക്കു മാറ്റിയെന്നും സൂചനകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വൈദികനെ തട്ടിക്കൊണ്ടു പോയതെന്നു കുറ്റസമ്മതം നടത്തിയ മൂന്നു പേര്‍ പിടിയിലായെന്ന വിവരം പുറത്തു വരുന്നത്. ഇതോടെ ഫാ. ടോമിന്റെ മോചനം ഉടന്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന ബന്ധുക്കളും.

You must be logged in to post a comment Login