ഫാ.ടോമിന്റെ മോചനത്തിനായി സുഹൃദ് രാജ്യങ്ങളുടെ സഹായം തേടുന്നു

ഫാ.ടോമിന്റെ മോചനത്തിനായി സുഹൃദ് രാജ്യങ്ങളുടെ സഹായം തേടുന്നു

ന്യൂഡല്‍ഹി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി സുഹൃദ് രാജ്യങ്ങളുടെ മധ്യസ്ഥശ്രമമടക്കം സാധ്യമായ എല്ലാം ചെയ്യുന്നുണെ്ടന്നും ഇതിനായി പ്രധാനമന്ത്രി ലോകനേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണെ്ടന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് . പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഫാ. ടോമിന്റെ മോചനം എത്രയും വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു ജോസ് കെ. മാണി ലോക്‌സഭയില്‍ ഉന്നയിച്ച സബ്മിഷനു മറുപടിയായാണ് സുഷമ സംസാരിച്ചത്. ഫാ. ടോമിന്റേതായി പുറത്തുവന്ന വീഡിയോ യഥാര്‍ഥമാണോയെന്നു പരിശോധിച്ചുവരികയാണെന്നും സര്‍ക്കാരിന്റെ നടപടികള്‍ ഫലവത്താകാന്‍ കുറച്ചു സമയം കൂടി കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.

കെ.വി. തോമസ്, ജോസ് കെ. മാണി, കൊടിക്കുന്നില്‍ സുരേഷ്, പി. കരുണാകരന്‍, കെ.സി. വേണുഗോപാല്‍, ആന്റോ ആന്റണി, ജോയ്‌സ് ജോര്‍ജ്, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിന്നീടു കേരള എംപിമാര്‍ മന്ത്രി സുഷമയെ കണ്ടു ഫാ. ടോമിന്റെ മോചനം വൈകരുതെന്ന് ആവശ്യപ്പെട്ടു നിവേദനവും നല്‍കി.

ഗൗരവമേറിയ വിഷയമാണിതെന്നു സുഷമ സ്വരാജ് പറഞ്ഞു. യെമനില്‍ ഇപ്പോള്‍ സ്ഥിതി മോശമാണ്. അവിടെയിപ്പോള്‍ ഇന്ത്യന്‍ എംബസിയോ, സര്‍ക്കാരിന്റെ പ്രതിനിധികളോ ഇല്ല. എങ്കിലും ഫാ. ടോമിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണെ്ടത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യയെ സഹായിക്കാന്‍ കഴിയുന്ന രാജ്യങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.

തടവിലുള്ള ഫാ. ടോമിന്റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നത് രാവിലെയാണു ശ്രദ്ധയില്‍ പെട്ടത്. വീഡിയോ യഥാര്‍ഥമാണോയെന്നു പരിശോധിച്ചുവരികയാണ്. വൈദികനെ മോചിപ്പിക്കാന്‍ നേരിട്ടും അല്ലാത്തതുമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ നടപടികള്‍ ഫലവത്താകാന്‍ കുറച്ചുകൂടി കാത്തിരിക്കണം. യെമനിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ നയതന്ത്ര നീക്കുപോക്കിനും മറ്റും പരിമിതികള്‍ ഉള്ളതിനാല്‍ ഈ വിഷയം വളരെ ശ്രദ്ധയോടും സാവകാശത്തോടും കൂടി കൈകാര്യം ചെയ്തുവരികയാണ്. മന്ത്രി അറിയിച്ചു.

You must be logged in to post a comment Login