ഫിലാഡല്‍ഫിയയിലെ പിങ്ക് വിപ്ലവം

പിങ്ക് സിസ്റ്റേഴ്‌സ്.. പേരില്‍ തന്നെ ഒരു ആര്‍ദ്രതയും സ്‌നേഹവുമൊക്കയുണ്ട്. പിങ്ക് നിറം സ്‌നേഹത്തിന്റെയും നിഷ്‌കളങ്കതയുടെയും സന്തോഷത്തിന്റെയും അടയാളമാണല്ലോ.. അതു കൊണ്ടു തന്നെയാവാം ഹോളി സ്പിരിറ്റ് അഡോറേഷന്‍ സഭയിലെ കന്യാസ്ത്രികള്‍ തങ്ങളുടെ സഭാവസ്ത്രത്തിന് പിങ്ക് നിറം തിരഞ്ഞെടുത്തത്.  100 വര്‍ഷം തുടര്‍ച്ചയായി ദിവ്യകാരുണ്യാരാധന നടത്തി ശ്രദ്ധേയരായിരിക്കുകയാണ് ഫിലഡല്‍ഫിയയിലുള്ള പിങ്ക് സിസ്റ്റേഴ്‌സ് ഇപ്പോള്‍. കോണ്‍വെന്റ് ചാപ്പലില്‍ എഴുന്നള്ളിച്ചു വെച്ചിരിക്കുന്ന ദിവ്യകാരുണ്യത്തിനു മുന്നില്‍ തങ്ങളുടെ ഊഴം കാത്ത് ഓരോരുത്തരും നില്‍പ്പുണ്ടാകും.

തങ്ങള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത, ലോകത്തിന്റെ വിവിധ കോണുകളിലുള്ള ആളുകളുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ക്കായാണ് ഇവര്‍ ദിവസവും ദിവ്യകാരുണ്യത്തിനു മുന്നില്‍ മുട്ടു കുത്തുന്നത്. എവിടെയായിരുന്നാലും ഏതു ജീവിതസാഹചര്യങ്ങളിലായിരുന്നാലും തങ്ങളുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ പിങ്ക് സിസ്റ്റേഴ്‌സിന്റെ ഒദ്യോഗിക വെബ്‌സൈറ്റിലൂടെ ഇവരെ അറിയിക്കാം. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവര്‍ എല്ലാവര്‍ക്കും വേണ്ടി മാദ്ധ്യസ്ഥം വഹിക്കും. ദിവ്യകാരുണ്യം എഴുന്നള്ളിവെച്ച് തുടര്‍ച്ചയായി ആരാധന നടത്തുക എന്നുള്ളതാണ് ഇവരുടെ കാരിസം.

ഫിലാഡല്‍ഫിയയിലുള്ള പിങ്ക് സിസ്റ്റേഴ്‌സിന്റെ മഠത്തില്‍ ഇപ്പോള്‍ 20 പേരാണ് ഉള്ളത്. മുന്‍പ് 40 പേര്‍ ഉണ്ടായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ കന്യാസ്ത്രിക്ക് 52 വയസ്സും ഏറ്റവും പ്രായം കൂടിയആള്‍ക്ക് 90 വയസ്സുമാണുള്ളത്. പ്രായത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ പക്ഷേ, ഇവരുടെ പ്രാര്‍ത്ഥനയില്‍ യാതൊരു വിധ വ്യത്യാസങ്ങളുമുണ്ടാക്കുന്നില്ല. എല്ലാവരും തികഞ്ഞ ഭക്തിയോടെയും ആത്മാര്‍ത്ഥതയോടെയുമാണ് തങ്ങളുടെ കാരിസം അടിസ്ഥാനമാക്കി ജീവിക്കുന്നത്. അനുദിനാവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നത് കൊന്തകളും പ്രാര്‍ത്ഥനാ കാര്‍ഡുകളും നിര്‍മ്മിച്ചാണ്.

ആദ്യമൊക്കെ മാധ്യമങ്ങളില്‍ നിന്നൊക്കെ അകലം പാലിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഈ വിളിയെക്കുറിച്ചും തങ്ങളുടെ സവിശേഷമായ ദൗത്യത്തെക്കുറിച്ചും ലോകത്തെ അറിയിക്കാറുണ്ട് പിങ്ക് സിസ്റ്റേഴ്‌സ്. സ്‌കൂളുകളിലും കോളേജുകളും ദൈദവവിളി പ്രോത്സാഹനത്തിനായി ഇവര്‍ കടന്നുചെല്ലാറുമുണ്ട്. ആഘോഷങ്ങള്‍ക്ക് തീരെ പ്രാധാന്യം കൊടുക്കാറില്ല. ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം പോലും ഒരു ഐസ്‌ക്രീമിലൊതുക്കി.

‘ജീവിതം എത്ര സുന്ദരമാണെന്ന് പുതിയ കാലഘട്ടത്തിലെ യുവതികളെ ഞങ്ങള്‍ക്കു കാണിച്ചുകൊടുക്കണം. ലോകത്തിന്റെ സുഖങ്ങളില്‍ നിന്ന് അകന്നു നിന്നുകൊണ്ടും സന്തോഷകരമായ ജീവിതം നയിക്കാനാകുമെന്ന് അവര്‍ മനസ്സിലാക്കണം’, സിസ്റ്റര്‍ മരിയ ക്ലാരിസ പറയുന്നു.

1896 ല്‍ ഹോളണ്ടിലാണ്  ഹോളി സ്പിരിറ്റ് അഡോറേഷന്‍ സന്യാസസഭ സ്ഥാപിക്കപ്പെടുന്നത്. ഹോളണ്ടിലെ മഠത്തില്‍ നിന്നും 9 കന്യാസ്ത്രികള്‍ 1915 ല്‍ ഫിലാഡല്‍ഫിയയിലെത്തി. ഇന്ന് 12 രാജ്യങ്ങളിലായി 420 അംഗങ്ങളാണ് ഈ സന്യാസസഭയിലുള്ളത്. അമേരിക്കയില്‍ ഫിലാഡല്‍ഫിയ കൂടാതെ സെന്റ് ലൂയിസ്, കോര്‍പ്പസ് ക്രിസ്റ്റി, ടെക്‌സാസ്, ലിങ്കണ്‍, നെബ്രാസ്‌ക എന്നീ സ്ഥലങ്ങളിലും പിങ്ക് സിസ്റ്റേഴ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്.

You must be logged in to post a comment Login