ഫിലിപ്പൈന്‍സുകാരുടെ ഏറ്റവും പ്രിയപ്പെട്ട കുട്ടി

മനില: ഫിലിപ്പൈന്‍സുകാരുടെ ഏറ്റവും പ്രിയപ്പെട്ട കുട്ടി മറ്റാരുമല്ല നമ്മുടെ ഉണ്ണീശോ തന്നെ. സാന്റോ നിനോ എന്നാണ് അവര്‍ ഉണ്ണീശോയെ വിളിക്കുന്നത്.. ജനുവരിയിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് സാന്റോ നിനോയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ തിരുനാള്‍ ഇന്നലെയായിരുന്നു.

ഒരാഴ്ച നീണ്ടുനില്ക്കുന്ന മതപരമായ ആഘോഷങ്ങളാണ് ഇതോട് അനുബന്ധിച്ചുള്ളത്. ചോദിക്കുന്നതെന്തും തരാന്‍ ശക്തിയുള്ളതാണ് സാന്തോ നിനോയെന്നാണ് ഫിലിപ്പൈന്‍സുകാരുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഫിലിപ്പൈന്‍സിലെ എല്ലാ സ്ഥലങ്ങളിലും സാന്തോ നിനോയുടെ രൂപം കാണാന്‍ കഴിയും. ഫിലിപ്പൈന്‍സുകാരുടെ ഏറ്റവും പഴക്കമുള്ള ക്രിസ്തീയ രൂപവും ഇതുതന്നെയാണ്.

പര്യവേക്ഷകനായ ഫെര്‍ഡിനാന്റ് മഗല്ലനുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ രൂപത്തിന്റെ ചരിത്രം. 1521 ല്‍ മഗല്ലന്‍ സെബുവിലെത്തുകയും രാജാവായിരുന്ന ഹുമാബോണിനെയും ഭാര്യയെയും കൊണ്ട് സ്‌പെയനുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. പിന്നീട് ഇരുവരും കത്തോലിക്കാ വിശ്വാസം ആശ്ലേഷിച്ചു. ഇവര്‍ക്കുള്ള സമ്മാനമായി മഗല്ലന്‍ കൊടുത്തതാണ് ഉണ്ണീശോയുടെ ഈ രൂപമെന്നാണ് വിശ്വാസം. 12 ഇഞ്ച് ഉയരമുള്ളതാണ് രൂപം.

You must be logged in to post a comment Login