ഫുട്ബോള്‍ കളിക്കാനറിയാത്ത, ഫുട്ബോള്‍ പ്രേമിയായ പാപ്പ

ഫുട്ബോള്‍ കളിക്കാനറിയാത്ത, ഫുട്ബോള്‍ പ്രേമിയായ പാപ്പ

ചോരത്തിളപ്പുള്ള ഏതൊരര്‍ജന്റീനക്കാരനെയും പോലെ തന്നെയാണ് ഫുട്ബോളിന്റെ കാര്യത്തില്‍ ഫ്രാന്‍സിസ് പാപ്പയും. കാല്‍പ്പന്തുകളിയുടെ ആവേശം ആ സിരകളിലോടുന്നുണ്ട്. അതേപ്പറ്റി സംസാരിച്ചു തുടങ്ങുമ്പോള്‍ അദ്ദേഹം വാചാലനാകും. കളിയാരവങ്ങള്‍ നിറഞ്ഞ അനേകം മൈതാനക്കാഴ്ചകള്‍ ആ സമയം മനസ്സില്‍ ഗോള്‍മഴ പെയ്യിക്കും.

കേവലം വാക്കുകളിലൊതുങ്ങുന്ന ആവേശമല്ല ഫ്രാന്‍സിസ് പാപ്പക്ക് ഫുട്ബോള്‍, അത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മ കൂടിയാണ്. ബ്യൂണസ് ഐറിസിലെ തെരുവുകളിലൂടെ അച്ഛന്റെ കൈപിടിച്ചു നടക്കുമ്പോള്‍ മുതല്‍ കളിമൈതാനങ്ങളിലെ ആരവങ്ങള്‍ കാതുകളില്‍ പതിച്ചിരുന്നു. അപ്പനുമുണ്ടായിരുന്നു ഫുട്ബോള്‍ ഭ്രാന്ത്. അത് പാരമ്പര്യസ്വത്തെന്ന പോലെ ചെറുപ്പത്തില്‍ തന്നെ ബര്‍ഗോളിയോക്കും ലഭിച്ചു. കുഞ്ഞുനാള്‍ മുതലേ ആ സുഖമുള്ള ഭ്രാന്തിനെ മനസ്സിലിട്ട് താലോലിച്ച് ബര്‍ഗോളിയോ വലിയൊരു കളിയാരാധകനായി.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫുട്ബോള്‍ ക്ലബ്ബ് ഏതാണെന്ന് ഫ്രാന്‍സിസ് പാപ്പ വെളിപ്പെടുത്തിയിട്ടുണ്ട്. ജന്‍മനാടായ അര്‍ജന്റീനയിലെ സാന്‍ ലോറന്‍സോ ഫുട്ബോള്‍ ക്ലബ്ബാണത്. ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷ പദവിയിലേക്ക് അദ്ദേഹം കിക്കോഫ് ചെയ്ത ദിവസം സാന്‍ ലോറന്‍സോയും ആ വെളിപ്പെടുത്തലുമായി രംഗത്തെത്തി. ‘ഫ്രാന്‍സിസ് പാപ്പ ഞങ്ങളുടെ ആരാധകന്‍ മാത്രമല്ല, സാന്‍ ലോറന്‍സോ ഫാന്‍സ് ക്ലബ്ബിലെ അംഗം കൂടിയാണ്. അദ്ദേഹം സാന്‍ ലോറന്‍സോയുടെ പാപ്പയാണ്’, അവര്‍ നവമാധ്യമങ്ങളില്‍ കുറിച്ചു. ആ പോസ്റ്റിനൊപ്പം സാന്‍ ലോറന്‍സോയുടെ പതാകയുമേന്തി നില്‍ക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ചിത്രവുമുണ്ടായിരുന്നു. തങ്ങളുടെ ക്ലബ്ബിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ സാന്‍ ലോറന്‍സോ ക്ഷണിച്ചത് ഫ്രാന്‍സിസ് പാപ്പയെ ആയിരുന്നു. അന്നദ്ദേഹം ബ്യൂണസ് ഐറിസിലെ ആര്‍ച്ച്ബിഷപ്പായിരുന്നു.

തനിക്കു സമ്മാനമായ ലഭിച്ചിട്ടുള്ള വിവിധ ക്ലബ്ബുകളുയും അന്താരാഷ്ട്ര ടീമുകളുടെയും ജേഴ്‌സികള്‍ ഫ്രാന്‍സിസ് പാപ്പ നിധി പോലെയാണ് സൂക്ഷിക്കുന്നത്. കളിക്കാര്‍ ഒപ്പിട്ട ജേഴ്‌സികളും അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലുണ്ട്. ഫുഡ്‌ബോള്‍ ആരാധകനായ പാപ്പയെ കാണാന്‍ താരങ്ങള്‍ നേരിട്ടു തന്നെ വത്തിക്കാനില്‍ എത്തിയിട്ടുമുണ്ട്. ലയണല്‍ മെസ്സിയും റൊണാള്‍ഡീഞ്ഞോയും മരിയോ ബര്‍ട്ടെല്ലിയുമൊക്കെ ഇക്കൂട്ടത്തില്‍ പെടും.

കളിയില്‍ യാതൊരു തരത്തിലുള്ള വിവേചനങ്ങളും പാടില്ലെന്നാണ് ഫ്രാന്‍സിസ് പാപ്പയുടെ പക്ഷം. അവിടെ മതത്തിന്റെയോ ജാതിയുടെയോ വര്‍ണ്ണത്തിന്റെയോ അതിര്‍വരമ്പുകളുണ്ടാകാന്‍ പാടില്ല. ഫുട്ബോളെന്നാല്‍ ഒരു കളി മാത്രമല്ല. അത് പരസ്പരമുള്ള സംഭാഷണങ്ങളുടെ വേദിക കൂടിയാണ്. കളിക്കാര്‍ക്കുമുണ്ട് ചില ഉത്തരവാദിത്വങ്ങള്‍. ‘സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ളവരാണ് താരങ്ങള്‍. അവര്‍ വളരെ പ്രശസ്തരാണ്. കളിക്കളത്തിലും പുറത്തും അനുകരണീയമായ മാതൃക നല്‍കേണ്ട ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്’ തന്നെ കാണാനെത്തുന്ന കളിക്കാരോട് ഫ്രാന്‍സിസ് പാപ്പയുടെ സ്‌നേഹോപദേശം.

കാര്യങ്ങളിങ്ങനൊക്കെയാണെന്നത് ശരി തന്നെ. എന്നാല്‍ ചോരത്തിളപ്പുള്ള ഈ അര്‍ജന്റീനിയന്‍ സോക്കര്‍ ആരാധകന് ഫുട്ബോള്‍ കളിക്കാനറിയില്ല. അദ്ദേഹം തന്നെ ഒരഭിമുഖത്തില്‍ അത് തുറന്നു സമ്മതിച്ചിട്ടുണ്ട്. ഫുട്ബോള്‍ കളിയില്‍ താനൊട്ടും കേമനല്ല, കളിക്കാനറിയാവുന്നത് ബാസ്‌ക്കറ്റ്‌ബോളാണ് എന്നാണദ്ദേഹം പറഞ്ഞത്.

കാല്‍പന്തുകളിയുടെ ആരാധകനായ, കളിയെ സ്‌നേഹിക്കുന്ന പാപ്പക്ക് തികച്ചും ചേരുന്ന വിശേഷണം തന്നെ നല്‍കിയിട്ടുണ്ട് സാല്‍ഫോര്‍ഡ് ബിഷപ്പായ ജോണ്‍ അര്‍നോണ്‍ഡ്. ഫ്രാന്‍സിസ് പാപ്പ നല്ല ഒന്നാന്തരം ഫുട്ബോള്‍ ടീം മാനേജരെപ്പോലെയാണത്രേ..!! അദ്ദേഹത്തിന്റെ ടീമിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ദൈവവും..!!  ശരിയായിരിക്കാം. അതിവിദഗ്ദ്ധനായ ഒരു ടീം മാനേജറെപ്പോലെ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ നയിക്കുക എന്ന സവിശേഷമായ ദൗത്യമാണല്ലോ അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നതും.

 

അനൂപ

You must be logged in to post a comment Login