ഫുട്‌ബോള്‍ കോര്‍ട്ടില്‍ നിന്ന് അള്‍ത്താരയിലേക്ക്

ഫുട്‌ബോള്‍ കോര്‍ട്ടില്‍ നിന്ന് അള്‍ത്താരയിലേക്ക്

ഡബ്ലിന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നീ ഫുട്‌ബോള്‍ ടീമുകളിലെ താരമായിരുന്ന ഫിലിപ്പ് മുള്‍റൈന്‍ പന്തിനു പിന്നാലെയുള്ള ഓട്ടം അവസാനിപ്പിച്ച് ക്രിസ്തുവിന് പിന്നാലെ ഓടുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാന്‍ തയ്യാറെടുക്കുകയാണെന്നും, തനിക്കു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും താരം പ്രതികരിച്ചു.

38കാരനായ ഫിലിപ്പ് മുള്‍റൈന്‍ കാല്‍പന്തിന്റെ ലോകത്തേക്ക് പ്രവേശിച്ചത് തന്റെ 31-ാം വയസ്സിലാണ്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തോട് വിടപറഞ്ഞ ശേഷം ഇദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധചെലുത്തി വരികയായിരുന്നു.

1999 മുതല്‍ 2005 വരെ ക്ലബ് ഫുട്‌ബോളിലെ നിറസാന്നിധ്യമായിരുന്ന ഇദ്ദേഹം ഫുട്‌ബോള്‍ ലോകത്ത് പ്രവര്‍ത്തിക്കവെ ദൈവത്തില്‍ നിന്നകന്നാണ് കഴിഞ്ഞത്. പ്രശസ്ത മോഡലായ നിക്കോള ചാപ്മാനുമായുള്ള സൗഹൃദം, കര്‍ഫ്യൂ വകവയ്ക്കാതെ മദ്യപിച്ച് വാഹനമോടിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ചുവപ്പു കാര്‍ഡ് ലഭിച്ച നിമിഷങ്ങളായിരുന്നു. അതില്‍ നിന്നെല്ലാം മാറി ബിഷപ്പ് നോയല്‍ ട്രിയാനോറുമായുള്ള സൗഹൃദം ഇദ്ദേഹത്തെ ദൈവത്തിങ്കലേക്ക് നയിച്ചു.

2009ല്‍ റോമിലെ പോന്തിഫിക്കല്‍ ഐറിഷ് കോളേജില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ രണ്ടുവര്‍ഷം നീണ്ട പഠനം പൂര്‍ത്തിയാക്കിയിട്ടുള്ള ഇദ്ദേഹത്തിന് വീണ്ടും നാലു വര്‍ഷത്തെ ദൈവശാസ്ത്ര പഠനത്തിനു ശേഷമേ തിരുപ്പട്ടം സ്വീകരിക്കാന്‍ കഴിയൂ.

You must be logged in to post a comment Login