ഫ്രാന്‍സില്‍ ഈശോയുടെ മേലങ്കിയുടെ പ്രദര്‍ശനം

ഫ്രാന്‍സ്: കാല്‍വരിയിലേക്കുള്ള പീഡാസഹന യാത്രയില്‍ ഈശോ ധരിച്ചു എന്നു കരുതപ്പെടുന്ന മേലങ്കിയുടെ പ്രദര്‍ശനം ഫ്രാന്‍സിലെ അര്‍ജെന്റെയുവിലുള്ള സെന്റ് ഡെനിസ് ബസലിക്കയില്‍ ആരംഭിച്ചു. തുന്നല്‍ കൂടാതെ നെയ്യപ്പെട്ട മേലങ്കിയാണിത്. ഏപ്രില്‍ 10 വരെയാണ് പ്രദര്‍ശനം.

AD 800 ലാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തിനിയായിരുന്ന ഐറിന്‍ തിരുശേഷിപ്പ് ഫ്രാന്‍സില്‍ എത്തിച്ചത്. ഫ്രാന്‍സിലെ അന്നത്തെ ചക്രവര്‍ത്തിയായിരുന്ന ചാര്‍ലി മെയിന് ഐറിന്‍ മേലങ്കി സമ്മാനമായി നല്‍കുകയും ചാര്‍ലി മെയിനെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ വൈകാതെ ഐറിന്‍ സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിനാല്‍ വിവാഹം നടന്നില്ല. ചാര്‍ലി മെയിന്‍ തനിക്കു ലഭിച്ച സമ്മാനം അര്‍ജെന്റുവിലെ ഹുമിലിറ്റി ഓഫ് ഔവര്‍ ലേഡി സന്യാസസഭയുടെ അധിപയായിരുന്ന മകള്‍ തിയോഡ്രഡിനെ ഏല്‍പ്പിച്ചു.

നോര്‍മന്‍ സൈന്യത്തിന്റെ ആക്രമണകാലത്ത് കന്യാസ്ത്രികള്‍ മേലങ്കി നഷ്ടപ്പെടാതിരിക്കുവാന്‍ ഭിത്തിക്കു പിന്നില്‍ ഒളിച്ചുവെച്ചു. 12-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ആശ്രമം വിശുദ്ധ ഡെനിസിന്റെ പേരിലുള്ള ബനഡിക്ടന്‍ സന്യാസിമാരുടെ ഉടമസ്ഥതയിലായി. തുടര്‍ന്നിങ്ങോട്ട് കേടുപാടുകളൊന്നും കൂടാതെ തിരുശേഷിപ്പ് സൂക്ഷിച്ചു വരികയാണ്.

You must be logged in to post a comment Login