ഫ്രാന്‍സിസ് പാപ്പക്ക് ഒന്നരക്കോടിയിലധികം ഫോളോവേഴ്‌സ്…!!!

ഫ്രാന്‍സിസ് പാപ്പക്ക് ഒന്നരക്കോടിയിലധികം ഫോളോവേഴ്‌സ്…!!!

വത്തിക്കാന്‍: ശനിയാഴ്ച ആരംഭിച്ച ഫ്രാന്‍സിസ് പാപ്പയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ഇതിനോടകം ഒന്നരക്കോടിയിലധികം ഫോളോവേഴ്‌സ്..!! താന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ‘ഫ്രാന്‍സിസ്‌കസ്’ എന്ന പേരിലുള്ള ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ‘ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക, ദൈവവത്തിന്റെ സ്‌നേഹവും കരുണയും പ്രഘോഷിക്കാന്‍ ഞാന്‍ പുതിയ യാത്ര തുടങ്ങുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു തുടക്കം.

ഫ്രാന്‍സിസ് പാപ്പ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് നിമിഷങ്ങള്‍ക്കകം അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റ് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടു. ‘നമ്മുടെ വിശ്വാസം എന്തു തന്നെയും ആയിക്കൊള്ളട്ടെ. ഫ്രാന്‍സിസ് പാപ്പയുടെ എളിമയും ദയയും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്.കരുണയും സമത്വവും നീതിയും ലോകത്തിന് പാപ്പ പകര്‍ന്നു കൊടുക്കുന്നത് ഞാന്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്നു’, സുക്കര്‍ബര്‍ഗ് കുറിച്ചു. ഫ്രാന്‍സിസ് പാപ്പയെ ഫോളോ ചെയ്യാനാഗ്രഹിക്കുന്ന കാര്യവും അദ്ദേഹം മറച്ചുവെച്ചില്ല.

വത്തിക്കാനിലെ വാര്‍ത്താവിനിമയകാര്യ വിഭാഗമാണ് ഫ്രാന്‍സിസ്‌കസിലെ പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നത്. ആദ്യം പോസ്റ്റു ചെയ്ത ചിത്രത്തിനു പിന്നാലെ കൂടുതല്‍ ചിത്രങ്ങളും കരുണയുടെ സന്ദേശം പ്രഘോഷിച്ചുകൊണ്ടുള്ള ഒരു വീഡിയോയും ഫ്രാന്‍സിസ്‌കസില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം സിഇഒ കെവിന്‍ സിസ്ട്രം കഴിഞ്ഞ മാസം വത്തിക്കാനിലെത്തി ഫ്രാന്‌സിസ് പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ആശയവിനിമയരംഗത്തും അതിര്‍ത്തികളും ദേശങ്ങളും സംസ്‌കാരങ്ങളും ഭേദിച്ച് ജനങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിപ്പിക്കുന്നതിലും ചിത്രങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്.

കെവിന്‍ സിസ്ട്രത്തിന്റെ സന്ദര്‍ശനത്തോടെ ഫ്രാന്‍സിസ് പാപ്പയുടേതായി ഒരു ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകള്‍ അധികം വൈകാതെ തന്നെ വത്തിക്കാന്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു.

You must be logged in to post a comment Login