ഫ്രാന്‍സിസ് പാപ്പയുടെ ജീവിതം വെള്ളിത്തിരയില്‍

ഫ്രാന്‍സിസ് പാപ്പയുടെ ജീവിതം വെള്ളിത്തിരയില്‍

cinemaകത്തോലിക്കാ സഭയുടെ പരമോന്നത അദ്ധ്യക്ഷനായി സ്ഥാനമേറ്റതു മുതല്‍ തന്നെ ഫ്രാന്‍സിസ് പാപ്പയെക്കുറിച്ച് നിരവധി ജീവചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ അച്ചടിക്കപ്പെട്ട വാക്കുകളിലൂടെ അറിഞ്ഞ മാര്‍പാപ്പയുടെ ജീവിതം സിനിമയാക്കാനുള്ള ശ്രമത്തിലാണ് ചലച്ചിത്ര നിര്‍മ്മാതാവായ പാബ്ലോ ബോസ്സി. അര്‍ജന്റൈന്‍-സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങുന്ന ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. എലിസബെറ്റ പിക്ക് എഴുതിയ ‘പോപ്പ് ഫ്രാന്‍സിസ്: ലൈഫ് ആന്‍ഡ് റവലൂഷന്‍: എ ബയോഗ്രഫി ഓഫ് ജോര്‍ജ്ജ് ബര്‍ഗോളിയോ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരിക്കും ചിത്രം നിര്‍മ്മിക്കുക.
ബെദ ഡോക്കമ്പോ ഫെയ്ജൂ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫ്രാന്‍സിസ് പാപ്പയായി അഭിനയിക്കുക ദാരിയോ ഗ്രാന്‍ഡിനേറ്റി ആയിരിക്കും. കഴിഞ്ഞ ഡിസംബറില്‍ ഇവര്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ‘ ഫ്രാന്‍സിസ് പാപ്പയോട് ജനങ്ങള്‍ക്കുള്ള ആരാധന ഈ സിനിമ പുറത്തിറങ്ങുന്നതോടെ വര്‍ദ്ധിക്കുമെന്നുറപ്പാണ്. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്’ , സംവിധായകന്‍ പറയുന്നു.

 

ബ്യൂണസ് ഐറിസില്‍ കര്‍ദ്ദിനാള്‍ ബര്‍ഗ്ഗോളിയോ ആയുള്ള മാര്‍പാപ്പയുടെ ജീവിതവും അഴിമതിക്കും സാമൂഹ്യതിന്‍മകള്‍ക്കുമെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടവുമായിരിക്കും സിനിമയുടെ കേന്ദ്രപ്രമേയം. അടുത്ത ജനുവരിയില്‍ ബ്യൂണസ് ഐറിസിലാണ് ചിത്രീകരണം ആരംഭിക്കുക. പിന്നീട് മാഡ്രിഡിലും റോമിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം അടുത്ത വര്‍ഷം തന്നെ തിയേറ്ററുകളിലെത്തും.

You must be logged in to post a comment Login