ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശം

വത്തിക്കാന്‍: കരുണയുടെ അസാധാരണ ജൂബിലിവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കരുണ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. കരുണ അടിസ്ഥാനമാക്കിയുള്ള ആത്മീയതക്കായിരിക്കണം ഈ നോമ്പുകാലത്ത് ഊന്നല്‍ നല്‍കേണ്ടതെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

‘ദൈവത്തിന്റെ കരുണക്ക് മനുഷ്യമനസ്സുകളെത്തന്നെ പരിവര്‍ത്തനം ചെയ്യാനുള്ള ശക്തിയുണ്ട്. നമുക്കു ലഭിച്ചിരിക്കുന്ന കരുണ ചുറ്റുമുള്ളവരിലേക്കു പകരാനും നമുക്കു കടമയുണ്ട്’, മാര്‍പാപ്പ തന്റെ നോമ്പുകാല സന്ദേശത്തില്‍ പറയുന്നു. അനുദിന ജീവിതത്തില്‍ നമ്മുടെ അയല്‍ക്കാരിലേക്കും സഹോദരങ്ങളിലേക്കും കരുണാര്‍ദ്ര സ്‌നേഹം പകരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആത്മീയതലത്തിലും ഭൗതിക തലത്തിലും ഈ കരുണ ആവശ്യമാണ്. മറ്റുള്ളവരുടെ വിശപ്പകറ്റുന്നതിലൂടെ, രോഗികളായവരെ ആശ്വസിപ്പിക്കുന്നതിലൂടെ, തടവുകാരെ സന്ദര്‍ശിക്കുന്നതിലൂടെ അവര്‍ക്ക് ഉപദേശം നല്‍കുന്നതിലൂടെ നമ്മളും കരുണയുടെ വാഹകരാകുകയാണ് ചെയ്യുന്നത്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ ഈശോ ഇപ്രകാരം പറയുന്നു: ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്’. കരുണയുടെ ഈ വര്‍ഷത്തില്‍ നാം ഓര്‍ത്തിരിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമായ തിരുവചനമാണിത്.

സമ്പത്തും സ്ഥാനമാനങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ആത്മീയമായ ഒരുതരം അന്ധതയും നമ്മെ ബാധിക്കും. ധനവാന്റെയും ലാസറിന്റെയും ഉപമ ഫ്രാന്‍സിസ് പാപ്പ ഉദാഹരണമായി പറഞ്ഞു. ലാസര്‍ പ്രതിനിധാനം ചെയ്യുന്നത് ക്രിസ്തുവിനെയാണ്. മാനസാന്തരപ്പെടാന്‍, കരുണ ചെയ്യാന്‍ ദൈവം ഒരുക്കിത്തരുന്ന ഇത്തരം അവസരങ്ങളെ കണ്ടില്ലെന്നു നടിക്കരുതെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

ആധുനിക യുഗത്തില്‍ ദൈവത്തിന് വലിയ സ്ഥാനമില്ല. മനുഷ്യന്‍ ചൂഷണം ചെയ്യപ്പെടാനുള്ള ഉപകരണമായും മാറിയിരിക്കുന്നു. പാവപ്പെട്ടവരുടെ ലോകത്തില്‍ ദരിദ്രര്‍ക്ക് സ്ഥാനവുമില്ല. ദരിദ്രനു നേരെ സമ്പന്നര്‍ വാതില്‍ കൊട്ടിയടക്കുന്നു. ഈ നോമ്പുകാലം പരിവര്‍ത്തനത്തിനുള്ള അവസരമായി മാറട്ടെ. ക്രിസ്തുവിന് പ്രവേശിക്കാന്‍ നമ്മുടെ വാതിലുകളെ നമുക്ക് തുറന്നിടാം, മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login