ഫ്രാന്‍സിസ് പാപ്പയുടെ പുതുവത്സര സന്ദേശം

വത്തിക്കാന്‍: പുതുവര്‍ഷം, പുതിയ പ്രതീക്ഷകള്‍.. 2016 നെ ലോകം വരവേറ്റു കഴിഞ്ഞു. പുതുവത്സര സന്ദേശം നല്‍കാന്‍ ഫ്രാന്‍സിസ് പാപ്പയും മറന്നില്ല. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലര്‍പ്പിച്ച ദിവ്യബലിക്കിടെയായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ പുതുവത്സര സന്ദേശം. ‘പോയ വര്‍ഷത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുക, പുതിയ വര്‍ഷത്തില്‍ നമ്മുടെയോരോരുത്തരുടേയും ജീവിതത്തില്‍ ദൈവത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയുക. എല്ലാ കാര്യങ്ങളും പുതുമയുള്ളതാകാന്‍ ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മിലുണ്ടായേ തീരൂ. കഴിഞ്ഞ വര്‍ഷം സന്തോഷവും സങ്കടങ്ങളുമെല്ലാം നമുക്ക് സമ്മാനിച്ചിട്ടുണ്ടാകാം. അവയില്‍ നിന്നെല്ലാം പഠിക്കുക’ മാര്‍പാപ്പ പറഞ്ഞു.

പുതിയ കാലത്ത് ഒട്ടേറെ വെല്ലുവിളികള്‍ നാം നേരിടുന്നുണ്ട്. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ദൈവഹിത പ്രകാരം സംഭവിക്കുന്നതല്ല. സ്വകാര്യ താത്പര്യങ്ങളാണ് പലപ്പോഴും നമ്മെ ഭരിക്കുന്നത്. അധികാരമോഹവും അക്രമവാസനയും മുന്‍പെന്നത്തെക്കാളുമുപരി ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു.

പോയ വര്‍ഷം നിരവധി ദുരന്തങ്ങള്‍ക്കും മരണങ്ങള്‍ക്കും നാം സാക്ഷിയായി. നിരപരാധികളായ പലരും അക്രമത്തിനിരകളായി. സ്ത്രീകളും കുട്ടികളുമടക്കം പലരും തങ്ങളുടെ മാതൃരാജ്യം വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. എങ്കിലും വാര്‍ത്തകളിലിടം നേടാത്ത നിരവധി നന്‍മ പ്രവൃത്തികള്‍ ചെയ്തവരും പോയ വര്‍ഷത്തിലുണ്ട്. തിന്‍മയുടെ ശക്തി എത്രയൊക്കെ ആധിപത്യം പുലര്‍ത്തിയാലും ഒടുവില്‍ ദൈവം തന്നെ വിജയം കൈവരിക്കുമെന്നതിന്റെ അടയാളമാണ് ഇവയൊക്കെ. കരുണയുടെ ഈ വര്‍ഷത്തില്‍ കഴിഞ്ഞ കാലത്തിലെ എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ച് നന്‍മ പ്രവൃത്തികള്‍ ചെയ്യാന്‍ സമയം കണ്ടെത്തണമെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login