ഫ്രാന്‍സിസ് പാപ്പയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനം: വത്തിക്കാന്‍ വാര്‍ത്ത നിഷേധിച്ചു

ഫ്രാന്‍സിസ് പാപ്പയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനം: വത്തിക്കാന്‍ വാര്‍ത്ത നിഷേധിച്ചു

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പ ഈ വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും എന്ന രീതിയില്‍ പ്രചരിക്കുന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വത്തിക്കാന്‍ മാധ്യമകാര്യവക്താവ് ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ദ്ദി അറിയിച്ചു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ക്ഷണം ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചവെന്ന് പാക്ക്, അമേരിക്കന്‍, വത്തിക്കാന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു.

മാര്‍പാപ്പ ‘നോ’ എന്ന് പറഞ്ഞിട്ടില്ല. അതിനര്‍ത്ഥം അദ്ദേഹം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നല്ലെന്നും ഇക്കാര്യത്തില്‍ ഒരന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ദ്ദി വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ന്യൂനപക്ഷ കാര്യ മന്ത്രി സര്‍ദാര്‍ യൂസഫും തുറമുഖ മന്ത്രി കംറാന്‍ മൈക്കിളിന്റെയും നേതൃത്വത്തിലുള്ള സംഘം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. പാക്കിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി വത്തിക്കാനില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയിലും ഫ്രാന്‍സിസ് പാപ്പ പങ്കെടുത്തു.

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യപിക്കാന്‍ സെപ്റ്റംബറില്‍ ഫ്രാന്‍സിസ് പാപ്പ ഇന്ത്യയിലെത്തുമെന്നും സൂചനകളുണ്ടായിരുന്നു. ഇക്കാര്യത്തിലും വത്തിക്കാന്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ഏറ്റവുമവസാനം ഇന്ത്യയും പാക്കിസ്ഥാനും സന്ദര്‍ശിച്ച മാര്‍പാപ്പ. 1981 ല്‍ പാക്കിസ്ഥാനും 1986 ല്‍ ഇന്ത്യയും അദ്ദേഹം സന്ദര്‍ശിച്ചു.

You must be logged in to post a comment Login