ഫ്രാന്‍സിസ് പാപ്പയുടെ ഭക്ഷണശീലങ്ങളെക്കുറിച്ച് മെക്‌സിക്കന്‍ ഷെഫ്…

ഫ്രാന്‍സിസ് പാപ്പയുടെ ഭക്ഷണശീലങ്ങളെക്കുറിച്ച് മെക്‌സിക്കന്‍ ഷെഫ്…

മെക്‌സിക്കന്‍ ഷെഫായ ജോ ഇബാറക്ക് ഇപ്പോഴും നൂറു നാവാണ്. ഫ്രാന്‍സിസ് പാപ്പയെക്കുറിച്ചും അദ്ദേഹത്തിന്റെ ഭക്ഷണ ശീലങ്ങളെക്കുറിച്ചും പറയുമ്പോള്‍. മാര്‍പാപ്പ മെക്‌സിക്കോയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് രുചികരമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കുക എന്ന ചുമതല അധികൃതര്‍ ഏല്‍പിച്ചത് ഇബാറയെ ആണ്. ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യവും ഡയറ്റും പരിഗണിച്ചുവേണം ഭക്ഷണം തയ്യാറാക്കേണ്ടത് എന്ന നിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കിലും രുചികരമായ ഭക്ഷണമുണ്ടാക്കാനും പരീക്ഷണങ്ങള്‍ നടത്താനുമുള്ള പൂര്‍ണ്ണ സ്വാതന്ത്യം ഇബാറക്ക് ലഭിച്ചിരുന്നു.

ജോ ഇബാറയുടെ നേതൃത്വത്തിലുള്ള 5 പാചകക്കാരാണ് മെക്‌സിക്കോയിലെത്തിയ ഫ്രാന്‍സിസ് പാപ്പക്കു വേണ്ടി രുചികരമായ ഭക്ഷണം തയ്യാറാക്കിയത്. 79 കാരനായ പാപ്പയുടെ ആരോഗ്യം പരിഗണിച്ചാണ് തങ്ങള്‍ അദ്ദേഹത്തിനുള്ള ഭക്ഷണം തയ്യാറാക്കിയതെന്നും എരിവ് പരമാവധി കുറച്ചുള്ള പാചകമായിരുന്നെന്നും ഇബാറ പറഞ്ഞു. കുരു കളഞ്ഞ പഴങ്ങളാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്. ശരീരത്തില്‍ സോഡിയത്തിന്റെ അംശം കുറവായിരുന്നതിനാല്‍ മാര്‍പാപ്പക്ക് കുടിക്കാനുള്ള വെള്ളം വത്തിക്കാനില്‍ നിന്നു തന്നെ കൊണ്ടുവന്നിരുന്നു. ലളിതമായ ഭക്ഷണങ്ങള്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ഇതാദ്യമായല്ല കത്തോലിക്കാ സഭയുടെ പരമോന്നത തലവനുവേണ്ടി ജോ ഇബാറ ഭക്ഷണമുണ്ടാക്കുന്നത്. നാലു വര്‍ഷം മുന്‍പ് ബനഡിക്ട് പതിനാറാമന്‍ പാപ്പ മെക്‌സിക്കോയിലെത്തിയപ്പോള്‍ അദ്ദേഹത്തിനു വേണ്ടി ഭക്ഷണമുണ്ടാക്കിയതും ഇബാറയുടെ നേതൃത്വത്തിലാണ്. ‘ഇത് എനിക്കു ലഭിക്കുന്ന അംഗീകാരമാണ്. ആളുകള്‍ക്ക് എന്നിലുള്ള വിശ്വാസത്തിന്റെ അടയാളം കൂടിയാണിത്. ഇരുവര്‍ക്കും വേണ്ടി ഭക്ഷണമുണ്ടാക്കിയത് സമാനതകളില്ലാത്ത അനുഭവമാണ്’, ജോ ഇബാറ പറഞ്ഞു.

You must be logged in to post a comment Login