ഫ്രാന്‍സിസ് പാപ്പ മെക്‌സിക്കോയില്‍

ഫ്രാന്‍സിസ് പാപ്പ മെക്‌സിക്കോയില്‍

മെക്‌സിക്കോ: സന്തോഷം, ആവേശം, ഉത്സാഹം.. ഈ വികാരങ്ങളെല്ലാം സമം ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പക്ക് മെക്‌സിക്കന്‍ ജനതയുടെ അത്യുജ്വല സ്വീകരണം. പ്രാദേശിക സമയം ഇന്നലെ രാത്രി 7.30 നാണ് മാര്‍പാപ്പ മെക്‌സിക്കോയിലെ ബെനിറ്റോ ജുവാരസ് മെക്‌സിക്കോ സിറ്റി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്.

നൂറു കണക്കിനാളുകളാണ് ആര്‍പ്പുവിളികളോടെ പാപ്പയെ വരവേല്‍ക്കാന്‍ വിമാനത്താവളത്തില്‍ കാത്തുനിന്നത്. മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്ക് പെന നീറ്റോയും ഭാര്യ ആഞ്ചലിക്ക റിവേരയും അദ്ദേഹത്തെ സ്വാഗതം ചെയ്തു. ‘പോപ്പ് ഫ്രാന്‍സിസ്, നിങ്ങള്‍ ഒരു മെക്‌സിക്കോക്കാരനായിക്കഴിഞ്ഞു’, ജനക്കൂട്ടം ആര്‍പ്പുവിളിച്ചു.

ഒരു കൂട്ടം കുട്ടികള്‍ അടുത്തെത്തി മാര്‍പാപ്പക്ക് പൂച്ചെണ്ടുകള്‍ സമ്മാനിച്ചു. വിവിധ മെക്‌സിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണുകള്‍ അടങ്ങിയ പെട്ടിയും ഇവര്‍ മാര്‍പാപ്പക്ക് നല്‍കി. തുടര്‍ന്ന് ഒരു കൂട്ടം ഗായകര്‍ പാപ്പക്കായി മെക്‌സിക്കോയിലെ നാടന്‍ പാട്ടുകള്‍ പാടി. ചിലര്‍ നൃത്തം ചെയ്തു. സ്വീകരണത്തിനൊടുവില്‍ കുട്ടികളെ അനുഗ്രഹിക്കാനും മാര്‍പാപ്പ മറന്നില്ല. തനിക്കായി സംഗീതവിരുന്നൊരുക്കിയ ഗായകസംഘത്തിന് മാര്‍പാപ്പ നന്ദി പറഞ്ഞു. തുടര്‍ന്ന് മാര്‍പാപ്പ തന്റെ പോപ്പ് മൊബീലില്‍ മെക്‌സിക്കോയിലെ അപ്പസ്‌തോലിക് കാര്യാലയത്തിലേക്കു പുറപ്പെട്ടു.

You must be logged in to post a comment Login