ഫ്രാന്‍സിസ് പാപ്പ ലെസ്‌ബോസിലെത്തി

ഫ്രാന്‍സിസ് പാപ്പ ലെസ്‌ബോസിലെത്തി

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പ ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെത്തി. ലെസ്‌ബോസിലെത്തിയ അഭയാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. വത്തിക്കാന്‍ സമയം രാവിലെ 9.30ലാണ് മാര്‍പാപ്പ ലെസ്‌ബോസിലേക്ക് പുറപ്പെട്ടത്. ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസുമായി കൂടിക്കാഴ്ച നടത്തി. 2500 ഓളം അഭയാര്‍ത്ഥികള്‍ പാര്‍ക്കുന്ന മോറിയ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തേണ്ടതിനാല്‍ കൂടിക്കാഴ്ച അധിക സമയം നീണ്ടുനിന്നില്ല.

ആറു മണിക്കൂര്‍ മാര്‍പാപ്പ ലെസ്‌ബോസ് ദ്വീപില്‍ ചെലവിടും. ഫ്രാന്‍സിസ് പാപ്പയുടെ ഉച്ചയൂണ് ലെസ്‌ബോസിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. യൂറോപ്പിലെത്തിയ അഭയാര്‍ത്ഥകളില്‍ അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ പാര്‍ക്കുന്നത് ഇവിടെയാണ്.

മെഡിറ്ററേനിയന്‍ കടല്‍ കടന്നെത്തിയ അഭയാര്‍ത്ഥികളാണ് ഇവിടെയുള്ളത്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് മാര്‍പാപ്പ നടത്തുന്ന കാരുണ്യപ്രവൃത്തികളുടെ ഭാഗമായാണ് ലെസ്‌ബോസ് സന്ദര്‍ശനം.

You must be logged in to post a comment Login