ഫ്‌ളാനറി ഒ കോണറിന്റെ ചിത്രം ഇനി അമേരിക്കയിലെ തപാല്‍ സ്റ്റാമ്പുകളിലും

ഫ്‌ളാനറി ഒ കോണറിന്റെ ചിത്രം ഇനി അമേരിക്കയിലെ തപാല്‍ സ്റ്റാമ്പുകളിലും

oconerഅമേരിക്കന്‍ എഴുത്തുകാരിയും ക്രൈസ്തവമതഭക്തയുമായിരുന്ന ഫ്‌ളാനറി ഒ കോണറിന്റെ ചിത്രം ഇനി അമേരിക്കയിലെ തപാല്‍ സ്റ്റാമ്പുകളില്‍ ഇടം നേടും. അമേരിക്കന്‍ പോസ്റ്റല്‍ വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഫ്‌ളാനറി കോണര്‍ തന്റെ സര്‍ഗാത്മകരചനകളിലേര്‍പ്പെട്ടിരുന്ന ജോര്‍ജിയയിലെ പീക്കോക്ക് ഫാമിനെ അനുസ്മരിപ്പിക്കും വിധം മയില്‍ തൂവലുകള്‍ കൊണ്ട് അലങ്കരിച്ചാണ് സ്റ്റാമ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ജോര്‍ജിയയിലെ കത്തോലിക്കാ ദമ്പതികളുടെ മകളായി 1925 ലാണ് കോണറിന്റെ ജനനം. ജോര്‍ജിയയില്‍ വെച്ചുതന്നെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ ഉപരിപഠനത്തിനായി ന്യൂയോര്‍ക്കിലേക്കു പോകുകയും ചര്‍മ്മാര്‍ബുദബാധയെത്തുടര്‍ന്ന് വീട്ടില്‍ തിരികെയെത്തുകയുമായിരുന്നു. പിന്നീടുള്ള സമയം പ്രാര്‍ത്ഥനക്കായും എഴുത്തിനായും വീട്ടുജോലികള്‍ക്കായും നീക്കിവെച്ചു. ആദ്യനോവലായ വൈസ് ബ്ലഡ്, ചെറുകഥകയായ എ ഗുഡ് മാന്‍ ഈസ് ഹാര്‍ഡ് ടു ഫൈന്‍ഡ്, കഥാസമാഹാരമായ ദ കംപ്ലീറ്റ് സ്റ്റോറീസ് ഓഫ് ഫ്‌ളാനറി ഒ കോണര്‍ എന്നിവ പ്രശസ്തമായ രചനകളാണ്. 1934 ല്‍ 39-ാം വയസ്സിലാണ് കോണറിന്റെ മരണം.
അമേരിക്കയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കത്തോലിക്കാസഭയ്ക്കും അഭിമാനം നല്‍കുന്ന നേട്ടമാണിതെന്ന് അമേരിക്കയിലെ ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റിയിലെ മതപഠനവിഭാഗം പ്രൊഫസ്സര്‍ റാള്‍ഫ് വുഡ് പറഞ്ഞു. കോണര്‍ മരിച്ച് അന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറവും അവരുടെ രചനകള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നുണ്ടെന്നും വിശ്വാസജീവിതവും സാഹിത്യജീവിതവും ഒരുമിച്ചു കൊണ്ടുപോയ വ്യക്തിയായിരുന്നു കോണറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവവുമായി അഭേദ്യമായൊരു ബന്ധം കോണറിനുണ്ടായിരുന്നു. 20-ാം വയസ്സില്‍ കോളേജിലെ പ്രാര്‍ത്ഥനാപുസ്തകത്തിലെഴുതിയ പ്രാര്‍ത്ഥനാഗീതം ഇതിനുദാഹരണമാണ്. തന്റെ ഉള്ളിലെ സാഹിത്യാഭിരുചി കോണര്‍ കണ്ടെത്തിയത് ഇക്കാലയളവിലാണ്. വായനക്കാരെ സന്തോഷിപ്പിക്കുന്ന രീതിയിലല്ല അവര്‍ എഴുതിയത്. കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളും വേദനകളും ആ രചനകളില്‍ നിറഞ്ഞു നിന്നിരുന്നു. അപ്പോഴും ദൈവത്തോടുള്ള സ്‌നേഹം ആ രചനകളില്‍ കാണാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login