ബംഗ്ലാദേശില്‍ നിന്ന് പ്രഥമവിശുദ്ധന്‍ എന്ന്?

ബംഗ്ലാദേശില്‍ നിന്ന് പ്രഥമവിശുദ്ധന്‍ എന്ന്?

theotonius_1ധാക്ക ആര്‍ച്ച് ബിഷപ് ധന്യന്‍ തിയോടോണിയസ് അമല്‍ ഗാഗുലിയുടെ ചരമദിനമായിരുന്നു സെപ്തംബര്‍ രണ്ട്. 1977 ല്‍ ഹൃദയസ്തംഭനം മൂലം മരണമടയുമ്പോള്‍ അദ്ദേഹത്തിന് അമ്പത്തിയേഴ് വയസ് മാത്രമായിരുന്നു പ്രായം. 38 ാം ചരമവാര്‍ഷികച്ചടങ്ങുകള്‍ക്കായി സെന്റ് മേരീസ് കത്തീഡ്രലില്‍ എത്തിച്ചേര്‍ന്ന വിശ്വാസികളുടെ പ്രാര്‍ത്ഥന ഒന്നുമാത്രമായിരുന്നു. എത്രയും പെട്ടെന്ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കണം.
ജീവിതകാലത്ത് തന്നെ വിശുദ്ധിയുടെ പരിമളം പരത്തിയ വ്യക്തിത്വമായിരുന്നു ബിഷപ്പിന്റേത്. ആദ്യത്തെ പ്രാദേശികമെത്രാനും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ ബംഗ്ലാദേശുകാരന്‍ എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. 2006 ല്‍ അമല്‍ ഗാഗുലിയെ ദൈവദാസപദവിയിലേക്ക് ഉയര്‍ത്തിയിരുന്നു.
അത്യത്ഭുതകരമായ രോഗസൗഖ്യങ്ങള്‍ ഗാഗുലിയുടെ മാധ്യസ്ഥശക്തിയാല്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗാഗുലിയുടെ ശിഷ്യന്‍ മാന്‍കിന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്.
ഹൃദയസംബന്ധമായ രോഗത്തിന്  വിദഗ്ദ ചികിത്സ തേടി സിംഗപ്പൂരിലേക്ക് പോയ അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് ഒരു ഓപ്പറേഷനായിരുന്നു. അന്നുമുതല്‍ അദ്ദേഹം ആര്‍ച്ച് ബിഷപിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥന ആരംഭിച്ചു. വീണ്ടും പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഡോക്ടേഴ്‌സിന്റെ കണ്ടെത്തല്‍ മാന്‍കിന് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഒന്നും ഇല്ലെന്നായിരുന്നു.
ഇത്തരത്തിലുള്ള വേറെയും അനുഭവസാക്ഷ്യങ്ങള്‍ ആര്‍ച്ച് ബിഷപ്പിന്റെ മാധ്യസ്ഥ ശക്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് നാമകരണനടപടികള്‍ വേഗത്തിലാക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്.

You must be logged in to post a comment Login