ബംഗ്ലാദേശ് വിലപിക്കുന്നു; ബ്രദര്‍ ഡോക്ടര്‍ യാത്രയായി

ബംഗ്ലാദേശ് വിലപിക്കുന്നു; ബ്രദര്‍ ഡോക്ടര്‍ യാത്രയായി

DOCTORധാക്ക: ഗ്രാമങ്ങളിലെ ദരിദ്രരുടെയും ചികിത്സാസൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നവരുടെയും ഭിഷ്വഗ്വരനായിരുന്ന ഡോക്ടര്‍ എഡ്രിക്ക് ബേക്കര്‍ യാത്രയായി. എഴുപത്തിയഞ്ചുകാരനായ അദ്ദേഹം ഹൃദ്രോഗബാധയെ തുടര്‍ന്നാണ് നിര്യാതനായത്. എല്ലാവര്‍ക്കും അദ്ദേഹം ബ്രദര്‍ ഡോക്ടറായിരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും ദരിദ്രര്‍ക്കായി ജീവിച്ച നിസ്വാര്‍ത്ഥമതിയായിരുന്നു ഡോക്ടര്‍ എഡ്രിക്ക്. ന്യൂസിലാന്റുകാരനായ അദ്ദേഹം ദരിദ്രരുടെ ചികിത്സാസൗകര്യങ്ങള്‍ക്കായി 1996 ല്‍ ഒരു സെന്റര്‍ സ്ഥാപിക്കുകയും നൂറോളം പേര്‍ക്ക് ചികിത്സാപരിശീലനം നല്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയ്ക്കുകയും ചെയ്തിട്ടുണ്ട്. 1941 ലായിരുന്നു ജനനം. 1965 ല്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം വിയറ്റ്‌നാം യുദ്ധകാലത്ത് സേവനം ചെയ്തിട്ടുണ്ട്. 1979 ല്‍ ബംഗ്ലാദേശിലേക്ക് യാത്രയായി. രണ്ടുവര്‍ഷം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തതിന് ശേഷം 1983 ല്‍ ബംഗ്ലാദേശിലെ സഭ നടത്തിവന്നിരുന്ന ഹോസ്പിറ്റലിലേക്ക് നിയമിതനായി. പിന്നീട് ന്യൂസിലാന്റ്, യൂറോപ്പ്, യുനൈറ്റഡ് സ്റ്റേറ്റ്‌സ്, എന്നിവിടങ്ങളിലെ തന്റെ സുഹൃത്തുക്കളുടെ സാമ്പത്തികസഹായം കൈപ്പറ്റി 1996 ല്‍ ഒരു മെഡിക്കല്‍ സെന്റര്‍ സ്ഥാപിച്ചു. ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തെ പ്രതി ബംഗ്ലാദേശ് ഗവണ്‍മെന്റ് ഹോണററി പൗരത്വം നല്കിയിരുന്നു. തന്റെ സെന്ററില്‍ മതാന്തരപ്രാര്‍്ത്ഥനകള്‍ നടത്തി ജനങ്ങളെ ഐക്യത്തിലും സമാധാനത്തിലും ജീവിക്കുവാനും ഡോക്ടര്‍ പ്രേരിപ്പിച്ചിരുന്നു. ഡോക്ടറുടെ മരണത്തോടെ ബംഗ്ലാദേശിലെ ദരിദ്രര്‍ക്ക് വലിയൊരു തണല്‍മരമാണ് നഷ്ടമായിരിക്കുന്നത്.

You must be logged in to post a comment Login