ബംഗ്ലാവ് പണിയാന്‍ നേരത്ത് വിശുദ്ധന്റെ രൂപം കണ്ടെത്തി, പൂനെയിലെ സെന്റ് ആന്റണീസ് തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പിറവിക്ക് പിന്നിലെ കഥ

ബംഗ്ലാവ് പണിയാന്‍ നേരത്ത് വിശുദ്ധന്റെ രൂപം കണ്ടെത്തി, പൂനെയിലെ സെന്റ് ആന്റണീസ് തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പിറവിക്ക് പിന്നിലെ കഥ

പൂനെ: രൂപതയിലെ അംഗീകരിച്ച ഏക കത്തോലിക്ക തീര്‍ത്ഥാടനകേന്ദ്രമായ സെന്റ് ആന്റണീസ് ഷ്രൈന് എണ്‍പത് വര്‍ഷത്തിന് ശേഷം ആദ്യമായി പുതിയ ഒരു കെട്ടിടം കൂടി ലഭിച്ചു. ഒറ്റമുറി ചാപ്പലും വെളിയിലൊരു കെട്ടിടവുമായി എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് സെന്റ് ആന്റണീസ് ഷ്രൈന്‍. പുതിയ കെട്ടിടത്തില്‍ ഇരുനൂറ് പേര്‍ക്കുള്ള സൗകര്യവും പാര്‍ക്കിംങ് ഏരിയായുമുണ്ട്. ഇതിന്റെ ആശീര്‍വാദവും ഉദ്ഘാടനവും ഈ മാസം 29 ന് ബിഷപ് ദാബ്രെ നിര്‍വഹിക്കും.

ഈ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പിറവിയ്ക്ക് പിന്നില്‍ രസകരമായൊരു കഥയുണ്ട്. വിശ്വാസികളായ ദമ്പതികളായിരുന്നു ബ്രിട്ടനില്‍ നിന്നുള്ള ഹെന്‍ട്രി വില്യമും ഭാര്യ കോണ്‍സ്റ്റാന്‍സും. അക്കൗണ്ടന്റായിരുന്നു വില്യം. കറാച്ചിയില്‍ നിന്ന് പൂനെയിലേക്ക് താമസം മാറ്റേണ്ടിവന്നപ്പോള്‍ അവര്‍ക്കവിടെ ഒരു ബംഗ്ലാവ് പണിയേണ്ടതായി വന്നു.

ബംഗ്ലാവിന്റെ പണി നടക്കുന്നതിനിടയിലാണ് പാദുവായുടെ മധ്യസ്ഥനായ ഇറ്റലിക്കാരനായ വിശുദ്ധ അന്തോനീസിന്റെ തിരുസ്വരൂപം അവിടെ നിന്ന് വില്യമിന് കണ്ടുകിട്ടിയത്. തിരുസ്വരൂപം കണ്ടുകിട്ടിയ വാര്‍ത്ത പരന്നതോടെ വിശ്വാസികള്‍ തിരുരൂപദര്‍ശനത്തിനായി വില്യമിന്റെ വീട്ടിലേക്ക് ഒഴുകിത്തുടങ്ങി. അപ്പോള്‍ വിശുദ്ധന്റെ രൂപം സ്ഥാപിക്കാനും വിശ്വാസികള്‍ക്ക് വണങ്ങാനുമായി ഒരു മുറി പണിയേണ്ട സാഹചര്യമുണ്ടായി വില്യമിന്. ഈ മുറി പിന്നീട് സെന്റ് ആന്റണിയുടെ നാമത്തിലുള്ള ചാപ്പലായി രൂപാന്തരപ്പെടുകയായിരുന്നു.

വില്യമിന്റെ മരണശേഷം ഭാര്യ ഈ ചാപ്പല്‍ കത്തോലിക്കാ രൂപതയ്ക്ക് നല്കി. എങ്കിലും 2010 വരെ ഇവിടെ പ്രാര്‍ത്ഥനകള്‍ നയിക്കാന്‍ വൈദികരുടെ സേവനം ലഭ്യമായിരുന്നില്ല. 2010 ലാണ് രണ്ടു വൈദികരെ ലഭിക്കുന്നത്. ഫാ. ഡൊമിനിക് ആദവും ഫാ. ആല്‍ഫ്രല്‍ഡ് മിറാന്‍ഡയും. അടുത്തവര്‍ഷം പൂനെ ബിഷപ് തോമസ് ദാബ്രെ ചാപ്പലിനെ രൂപതാ തീര്‍തഥാടനകേന്ദ്രമായി ഉയര്‍ത്തുകയായിരുന്നു.

നാലുവര്‍ഷം മുമ്പാണ് പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്.

You must be logged in to post a comment Login