ബര്‍മ്മയിലെ തടവുകാരന്‍ കത്തോലിക്കാ പുരോഹിതനായി

ബര്‍മ്മയിലെ തടവുകാരന്‍ കത്തോലിക്കാ പുരോഹിതനായി

ബര്‍മ്മയിലെ ജയിലില്‍ ഒരുവര്‍ഷത്തിലേറെ ഏകാന്തതടവിന് ശിക്ഷിക്കപ്പെട്ട വ്യക്തി കത്തോലിക്കാപുരോഹിതനായി അഭിഷിക്തനായി. 2000 ത്തിലാണ് 415 ദിവസത്തെ ഏകാന്തതടവിന് ശേഷം ഫാ. ജെയിംസ് മാവാസ്ഡലി മോചിതനായത്. ബര്‍മ്മാ ഗവണ്‍മെന്റിന്റെ ഗോത്രവര്‍ഗ്ഗ ന്യൂനപക്ഷങ്ങളോടുള്ള അവഗണനയ്ക്കും പീഡനങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് ഇദ്ദേഹത്തെ ഭരണകൂടം ജയിലില്‍ അടച്ചത്.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നിരന്തരമായ പരിശ്രമങ്ങളാണ് ഒടുവില്‍ മോചനം നേടിക്കൊടുത്തത്. ജയില്‍വാസകാലത്ത് ഗാര്‍ഡുകളില്‍ നിന്ന് തനിക്ക് കഠിനമായ പീഡനമുറകള്‍ ഏല്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് ഫാ.ജെയിംസ് പറഞ്ഞു. ദൈവത്തിലുള്ള വിശ്വാസമാണ് തന്നെ തടവറയ്ക്ക് വെളിയില്‍ എത്തിച്ചതെന്ന് ഡെയ്‌ലി ടെലിഗ്രാഫിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ക്രിസ്തുവില്‍ നിന്നാണ് എനിക്ക് സഹായം കിട്ടിയത്. ക്രൂശികരണം എനിക്ക് സഹനത്തിന്റെ വില പറഞ്ഞുതന്നു. എന്റെ സഹനങ്ങളെ ക്രിസ്തു സന്തോഷമാക്കി മാറ്റി.

സെല്ലില്‍ ബൈബിള്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തിന് അനുവാദം ലഭിച്ചിരുന്നു. ന്യൂസിലാന്റില്‍ വച്ച് കണ്ടുമുട്ടിയ ചില ബര്‍മ്മീസ് അഭയാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് അവരുടെ ക്ഷേമത്തിന് വേണ്ടി ശബ്ദിക്കാന്‍ ഫാ. ജെയിംസിനെ പ്രേരിപ്പിച്ചത്.

തന്നെതന്നെ മറന്നുകൊണ്ടാണ് ഗോത്രവര്‍ഗ്ഗക്കാരുടെ വംശഹത്യക്കെതിരെ അദ്ദേഹം ഗവണ്‍മെന്റിനോട് പോരാടിയത്. ജയില്‍വാസത്തിന് മുമ്പ് രണ്ടുതവണ അദ്ദേഹം നാടുകടത്തപ്പെടുകയും ചെയ്തിരുന്നു.

ജൂലൈ ആദ്യവാരത്തിലായിരുന്നു ഫാ. ജെയിംസിന്റെ വൈദികാഭിഷേകം നടന്നത്.

You must be logged in to post a comment Login