ബളാലിലെ അത്ഭുതം: തിരുസഭയുടെ വിശ്വാസസത്യത്തെ ദോഷകരമായി സ്വാധീനിക്കുന്നില്ല എന്ന് രൂപതാധ്യക്ഷന്റെ കണ്ടെത്തല്‍

ബളാലിലെ അത്ഭുതം: തിരുസഭയുടെ വിശ്വാസസത്യത്തെ ദോഷകരമായി സ്വാധീനിക്കുന്നില്ല എന്ന് രൂപതാധ്യക്ഷന്റെ കണ്ടെത്തല്‍

ബളാല്‍ : ബളാലില്‍ നടന്നുുകൊണ്ടിരിക്കുന്ന അത്ഭുതങ്ങള്‍ തിരുസഭയുടെ വിശ്വാസസത്യങ്ങള്‍ ഒന്നിനെയും ദോഷകരമായി സ്വാധീനിക്കുന്നില്ല എന്ന് തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ സാക്ഷ്യപ്പെടുത്തല്‍. തലശ്ശേരി അതിരൂപതയില്‍ പെട്ട ബളാല്‍ ഇടവകയിലെ അല്‍ഫോന്‍സയുടെ ഭവനത്തിലെ ദൈവമാതാവിന്റെ തിരുസ്വരൂപത്തില്‍ നിന്ന് അതിസ്വഭാവികമായ രീതിയില്‍ എണ്ണ പുറപ്പെടുന്നതായി കാണപ്പെടുന്ന സംഭവത്തെക്കുറിച്ച് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് രൂപത ബുള്ളറ്റിന്‍ ഗിരിദീപത്തിന്റെ ഫെബ്രുവരി ലക്കത്തില്‍ എഴുതിയതാണ് ഇക്കാര്യം.

ഈ സംഭവത്തെക്കുറിച്ച് നവസാമൂഹ്യ മാധ്യമങ്ങളിലടക്കം വിവിധ തരത്തിലുള്ള ആശയപ്രചരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ മൂന്നംഗ ദൈവശാസ്ത്ര കമ്മീഷനെ ആര്‍ച്ച് ബിഷപ് നിയമിച്ചിരുന്നു. അവരുടെ പഠനങ്ങളുടെ വെളിച്ചത്തിലാണ് മാര്‍ ഞരളക്കാട്ട് വിശദീകരണം നല്കിയത്.

ഇവിടെ നടന്ന അത്ഭുതങ്ങള്‍ക്ക് വൈദ്യശാസ്ത്രത്തിന്റെ രേഖാമൂലമുള്ള പിന്‍ബലമുണ്ടെന്നും ഇവിടെ നിന്ന് ലഭിച്ച തേനും എണ്ണയും ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയപ്പോള്‍ സംശയകരമായി ഒന്നും ലഭിച്ചില്ല എന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. സംഭവത്തോട് ബന്ധപ്പെട്ടവര്‍ സാമ്പത്തിക ലാഭത്തിന് വേണ്ടിയോ നേട്ടങ്ങള്‍ക്കുവേണ്ടിയോ പരിശ്രമിച്ചോ, സംഭവത്തിന് സാക്ഷികളായവര്‍ മാനസിക വൈകല്യങ്ങള്‍ക്ക് അടിപ്പെട്ടവരാണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പ്രാഥമികപഠനം നടത്തിയപ്പോഴും കുറ്റകരമോ സംശയകരമോ ആയ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല എന്നും രൂപതാധ്യക്ഷന്‍ പറയുന്നു.

തിരുസഭ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചുള്ള പഠനമാണ് ഇതേക്കുറിച്ച് നടന്നിരിക്കുന്നത്. ബളാലില്‍ കാണപ്പെട്ട രീതിയിലുള്ള അടയാളങ്ങളുടെ ആധികാരികത സംശയാതീതമായി തെളിയിക്കപ്പെട്ടുകഴിഞ്ഞാല്‍ അവയെ സ്വകാര്യ വെളിപാടുകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ സ്വകാര്യ വെളിപാട് സകലവിശ്വാസികളും നിര്‍ബന്ധമായും അംഗീകരിക്കേണ്ട വസ്തുതയല്ല. സ്വകാര്യ വെളിപാടിനെ അംഗീകരിക്കാന്‍ വിശ്വാസിയെ സഭ യാതൊരുവിധത്തിലും നിര്‍ബന്ധിക്കാറില്ല. തന്മൂലം ബളാല്‍ സംഭവത്തിന്റെ നിജസ്ഥിതി സഭ അംഗീകരിച്ചാല്‍ പോലും വിശ്വാസത്തിന്റെ വിഷയമായി സ്വീകരിക്കാന്‍ ആര്‍ക്കും ബാധ്യതയില്ല എന്നും മാര്‍ ഞരളക്കാട്ട്് വ്യക്തമായി പറയുന്നു.

1978 ഫെബ്രുവരി 24 ന് വിശ്വാസതിരുസംഘം പുറപ്പെടുവിച്ച പ്രബോധന രേഖയും കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ സ്വകാര്യ വെളിപാടുകളുടെ വിലയിരുത്തലിനായി രണ്ടായിരമാണ്ടില്‍ പുറപ്പെടുവിച്ച ഡിക്രിയും സാര്‍വത്രിക മതബോധനഗ്രന്ഥം സ്വകാര്യവെളിപാടുകളെക്കുറിച്ച് നല്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ദൈവാവിഷ്‌ക്കരണത്തെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനവും അനുസരിച്ചുള്ള പഠനമാണ് ഈ വിഷയത്തില്‍ നടത്തിയത്.

ബളാലില്‍ പരിശുദ്ധ മറിയത്തോടുള്ള ഭക്തിയും കൂദാശ ജീവിതത്തിലുള്ള താത്പര്യവും വര്‍ദ്ധിപ്പിക്കാന്‍ പ്രസ്തുതസംഭവത്തിന് കഴിഞ്ഞതായുള്ള പാരീഷ് കൗണ്‍സിലിന്റെ സാക്ഷ്യപ്പെടുത്തലും രൂപതാധ്യക്ഷന്‍ അംഗീകരിക്കുന്നുണ്ട്.

അനാവശ്യ വിവാദങ്ങളും അമിതമായ ഭക്തിപ്രകടനങ്ങളും വഴി ദൈവകൃപയുടെ പ്രവാഹത്തിന് തടസം സൃഷ്ടിക്കരുതെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് രൂപതാധ്യക്ഷന്‍ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

You must be logged in to post a comment Login