ബള്‍ഗേറിയയിലെ ജീവിക്കുന്ന വിശുദ്ധന്‍

ബള്‍ഗേറിയയിലെ ജീവിക്കുന്ന വിശുദ്ധന്‍

കല്‍ക്കത്തയിലെ തെരുവീഥികളിലൂടെ ദരിദ്രരും അനാഥരുമായ പാവപ്പെട്ടവര്‍ക്കായി കൈനീട്ടിനടന്നിരുന്ന വൃദ്ധസന്യാസിനിയെ ആദരവോടെയല്ലാതെ ആരും ഓര്‍മ്മിക്കാനിടയില്ല. കാതങ്ങള്‍ക്കപ്പുറം അങ്ങു ബള്‍ഗേറിയയില്‍ മദറിന്റെ പുരുഷരൂപം അവതരിച്ചിരിക്കുകയാണോ എന്നു തോന്നും 101 വയസ്സുള്ള ഡോബ്രി ഡൊബ്രേവിനെ കണ്ടാല്‍. ചുക്കിച്ചുളിഞ്ഞ മുഖം.. കാരുണ്യം നിറഞ്ഞു നില്‍ക്കുന്ന കണ്ണുകള്‍..തൂവെള്ള നിറത്തിലുള്ള നരച്ച താടി..കയ്യില്‍ വക്കുകള്‍ ചളുങ്ങിയ പാത്രം.. എന്നും രാവിലെ ഡൊബ്രേവ് ഇറങ്ങും, താമസസ്ഥലത്തു നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള സോഫിയയിലേക്ക്. വഴിയില്‍ കാണുന്ന സകലരുടേയും മുന്നില്‍ യാചനയോടെ ആ കൈകള്‍ നീളും.

സോഫിയയിലെ തെരുവുകളിലുള്ള ചെറിയ കുഞ്ഞിനു പോലും ഡൊബ്രേവിനെ അറിയാം. സ്‌നേഹത്തോടെ അവരദ്ദേഹത്തെ ‘ഗ്രാന്‍ഡ്പാ ഡോബ്രി’ എന്നാണ് വിളിക്കുന്നത്. സോഫിയയിലുള്ള ഒരു ബഹുനിലക്കെട്ടിടത്തില്‍ അദ്ദേഹത്തിന്റെ രൂപം ഗ്രാഫ്റ്റി പെയിന്റിങ്ങായി ആലേഖനം ചെയ്തിരിക്കുന്നതും ഇവര്‍ക്ക് ഡൊബ്രേവിനോടുള്ള സ്‌നേഹത്തിന്റെ തെളിവാണ്. ഏറെ സ്‌നേഹത്തോടെ തന്നെ അവര്‍ നിക്ഷേപിക്കുന്ന ചെറുതും വലുതുമായ തുട്ടുകളോരോന്നും അനാഥാലയങ്ങള്‍ക്കും സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി അദ്ദേഹം നല്‍കും. ഒരു സെന്റ് പണം പോലും സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കില്ല.

1914 ജൂലൈ 20 ന് ബള്‍ഗേറിയയിലെ ബെയ്‌ലാവോ ഗ്രാമത്തിലാണ് ഡോബ്രി ഡൊബ്രേവിന്റെ ജനനം. ഒന്നാം ലോകമഹായുദ്ധകാലത്ത് പിതാവ് മരിച്ചു. അമ്മയുടെ സംരക്ഷണത്തിലാണ് പിന്നീടു വളര്‍ന്നത്. 26-ാം വയസ്സില്‍ വിവാഹിതനായ ഡൊബ്രേവിന് നാലു മക്കളുമുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ലോകത്തിന്റെ സുഖസൗകര്യങ്ങളെല്ലാമുപേക്ഷിച്ച് ബെയ്‌ലാവോയിലുള്ള മെത്തോഡിസ്റ്റ് ദേവാലയത്തോടു ചേര്‍ന്നാണ് അദ്ദേഹത്തിന്റെ താമസം.

പ്രായത്തിന്റെ അവശതകള്‍ ഡൊബ്രേവിനെ തെല്ലും ബാധിച്ചിട്ടില്ല. നമ്മില്‍ പലരും ഉള്ളതില്‍ അല്‍പം ദാനം ചെയ്തുകൊണ്ട് സഹജീവികളോടുള്ള തന്റെ ഉത്തരവാദിത്വം തീര്‍ന്നെന്നു കരുതുമ്പോള്‍ അതിനുമപ്പുറം തന്റെ ജീവിതം മുഴുവന്‍ അവര്‍ക്കായി ഉഴിഞ്ഞുവെച്ചിരിക്കുന്ന ഇത്തരം മാതൃകകള്‍ അപൂര്‍വ്വമായേ നമുക്കു ചുറ്റുമുണ്ടാകൂ. അതുകൊണ്ടു തന്നെയാണ് ജിവിക്കുന്ന വിശുദ്ധനെന്ന് ഡൊബ്രേവിനെ പലരും വാഴ്ത്തുന്നതും.

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login