ബാഗിനുള്ളില്‍ മകളുടെ ശരീരഭാഗങ്ങള്‍ ഒപ്പം വീഡിയോയും. ഐഎസ് ഭീകരരുടെ ക്രൂരതകള്‍ വിവരിച്ച് അനുഭവസ്ഥര്‍

ബാഗിനുള്ളില്‍ മകളുടെ ശരീരഭാഗങ്ങള്‍ ഒപ്പം വീഡിയോയും. ഐഎസ് ഭീകരരുടെ ക്രൂരതകള്‍ വിവരിച്ച്  അനുഭവസ്ഥര്‍

ന്യൂയോര്‍ക്ക്:  ഒരു ദിവസം വീട്ടുവാതില്ക്കല്‍ വച്ച് ആ മാതാപിതാക്കള്‍ക്ക് ഒരു ബാഗ് കിട്ടി. തുറന്നുനോക്കിയ അവര്‍ അലറിക്കരഞ്ഞുപോയി. ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ അവരുടെ പൊന്നുമകളുടെ ശരീരഭാഗങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ഒപ്പം അവളെ ബലാത്സംഗം ചെയ്യുന്നതിന്റെയും ശാരീരികമായി പീഡിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വീഡിയോയും.

ക്രിസ്ത്യന്‍ മതപീഡനങ്ങളെക്കുറിച്ച് വ്യാഴാഴ്ച ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന കോണ്‍ഫ്രന്‍സിലെ അനുഭവസാക്ഷ്യങ്ങളിലൊന്നായിരുന്നു ഇത്. കേട്ടാല്‍ കരളലിയുകയും കണ്ണ് നിറഞ്ഞുപോവുകയും ചെയ്യുന്ന അനേകം വിശ്വാസസാക്ഷ്യങ്ങളുടെയും ക്രിസ്ത്യാനിയെന്നതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നതിന്റെയും നിരവധി സംഭവങ്ങള്‍ അവിടെ നിന്ന് ഉയര്‍ന്നുകേട്ടു.

മറ്റൊന്ന്: മൊസൂളില്‍ നിന്നുള്ള ഒരു ക്രിസ്തീയ യുവതിയുടെ സാക്ഷ്യം. ഒരു ദിവസം അവളുടെ വീട്ടുവാതില്ക്കല്‍ ഐഎസ് ഭീകരര്‍ പ്രത്യക്ഷപ്പെട്ടു. രണ്ടു ഡിമാന്റാണ് അവര്‍ മുന്നോട്ടുവച്ചത്. ഒന്നുകില്‍ സ്ഥലം വിട്ടുപോകുക. അല്ലെങ്കില്‍ ടാക്‌സ് നല്കുക.

ആലോചിക്കാന്‍ ഇത്തിരി സമയം വേണമെന്ന് അവള്‍ പറഞ്ഞു. പക്ഷേ ഭീകരര്‍ സമയം നല്കാന്‍ തയ്യാറായില്ല. അവര്‍ പെട്ടെന്ന് തന്നെ ആ സ്ത്രീയുടെ മകള്‍ക്ക് തീ കൊളുത്തി. അമ്മയുടെ കൈകളില്‍ കിടന്ന് മരിക്കാനായിരുന്നു ആ മകളുടെ വിധി.

പതിനഞ്ചുവയസുകാരിയായ സാമിയ സെല്‍മാന് പറയാനുണ്ടായിരുന്നത് ആറു മാസം ഐഎസ് ഭീകരരുടെ തടങ്കലില്‍ കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ചാണ്. ട്രാന്‍സലേറ്ററുടെ സഹായത്തോടെ ആ യസീദി പെണ്‍കുട്ടി പറഞ്ഞത് 2014 ഓഗസ്റ്റിലാണ് ഐഎസ് ഭീകരര്‍ തന്റെ കുടുംബത്തെ തടവിലാക്കിയത് എന്നാണ്.

ഇപ്പോഴും അവളുടെ അമ്മാവനും അച്ഛനും ഐഎസ് ഭീകരുടെ താവളത്തില്‍ തന്നെയാണ്. അനേകം സ്ത്രീകള്‍ അവരുടെ തടവിലുണ്ട്. ഏഴുവയസുകാരി പോലും മതം മാറ്റത്തിന് വിധേയയാക്കപ്പെടാനായി ബലാത്സംഗം ചെയ്യപ്പെടുന്നു. ലൈംഗികാടിമയായി ഉപയോഗിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ വൃദ്ധകളെ കൊല ചെയ്യുന്നു.

ഇത്രയധികം നിഷ്‌ക്കളങ്കരും വൃദ്ധരും എന്തുകൊണ്ടാണ് ഇപ്രകാരം പീഡിപ്പിക്കപ്പെടുന്നത്.? സെല്‍മാന്‍ ചോദിക്കുന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരം നല്കാനില്ല. എന്തുകൊണ്ടാണ് ഇവര്‍ക്കെതിരെ ആക്ഷന്‍ എടുക്കാന്‍ നമുക്ക് കഴിയാത്തത്? യസീദികളും ക്രൈസ്തവരും ഒന്നുപോലെ അവിടെ പീഡിപ്പിക്കപ്പെടുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അന്താരാഷ്ട്ര സമൂഹം കൃത്യമായ ആക്ഷന്‍ ഐഎസിന് നേരെ എടുക്കാത്തത്? സെല്‍മാന്‍ തുടര്‍ന്നു ചോദിക്കുന്നു.

അടുത്തയിടെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‌റും ബ്രിട്ടീഷ് കോമണ്‍ ഹൗസും ഒന്നുപോലെ മിഡില്‍ ഈസ്റ്റില്‍ നടക്കുന്നത് വംശഹത്യയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്റെ നിഷ്‌ക്കളങ്കനായ മകന്റെ രക്തത്തെ അവഗണിക്കരുത്.മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വിലാപമാണിത്. ഈ നിലവിളികള്‍ക്ക് എന്നെങ്കിലും ആശ്വാസം ലഭിക്കുമോ.?

You must be logged in to post a comment Login