ബാത്ത് റൂം കഴുകുന്ന ബെര്‍ഗോളിയോ അച്ചന്‍

ബാത്ത് റൂം കഴുകുന്ന ബെര്‍ഗോളിയോ അച്ചന്‍

ഇന്നും ഫാ. ഗ്വില്ലേര്‍മോ ഓര്‍ട്ടിസിന്റെ മനസ്സില്‍ നിന്നു മാത്രമല്ല കണ്ണുകളില്‍ നിന്നും ആ ചിത്രം മാഞ്ഞുപോയിട്ടില്ല. പൊതു ബാത്ത് റൂമിലെ ടോയ്‌ലറ്റ് സീറ്റ് കഴുകുന്ന ഫാ. ബെര്‍ഗോളിയോ. അതെ നമ്മുടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ.

അര്‍ജന്റീനയില്‍ നിന്നുള്ള ഈശോസഭ വൈദികനായ ഫാ. ഗ്വില്ലേര്‍മേ ഇപ്പോള്‍ വത്തിക്കാന്‍ റേഡിയോയിലാണ് ജോലി ചെയ്യുന്നത്. 1977 വരെ അദ്ദേഹം ബെര്‍ഗോളിയോയുടെ വിദ്യാര്‍ത്ഥിയായിരുന്നു. 1977 ലെ ജൂലൈയില്‍ ആയിരുന്നു ആദ്യമായി ബെര്‍ഗോളിയോയെ ഗ്വില്ലെര്‍മോ കണ്ടത്.

അന്ന് ഗ്വില്ലെര്‍മോയ്ക്ക് പതിനേഴ് വയസ്പ്രായം. ബെര്‍ഗോളിയോ അര്‍ജന്റീനയിലെ ഈശോസഭ സുപ്പീരിയറും.ഗ്വില്ലെര്‍മോയ്ക്ക് ഈശോസഭ വൈദികനാകണം എന്ന് ആഗ്രഹം. ഇക്കാര്യം ബെര്‍ഗോളിയോടാണ് ആദ്യംപറഞ്ഞത്. അദ്ദേഹം അത് ശ്രദ്ധയോടെ കേട്ടു.

ആറുമാസം കഴിഞ്ഞും ഇതേ തോന്നല്‍ ഇതുപോലെ തന്നെയുണ്ട് എങ്കില്‍ നമുക്ക് അന്നു കാണാം..അതായിരുന്നു ബെര്‍ഗോളിയോയുടെ മറുപടി. കോളേജിയോമാക്‌സിമോയിലായിരുന്നു പ്രവേശനം കിട്ടിയത്. അന്ന് റെക്ടറായി സേവനം ചെയ്യുകയായിരുന്നു ബെര്‍ഗോളിയോ. അക്കാലത്ത് ബെര്‍ഗോളിയോ അച്ചന്‍ പശു, പന്നി,ആടു എന്നിവയെ വളര്‍ത്തിയിരുന്നു. അവയുടെ പരിപാലനം അച്ചന്‍ തന്നെയായിരുന്നു മിക്കപ്പോഴും നടത്തിയിരുന്നത്.

എല്ലാവരുടെയും മുഷിഞ്ഞ വസ്ത്രങ്ങള്‍ വാഷിംങ് മെഷിനിലിടുന്നതും അച്ചന്റെ പണിയായിരുന്നു. പ്രവൃത്തിയും വാക്കും തമ്മില്‍ അദ്ദേഹത്തിന് അന്നും വ്യത്യാസം ഉണ്ടായിരുന്നില്ല. അക്കാലത്ത് ഒരു സ്ത്രീ ഒരു ബ്ലാങ്കറ്റ് ആവശ്യപ്പെട്ട് ഞങ്ങളുടെ അടുത്തുവന്നു.രണ്ടാമതൊന്ന് കൊടുക്കാന്‍ ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നില്ല.പക്ഷേ ബെര്‍ഗോളിയോ അച്ചനോട് ചോദിച്ചപ്പോള്‍ അദ്ദേഹം തന്റെ ബ്ലാങ്കറ്റ് ആ സ്ത്രീക്ക് എടുത്തുകൊടുക്കുകയാണ് ചെയ്തത്.

1985 ആയപ്പോഴേയ്ക്കും ബെര്‍ഗോളിയോ അച്ചന്‍ റെക്ടര്‍ സ്ഥാനത്തു നിന്ന് വിരമിച്ചിരുന്നു. അക്കാലത്ത് ബെര്‍ഗോളിയോ പ്രത്യേകമായ ചുമതലകള്‍ വഹിക്കുന്നുണ്ടായിരുന്നില്ല. ഗ്വില്ലേര്‍മേയും ബെര്‍ഗോളിയോയും ഒരേ കെട്ടിടത്തിലായിരുന്നു അന്ന് താമസിച്ചിരുന്നത്. പല മുറികള്‍ക്ക് നടുവില്‍ പൊതുവായി ഒരു ബാത്ത് റൂം. അതായിരുന്നു അവിടത്തെ രീതി. ഗില്ലേര്‍മോ രാവിലെ പഠിപ്പിക്കാനായി പോകും. രാത്രിയില്‍ തിരികെ വരും.

ഒരു രാത്രിയില്‍ വൈകിയെത്തിയ അദ്ദേഹം കണ്ടത് പൊതു ബാത്ത്‌റൂം കഴുകുന്ന ബെര്‍ഗോളിയോയെ ആണ്. മുട്ടുകുത്തി നിന്ന് വളരെ ആസ്വദിച്ചായിരുന്നു ആ പ്രവൃത്തി അദ്ദേഹം ചെയ്തിരുന്നത്. ഇതിന് മുമ്പ് ആരും അങ്ങനെ ചെയ്യുന്നത് ഗ്വില്ലേര്‍മോ കണ്ടിട്ടുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ ആവശ്യങ്ങളെ കണ്ടറിയാന്‍ ബെര്‍ഗോളിയോയ്ക്ക് കഴിവുണ്ടായിരുന്നു. അതുപോലെ വൃദ്ധരായ പുരോഹിതരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവരെ സഹായിക്കാന്‍ അദ്ദേഹം മനസ്സ് വച്ചിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്ന വ്യക്തിയാണ് ബെര്‍ഗോളിയോ. എണ്‍പത് ശതമാനം കാര്യങ്ങളും അദ്ദേഹം പറയുന്നത് സ്വജീവിതത്തില്‍ നിന്നുകൊണ്ടാണ്. ഫാ. ഗ്വില്ലേര്‍മോ പറയുന്നു.

You must be logged in to post a comment Login