ബാലവേല, ലൈംഗികദുരുപയോഗം,മരണം- ലെബനോനിലെ അഭയാര്‍ത്ഥികളുടെ ജീവിതം ഇങ്ങനെ..

ലെബനോന്‍: എല്ലാ അഭയാര്‍ത്ഥികളുടെയും ജീവിതം എന്നും ദുരിതമയമാണ്. എന്നാല്‍ സിറിയന്‍ അഭയാര്‍ത്ഥികളുടെ ജീവിതം അതിനെക്കാള്‍ ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് നല്കിയ പുതിയ റി പ്പോര്‍ട്ടുകള്‍ അഭയാര്‍ത്ഥികളുടെ ദുരിതങ്ങളിലൂടെ കടന്നുപോകുന്നവയാണ്.

ദിവസം പന്ത്രണ്ട് മണിക്കൂറാണ് എന്റെ ബോസ് എന്നെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത്. ചില ദിവസങ്ങളില്‍ ഞാന്‍ പരാതി പറയുമ്പോള്‍ സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കുമെന്ന് പറഞ്ഞ് അദ്ദേഹമെന്നെ ഭീഷണിപ്പെടുത്തുന്നു..ഞാന്‍ എന്തു ചെയ്യാനാണ്.ഞാന്‍ അയാളുടെ അടിമയാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരു അഭയാര്‍ത്ഥിയുടെ വിലാപമാണിത്.

അടിയന്തിരമായി സാമ്പത്തികസഹായം കിട്ടുന്നതിനായി തങ്ങളുടെ ടെന്റ് കത്തിച്ചുകളയാന്‍ പോലും തയ്യാറാകുന്ന അഭയാര്‍ത്ഥികളുമുണ്ട് ഇക്കൂട്ടത്തില്‍. ബാലവേലകള്‍ വര്‍ദ്ധിച്ചുവന്നുകൊണ്ടിരിക്കുന്നു. കുടുംബം പുലര്‍ത്താന്‍ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞ അമ്മമാരുമുണ്ട് ഇക്കൂട്ടത്തില്‍. സ്‌പോണ്‍സര്‍മാരുടെയും തൊഴിലുടമയുടെയും ലൈംഗികചൂഷണത്തിനും ഇവര്‍ വിധേയരാക്കപ്പെടുന്നുണ്ട്. താമസസ്ഥലം നഷ്ടപ്പെട്ടുപോകുമോ എന്ന ഭീതിയാല്‍ അവര്‍ ഇതെല്ലാം സഹിക്കുകയാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുള്ളത് ലെബനോനിലാണ്. 1.1 മില്യന്‍ പേരാണ് ഇവിടെ അഭയാര്‍ത്ഥികളായി രജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതിനെക്കാള്‍ കൂടുതലാണ് രജിസ്ട്രര്‍ ചെയ്യപ്പെടാത്ത അഭയാര്‍ത്ഥികള്‍. ലെബനോനിലെ ജനസംഖ്യയെക്കാള്‍ മുപ്പത് ശതമാനം ഉയര്‍ന്നതാണ് അഭയാര്‍ത്ഥികളുടെ നിരക്ക്.

You must be logged in to post a comment Login