ബിബിസിയില്‍ നിന്ന് കന്യാമഠത്തിലേക്ക്..

ബിബിസിയുടെ പൊളിറ്റിക്കല്‍ കറന്‍സ്‌പോണ്ടന്റായിരുന്നു മാര്‍ട്ടിന പൂര്‍ഡി 2014 ഒക്ടോബര്‍ വരെ.രാഷ്ട്രീയക്കാര്‍ ഭയത്തോടും വിറയലോടും കൂടി സമീപിക്കുന്ന മാധ്യമപ്രവര്‍ത്തക. ടെലിവിഷന്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കൈവരിക്കുവാന്‍ കഴിയുന്ന വിധത്തിലുള്ളതായിരുന്നു മാര്‍ട്ടീനയുടെ ഇടപെടലുകള്‍.

എന്നിട്ടുംഇരുപതുവര്‍ഷം നീണ്ട മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് കന്യാമഠത്തിന്റെ നാലുചുമരുകളിലേക്ക് ഒതുങ്ങിക്കൂടാന്‍ മാര്‍ട്ടിനെ പൂര്‍ഡി തീരുമാനിച്ചു സിസ്റ്റേഴ്‌സ് ഓഫ് അഡോറേഷന്‍ അംഗമാണ് ഇപ്പോള്‍ മാര്‍ട്ടിന.

മഠത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിവരം കന്യാസ്ത്രീയമ്മമാരെ അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് അവര്‍ നിശ്ശബ്ദതയില്‍ ഭക്ഷണം കഴിക്കുകയും നിശ്ശബ്ദതയില്‍ ജോലി ചെയ്യുകയും ചെയ്യുന്നവരാണ് എന്നാണ്. അവര്‍ തമാശ് പറയുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി കലപില ചിലച്ചുകൊണ്ടിരിക്കുന്ന എന്നെ നിശ്ശബ്ദതയിലേക്കാണ് ദൈവം വിളിക്കുന്നതെന്ന്.. തന്റെ ദൈവവിളിയെക്കുറിച്ച് സിസ്റ്റര്‍ മാര്‍ട്ടിന പറയുന്നു.

ലൈംലൈറ്റില്‍ തിളങ്ങിനിന്നിരുന്ന ഈ മാധ്യമപ്രവര്‍ത്തകയുടെ രൂപാന്തരം മാധ്യമരംഗത്തുള്ള അനേകരെ ഞെട്ടിക്കുന്നതായിരുന്നു. തന്നെപോലും താനെടുത്ത തീരുമാനം ഞെട്ടിച്ചുവെന്ന് മാര്‍ട്ടിന. ബിബിസി വിട്ട് കന്യാസ്ത്രീയാകാന്‍ പോകുന്നു എന്ന തീരുമാനം അറിയിച്ചപ്പോള്‍ നീ മദ്യപിച്ചിട്ടുണ്ടോ എന്നായിരുന്നു ബന്ധുക്കളുടെ ചോദ്യം പോലും.

ഞാന്‍ മദ്യപിച്ചിട്ടില്ല പക്ഷേ വളരെ സന്തോഷവതിയാണ് എന്നായിരുന്നു മാര്‍ട്ടിനയുടെ മറുപടി.

ചെറുപ്പം മുതല്‍ക്കേ കോണ്‍വെന്റ് സ്‌കൂളിലാണ് മാര്‍ട്ടിന പഠിച്ചിരുന്നത്. കത്തോലിക്കയായിട്ടാണ് വളര്‍ന്നുവന്നതും. പക്ഷേ അപ്പോഴൊന്നും ദൈവവിളിയിലേക്ക് തിരിയണമെന്ന ചിന്തയില്ലായിരുന്നു. ഒരു കന്യാസ്ത്രീയാകാന്‍ ഞാന്‍ അന്നൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. ആര്‍ക്കാണ് ത്യാഗത്തിന്റെ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുക? ഒരു പത്രപ്രവര്‍ത്തകയാകാനായിരുന്നു എനിക്ക് താല്പര്യം. മാര്‍ട്ടിന ഓര്‍മ്മിക്കുന്നു.

പക്ഷേ ദൈവത്തിന്റെ വിളിക്ക് കാതോര്‍ത്തപ്പോള്‍ താന്‍ ഇതുവരെ ചെയ്തുപോന്ന ജീവിതത്തെക്കാള്‍ അര്‍ത്ഥമുള്ള ഒരു ലോകം തന്നെ കാത്തിരിക്കുന്നതായി മാര്‍ട്ടിന അറിഞ്ഞു. അങ്ങനെയാണ് ബിബിസിയില്‍ നിന്ന് കന്യാമഠത്തിലേക്ക് മാര്‍ട്ടിന യാത്ര തിരിച്ചത്.

You must be logged in to post a comment Login