ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക: ഹമീദ് അന്‍സാരി

ന്യൂഡല്‍ഹി: ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയാണെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. മലങ്കര കത്തോലിക്കാ സഭ ഗുഡ്ഗാവ് രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡോ.ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്‍മശതാബ്ദി വാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവരുടെ ക്ഷേമത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റേത്. മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളില്ലാതെ എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണ്. പ്രകൃതിസംരക്ഷണവും ഗ്രാമവികസനവും അദ്ദേഹം തന്റെ ദൗത്യമായി ഏറ്റെടുത്തിരുന്നു.

മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാത്തോലിക്കാ ബാവ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ നന്‍മക്കു വേണ്ടി അക്ഷീണം പ്രയത്‌നിച്ച വ്യക്തിയായിരുന്നു ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് എന്ന് അദ്ദേഹം അനുസ്മരിച്ചു. സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ഏറെ ജനകീയനായ വ്യക്തിയായിരുന്നു ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിനെപ്പോലെയുള്ള വ്യക്തിത്വങ്ങള്‍ എക്കാലത്തും രാജ്യത്തിന് ആവശ്യമാണെന്ന് കേന്ദ്രന്യൂനപക്ഷ കാര്യ മന്ത്രി നജ്മ ഹെപ്ത്തുള്ള പറഞ്ഞു.

You must be logged in to post a comment Login