ബെര്‍ണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ട ലൂര്‍ദ്ദ് മാതാവ്

ബെര്‍ണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ട ലൂര്‍ദ്ദ് മാതാവ്

“അടുപ്പില്‍ കത്തിക്കാന്‍ ഒരു കഷ്ണം വിറകുപോലുമില്ല.. നിങ്ങള് പോയി വിറക് പെറുക്കിക്കൊണ്ടുവരൂ.”

അമ്മയുടെ കല്പന കേട്ടാണ് ടോണിറ്റയും സഹോദരി ബെര്‍ണദിത്തയും അയല്‍ക്കാരി ജിയന്നയും കൂടി വിറക് പെറുക്കാന്‍ യാത്രയായത്. അവര്‍ക്ക് അതിശൈത്യമുള്ള ഒരു നദി മുറിച്ച് കടന്ന് വേണമായിരുന്നു പോകേണ്ടിയിരുന്നത്. ബെര്‍ണദീത്തയ്ക്ക് ആസ്തമ ഉണ്ടായിരുന്നതിനാല്‍ വെള്ളത്തില്‍ ഇറങ്ങാന്‍ ഭയമായിരുന്നു.

അതുകൊണ്ട് അവളെ കരയ്ക്ക് നിര്‍ത്തിയിട്ട് മറ്റ് രണ്ട് പെണ്‍കുട്ടികള്‍ വിറക് പെറുക്കാനായി കാട്ടിലേക്ക് പോയി. നദിക്കരയില്‍ ഒറ്റയ്ക്ക് നില്ക്കുകയായിരുന്ന ബെര്‍ണദീത്ത അപ്പോഴാണ്‌
ഇടിമുഴക്കംപോലെയുള്ള ഒരു ശബ്ദം കേട്ടത്.

അതവളെ ഭയചകിതയാക്കിക്കളഞ്ഞു. ശബ്ദിക്കാനോ ചലിക്കാനോ പോലുമുള്ള സകല ധൈര്യവും ചോര്‍ത്തിക്കളയുകയും ചെയ്തു. അവളുടെ ശിരസ് അറിയാതെ അവിടെയുള്ള ഗ്രോട്ടോയുടെ സമീപത്തേക്ക് തിരിഞ്ഞു. അപ്പോള്‍ അതിശയകരമായ ഒരു കാഴ്ചയാണ് ബെര്‍ണദീത്ത കണ്ടത്.

സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള മേഘങ്ങള്‍ക്കിടയില്‍ അതീവസുന്ദരിയായ ഒരു സ്ത്രീ. വെളള വസ്ത്രം. നീല ശിരോവസ്ത്രം. കാല്‍പാദങ്ങള്‍ക്ക് സമീപം മഞ്ഞ റോസപ്പൂക്കള്. അത്രയും സൗന്ദര്യവും അതുപോലെ സൗന്ദര്യവുമുള്ള ഒരു യുവതിയെ ബര്‍ണദീത്ത ആദ്യമായിട്ടായിരുന്നു കാണുന്നത്.

ഇവള്‍ എവിടെ നിന്ന് വന്നു? എന്താണ് ഇവിടെ ചെയ്യുന്നത്?

ആ സ്ത്രീ ബര്‍ണദീത്തയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. പിന്നെ കൊന്ത കൈയിലെടുത്ത് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. ജപമാല അവസാനിപ്പിച്ച് ബെര്‍ണദീത്ത നോക്കിയപ്പോള്‍ ആ സ്ത്രീയെ കാണാനില്ലായിരുന്നു.

അപ്പോഴേയേക്കും വിറക് ശേഖരിക്കാന്‍ പോയവര്‍ മടങ്ങിയെത്തിയിരുന്നു. വിറക് പെറുക്കാതെ വെള്ളത്തിലിറങ്ങി കളിച്ചുകൊണ്ട് നില്ക്കുകയാണ് ബര്‍ണദീത്ത എന്നാണ് അവര്‍ കരുതിയത്. അതിന്റെ പേരില്‍ ചെറുതായ ശാസനയും കേട്ടു. സംഭവിച്ചത് ബര്‍ണദീത്ത വിവരിച്ചുവെങ്കിലും അവര്‍ക്കത് വിശ്വസനീയമായി തോന്നിയില്ല.

അന്നു സന്ധ്യാപ്രാര്‍ത്ഥന കഴിഞ്ഞ നേരത്ത് ബെര്‍ണദീത്ത ഉറക്കെ കരയാന്‍ ആരംഭിച്ചു. എന്തിനാണ് ഇങ്ങനെ കുട്ടി വെറുതെ കരയുന്നതെന്ന് സംശയിച്ച അമ്മയോട് സഹോദരി വിവരങ്ങളെല്ലാം പറഞ്ഞു. അന്നു രാത്രി ബെര്‍ണദീത്തയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മനസ്സില്‍ മുഴുവന്‍ ആ സ്ത്രീരുപമായിരുന്നു.

1858 ഫെബ്രുവരി 11 ന് ആയിരുന്നു ഈ സംഭവം നടന്നത്. അതിനടുത്ത ഞായറാഴ്ച ബെര്‍ണദീത്ത ആ ഗ്രോട്ടോയുടെ സമീപത്തേക്ക് തന്നെ പോയി. അന്നും ആ യുവതിയെ കണ്ടു. മൂന്നാം തവണയാണ് ആ യുവതി സംസാരിച്ചത്.

ഫെബ്രുവരി 18 ന് ആയിരുന്നു അത്. അടുത്ത പതിനഞ്ച് ദിവസത്തേക്ക് എല്ലാ ദിവസവും ഗ്രോട്ടോയില്‍ വരാമോയെന്ന് ആ സുന്ദരി ബെര്‍ണദീത്തയോട് ചോദിച്ചു. ഈ ഭൂമിയില്‍ വച്ച് യാതൊരുവിധത്തിലുള്ള സമാധാനവും സന്തോഷവും ബെര്‍ണദീത്തയ്ക്ക് ലഭിക്കില്ലെന്നും  എന്നാല്‍ അടുത്ത ലോകത്തില്‍ അതെല്ലാം ലഭിക്കുമെന്നും അറിയിച്ചു.

1858 ഫെബ്രുവരി 19 ന് ആയിരുന്നു നാലാമത്തെ പ്രത്യക്ഷപ്പെടല്‍. ഇത്തവണ ബെര്‍ണദീത്തയുടെ മാതാപിതാക്കളും ആന്റിയും അയല്‍ക്കാരും ഗ്രോട്ടോയിലെത്തിയിരുന്നു. അവള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനാരംഭിച്ചതോടെ ആ മുഖം പ്രകാശപൂരിതവും അത്യന്തം ശോഭയാര്‍ന്നതുമായി മാറുന്നത് മറ്റുള്ളവര്‍ കണ്ടു.

ബെര്‍ണദീത്തയ്ക്ക് കന്യക പ്രത്യക്ഷപ്പെടുന്നതിനെ സംബന്ധിച്ച് നാട്ടുകാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരുന്നു. ചിലര്‍ അവിശ്വസിച്ചപ്പോള്‍ ഭൂരിപക്ഷവും വിശ്വസിക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഓരോ ദിനവും ബെര്‍ണദീത്തയുടെ ഗ്രോട്ടോയിലേക്കുള്ള യാത്രകളില്‍ അവരും അനുഗമിച്ചുകൊണ്ടിരുന്നു. ഒരു അത്ഭുതത്തിനാണ് തങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് അവര്‍ വിശ്വസിച്ചു.

ഫെബ്രുവരി 20 ന് നടന്ന അഞ്ചാമത്തെ പ്രത്യക്ഷപ്പെടലില്‍ മുപ്പതു പേരാണ് സന്നിഹിതരായത്. അടുത്ത ദിവസം നൂറു പേരായി. ‘പാപികളുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക’ ഏഴാം ദിനം 150 പേരായി. തന്നോട് കന്യക ഒരു രഹസ്യം പറഞ്ഞുവെന്നും അത് ആരോടും വെളിപ്പെടുത്തരുത് എന്നും ബെര്‍ണദീത്ത പ്രത്യക്ഷീകരണത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം പറഞ്ഞു.

ഫെബ്രുവരി 24 ന് മാതാവ് പറഞ്ഞത് ഇതായിരുന്നു. “പശ്ചാത്തപിക്കുക..പശ്ചാത്തപിക്കുക..പാപികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. പാപികളുടെ മാനസാന്തരത്തിന് വേണ്ടിയുള്ള പ്രവൃത്തിയെന്ന നിലയില്‍ നിലം ചുംബിക്കുക.”

അത്ഭുതങ്ങളും രോഗശാന്തികളും ക്രമേണ ലഭിച്ചുതുടങ്ങി. പതിമൂന്നാം തവണ പ്രത്യക്ഷപ്പെട്ടപ്പോള്‍ മാതാവ് ആവശ്യപ്പെട്ടത് ഇതായിരുന്നു, “ചെല്ലുക ചെന്ന് വൈദികരോട് ഘോഷയാത്രയായി ഇവിടേയ്ക്ക് വരാന്‍ ആവശ്യപ്പെടുക..ഇവിടെ ഒരു ദേവാലയം നിര്‍മ്മിക്കുക.”

രണ്ട് ആന്റിമാരോടൊത്ത് വൈദികനെ ചെന്നുകണ്ടുവെങ്കിലും അദ്ദേഹം ബെര്‍ണദീത്തയ്‌ക്കൊപ്പം വരാന്‍ തയ്യാറായില്ല. ആ സ്ത്രീ ആരാണെന്ന് വ്യക്തമാകാതെ ഘോഷയാത്രയോ ദേവാലയ നിര്‍മ്മാണമോ സാധ്യമല്ല എന്നായിരുന്നു വൈദികരുടെ നിലപാട്. പലതവണ ബെര്‍ണദീത്ത പേരു ചോദിച്ചുവെങ്കിലും അപ്പോഴെല്ലാം പുഞ്ചിരി മാത്രമായിരുന്നു സ്ത്രീയുടെ മറുപടി.

മാര്‍ച്ച് നാലിന് നടന്ന പ്രത്യക്ഷപ്പെടലില്‍ 9,000 പേരാണ് സന്നിഹിതരായിരുന്നത്. മൂന്നാം തവണയും ദേവാലയനിര്‍മ്മാണത്തിന്റെ ആവശ്യം പറഞ്ഞ് വൈദികനെ സമീപിച്ചുവെങ്കിലും അദ്ദേഹം തന്റെ വാദത്തില്‍ പിടിമുറുക്കി നിന്നു. ബെര്‍ണദീത്ത സുന്ദരിയോട് വീണ്ടും ഇതേ ചോദ്യം ചോദിച്ചു. പക്ഷേ പുഞ്ചിരി മാത്രമായിരുന്നു മറുപടി.

എന്നാല്‍ പതിനാറാം തവണ മാര്‍ച്ച് 25 ന് ബെര്‍ണദീത്ത ഇതേ ചോദ്യം ചോദിച്ചപ്പോള്‍ സ്ത്രീയുടെ പുഞ്ചിരി മാഞ്ഞു. കൈകള്‍ കൂപ്പി കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തി സ്ത്രീ പറഞ്ഞു. ഞാന്‍ അമലോത്ഭവമാകുന്നു.

ബെര്‍ണദീത്ത ഇക്കാര്യം ഇടവകവികാരിയെ അറിയിച്ചു. ഞാന്‍ അമലോത്ഭവമാകുന്നു..ഇതാണ് സുന്ദരി പറഞ്ഞ മറുപടി.

1858 ജൂലൈ പതിനാറിനായിരുന്നു മാതാവിന്റെ അവസാനത്തെ പ്രത്യക്ഷീകരണം. അപ്പോഴേക്കും പ്രാദേശിക ഗവണ്‍മെന്റ് ഗ്രോട്ടോയ്ക്ക് ചുറ്റും വേലി കെട്ടി ആളുകളെ പ്രവേശിപ്പിക്കാന്‍ തടസം സൃഷ്ടിച്ചിരുന്നു. ബെര്‍ണദീത്ത നദിക്കരയില്‍ വേലിക്കപ്പുറം നിന്ന്ഗ്രോട്ടോയിലേക്ക്‌
നോക്കി പ്രാര്‍ത്ഥിച്ചുതുടങ്ങി.

താന്‍ ഗ്രോട്ടോയില്‍ തന്നെയാണെന്നാണ് അവള്‍ക്ക് തോന്നിയത്. കാരണം ഇതിന് മുമ്പ് പലതവണ മാതാവിനെ കണ്ട അതേ അകലത്തില്‍ തന്നെയാണ് ഇത്രയും ദൂരെ നിന്നും മാതാവിനെ അവള്‍ കണ്ടത്. എന്നാല്‍ മുമ്പ് കണ്ടതിനെക്കാളെല്ലാം അതീവസുന്ദരിയായിരുന്നു ഇത്തവണ.

അതേ ഒക്ടോബറില്‍ ഗ്രോട്ടോ വിശ്വാസികള്‍ക്കായി വീണ്ടും തുറന്നുകൊടുത്തു. പതിനെട്ടാമത്തെ പ്രത്യക്ഷീകരണത്തിന് ശേഷം ബെര്‍ണദീത്തയ്ക്കും മാതാവിന്റൈ ദര്‍ശനങ്ങള്‍ ലഭിച്ചില്ല. ഗ്രോട്ടോ സന്ദര്‍ശിക്കാനും തോന്നിയില്ല. ബെര്‍ണദീത്ത പില്ക്കാലത്ത് കന്യാസ്ത്രീയാകുകയും മുപ്പത്തിയാറാം വയസില്‍ മരിക്കുകയും ചെയ്തു. ഇന്ന് കത്തോലിക്കാസഭയിലെ വിശുദ്ധരുടെ ഗണത്തിലാണ് ബെര്‍ണദീത്ത.

1860 ജനുവരി 18 ന് സ്ഥലത്തെ മെത്രാന്‍ ബെര്‍ണദീത്തയ്ക്ക് ലഭിച്ചത് മാതാവിന്റെ ദര്‍ശനങ്ങളായിരുന്നുവെന്നും അവള്‍ കണ്ട സുന്ദരിയായ യുവതി പരിശുദ്ധ കന്യാമറിയമാണെന്നും പ്രഖ്യാപിച്ചു.1958 ല്‍ പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ പ്രത്യക്ഷീകരണത്തിന്റെ നൂറാം വര്‍ഷത്തോട് അനുബന്ധിച്ച് . ചരിത്രത്തില്‍ ആദ്യമായി മരിയന്‍ വര്‍ഷം പ്രഖ്യാപിക്കുകയും ലൂര്‍ദ്ദിലേക്കുള്ള തീര്‍ത്ഥാടനത്തെക്കുറിച്ച് ചാക്രികലേഖനം പുറത്തിറക്കുകയും ചെയ്തു.. ലൂര്‍ദ്ദിനെക്കുറിച്ച് ഇറങ്ങിയിട്ടുള്ള ഏക ചാക്രികലേഖനവും പിയൂസ് പന്ത്രണ്ടാമന്റേതാണ്.

ആള്‍ട്ടര്‍നേറ്റീവ് ലൈഫ് സ്റ്റൈലിന്റെ ഉദാത്തമാതൃകയായിട്ടാണ് മേരിയെ പാപ്പ ഇതില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മൂന്നുതവണ ലൂര്‍ദ്ദ് സന്ദര്‍ശിച്ചിട്ടുണ്ട്. മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ നൂറ്റമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2008 സെപ്തംബര്‍ 15 ന് ലൂര്‍ദ്ദ് സന്ദര്‍ശിച്ചിരുന്നു. ലൂര്‍ദ്ദമാതാവിന്റെ ദിനമായി ഫെബ്രുവരി 11 ആചരിക്കുന്നു. ആദ്യ ദര്‍ശനത്തിന്റെ ഓര്‍മ്മപുതുക്കിക്കൊണ്ടാണിത്.

ലൂര്‍ദ്ദിലെ വെള്ളത്തില്‍ കുളിക്കുകയും വെള്ളം കുടിക്കുകയും ചെയ്തവര്‍ക്ക് നിരവധിയായ രോഗസൗഖ്യങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തിലെ ഏറ്റവും മഹത്തായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ലൂര്‍ദ്. നിത്യേനയുള്ള ദിവ്യകാരുണ്യപ്രദക്ഷിണങ്ങളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്ന് മില്യന്‍ വിശ്വാസികള്‍ എത്തിച്ചേരുന്നുണ്ട്. അഞ്ചു ലക്ഷത്തോളം രോഗികള്‍ അത്ഭുതകരമായ രോഗസൗഖ്യം നേടിയതായിട്ടാണ് അനൗദ്യോഗിക കണക്കുകള്‍.

 
ബിജു

 

 

You must be logged in to post a comment Login