ബെല്‍ജിയന്‍ വിദ്യാലയങ്ങളില്‍ നിന്ന് കത്തോലിക്കാ മതപാഠ ക്ലാസുകള്‍ നീക്കുന്നു!

ബെല്‍ജിയന്‍ വിദ്യാലയങ്ങളില്‍ നിന്ന് കത്തോലിക്കാ മതപാഠ ക്ലാസുകള്‍ നീക്കുന്നു!

ബല്‍ജിയന്‍ വിദ്യാഭ്യാസം പരിവര്‍നത്തിന്റെ പാതയിലാണ്. ബെല്‍ജിയത്തിലെ ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന പ്രൈമറി സെക്കന്‍ഡറി സ്‌കൂളുകളില്‍ ഈ വരുന്ന ഒക്ടോബര്‍ മുതല്‍ മതപഠന ക്ലാസുകള്‍ പകുതിയായി വെട്ടിച്ചുരുക്കും. പകരം പൗരബോധന ക്ലാസുകളാവും വരിക.

97 ശതമാനം വിദ്യാര്‍ത്ഥികളും തങ്ങള്‍ക്ക് മതപരമായ വിദ്യാഭ്യാസം വേണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയിട്ടും അത് വകവയ്ക്കാതെ ബെല്‍ജിയന്‍ സര്‍ക്കാര്‍ മതപരമായ ക്ലാസുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. ജൂലൈ 7 നാണ് സര്‍ക്കാര്‍ നിയമം പാസാക്കിയത്.

വിദ്യാഭാസത്തിലെ ഈ മാറ്റം ഭ്രൂണഹത്യയെയും സ്വവര്‍ഗരതിയെയും പ്രോത്സാഹിപ്പിക്കുമെന്ന് ഒരു വിഭാഗം ഭയപ്പെടുന്നു. ക്രമേണ മതപരമായ വിദ്യാഭ്യാസം വിദ്യാലയങ്ങളില്‍ നിന്നു തന്നെ പുറംതള്ളപ്പെടും എന്നും അവര്‍ ആശങ്കപ്പെടുന്നു.

കഴിഞ്ഞ മാസം നടന്ന ബെല്‍ജിയന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സില്‍ വിദ്യാലയങ്ങളിലെ മതപരമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ട് മെത്രാന്മാര്‍ ഒരു പ്രസ്താവന ഇറക്കിയിരുന്നു.

‘കത്തോലിക്കാ വിശ്വാസ സംബന്ധമായ ക്ലാസുകള്‍ നീക്കം ചെയ്യുക എന്നതിന്റെ അര്‍ത്ഥം വിശ്വാസത്തെ സ്വകാര്യതലത്തിലേക്ക് ഒതുക്കുകയാണ്. ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് ഇത് സാംസ്‌കാരിക പാപ്പരത്വമാണ്.’

നിലവിലുള്ള ബെല്‍ജിയന്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ കത്തോലിക്ക ക്ലാസുകള്‍ കൂടാതെ ഓര്‍ത്തഡോക്‌സ്, മുസ്ലിം, യഹൂദ, പ്രോട്ടസ്റ്റന്റ് മതപാഠങ്ങളുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ക്ലാസ് അവര്‍ക്കു തന്നെ തെരഞ്ഞെടുക്കാം. ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് ക്ലാസ്.

മതപരമായ വിദ്യാഭ്യാസത്തിന് പകരമായി വയ്ക്കാന്‍ ഉദ്ദേശിക്കുന്ന പൗരബോധന ക്ലാസുകളിലെ വിഷയങ്ങള്‍ സ്വവര്‍ഗ രതി, ദയാവധം, ഭ്രൂണഹത്യ തുടങ്ങിയവയാണെന്ന് ഒരു അധ്യാപകന്‍ കുറ്റപ്പെടുത്തി. ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ നിഷ്പക്ഷരാകണമെന്നും, അതായത് കത്തോലിക്കാ സര്‍വകലാശാലകളില്‍ നിന്നും ബിരുദമെടുത്തവര്‍ ആയിരിക്കരുതെന്നും, നിഷ്‌കര്‍ഷയുണ്ട്. ഫലത്തില്‍ കത്തോലിക്കാ വിശ്വാസത്തെ പതുക്കെ നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

 

ഫ്രേസര്‍

You must be logged in to post a comment Login