ബോട്ട് യാത്രയ്ക്കിടെ പ്രസവിച്ച നൈജീരിയന്‍ സ്ത്രീയുടെ കുഞ്ഞിന് ജര്‍മ്മന്‍ കപ്പലില്‍ ജ്ഞാനസ്‌നാനം

ബോട്ട് യാത്രയ്ക്കിടെ പ്രസവിച്ച നൈജീരിയന്‍ സ്ത്രീയുടെ കുഞ്ഞിന് ജര്‍മ്മന്‍ കപ്പലില്‍ ജ്ഞാനസ്‌നാനം

മ്യൂനിക്ക്: ലിബിയന്‍ തീരത്തു നിന്നും യൂറോപ്പിലേക്ക് 654 ആളുകള്‍ക്കൊപ്പം ബോട്ടില്‍ കയറിയ വിവിയാന്‍ എന്ന നൈജീരിയന്‍ യുവതി പൂര്‍ണ്ണഗര്‍ഭിണിയായിരുന്നു. രാജ്യത്തെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട് ജനിക്കാന്‍ പോകുന്ന തന്റെ കുഞ്ഞിന്റെ ശോഭന ഭാവി മനസ്സില്‍ കണ്ടാണ് അവള്‍ അന്ന് ബോട്ട് മാര്‍ഗ്ഗം രക്ഷപെടാന്‍ ശ്രമിച്ചത്.

കടലില്‍ അപകടകരമായ വിധം യാത്രചെയ്യുന്ന ബോട്ട് ജൂലൈ 6ന് ജര്‍മ്മന്‍ നേവി കാണാനിടയായി. അവര്‍ യാത്രക്കാരെ തങ്ങളുടെ കപ്പലില്‍ കയറ്റി. കപ്പലില്‍ വച്ച് വിവിയാന്‍ തന്റെ കുഞ്ഞിനെ പ്രസവിച്ചു. പ്രസവിച്ച ഉടന്‍  തന്റെ കുഞ്ഞിന് മാമ്മോദീസ നല്‍കണമെന്ന് കത്തോലിക്ക മതവിശ്വാസിയായ വിവിയാന്‍ കപ്പലിലുണ്ടായിരുന്ന ജര്‍മ്മന്‍ പട്ടാള ചാപ്ലനോട് ആവശ്യപ്പെട്ടു.

ജര്‍മ്മന്‍ പട്ടാള ചാപ്ലിന്‍ ഫാ. ജോക്കന്‍ ഫ്‌ളോസിന്റെ വാക്കുകള്‍ അനുസരിച്ച് മാമ്മോദീസ ചടങ്ങുകള്‍ എല്ലാം ഭംഗിയായി നടന്നു. കപ്പലില്‍ ഉണ്ടായിരുന്ന റേഡിയോ ഓപ്പറേറ്റര്‍ വൈദികന് ഇന്റര്‍നെറ്റ് സഹായമെത്തിച്ചു. അതു വഴി അദ്ദേഹത്തിന് കൂദാശകളുടെ ഇംഗ്ലീഷ് ഭാഷ്യം ലഭിച്ചു. മാമ്മോദീസ തൊട്ടിക്ക് പകരം കുറച്ചാളുകള്‍ സോസ് ഒഴിച്ചു വയ്ക്കുന്ന വക്കു നീണ്ട ജഗ്ഗുമായെത്തി. കപ്പലിലെ ഉദ്യോഗസ്ഥന്റെ ക്യാമ്പിനില്‍ നിന്ന് മെഴുകുതിരിയും സംഘടിപ്പിച്ചു.

കുഞ്ഞിന്റെ തലതൊട്ടമ്മയായി പ്രസവനേരത്ത് വിവിയാനെ സഹായിച്ച മാര്‍ട്ടീന ഒ എന്ന സ്ത്രീ സ്ഥാനമേറ്റു. പട്ടാളക്കാരുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മാമ്മോദീസ ചടങ്ങുകള്‍ നടത്തി. കുഞ്ഞിന് ഇക്കപൊമൊസാ എന്ന പേരും നല്‍കി.

വൈദികന്റെ ജീവിതത്തില്‍ ആദ്യമായാണ് ഒരു അഭയാര്‍ത്ഥി കുഞ്ഞിന് ജ്ഞാനസ്‌നാനം നല്‍കുന്നത്.

You must be logged in to post a comment Login