ബ്രദര്‍ മാവുരൂസിന്റെ ഓണസമ്മാനം; നാലു കുടുംബങ്ങള്‍ക്ക് സുരക്ഷിതഭവനം

ബ്രദര്‍ മാവുരൂസിന്റെ ഓണസമ്മാനം; നാലു കുടുംബങ്ങള്‍ക്ക് സുരക്ഷിതഭവനം

കൊച്ചി: തെരുവില്‍ ആരംഭിച്ച് തെരുവില്‍ തന്നെ അവസാനിക്കാമായിരുന്ന നാലു കുടുംബങ്ങള്‍ക്ക് ബ്രദര്‍ മാവുരൂസ് നല്‍കിയ ഓണസമ്മാനമാണ് അടച്ചുറപ്പുള്ള ഭവനം.

കൊച്ചി ഗാന്ധി നഗറിലെ ആശ്രയഭവന്റെ സാരഥി കൂടിയാണ് ബ്രദര്‍ മാവുരൂസ്.

എറണാകുളം നോര്‍ത്ത്, സൗത്ത് റയില്‍വേ സ്‌റ്റേഷനുകളുടെ പരിസരങ്ങളിലായാണ് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 16 പേരടങ്ങിയ നാലു കുടുംബങ്ങള്‍ താമസിച്ചിരുന്നത്. ചില ദിവസങ്ങളില്‍ കരിത്തല സ്‌കൂളിനു സമീപത്തെ പുറമ്പോക്കിലും ഇവര്‍ അന്തിയുറങ്ങി. തെരുവുനായ്ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യങ്ങളും ഈ കുടുംബങ്ങള്‍ക്ക് നേരിടേണ്ടി വന്നു.

തെരുവുമക്കള്‍ക്കിടയിലുള്ള സ്‌നേഹശുശ്രൂഷകള്‍ക്കിടയിലാണ് സതിരാജ്, സെബാസ്റ്റ്യന്‍, ലക്ഷ്മി, ദേവേന്ദ്രന്‍ എന്നിവരുടെ കുടുംബങ്ങളെ ബ്രദര്‍ മാവുരൂസ് കണ്ടുമുട്ടിയത്. ഇവരുടെ അവസ്ഥ മനസിലാക്കിയ ബ്രദര്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത് മൂരിയാട് സെന്റ് മാര്‍ട്ടിന്‍ നഗറില്‍ നിരാലംബര്‍ക്കായി നിര്‍മ്മിച്ച വീടാണ്(മദര്‍ തെരേസ ഹോം) നാലു കുടുംബങ്ങള്‍ക്കായി നല്‍കി.

കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഡോ. പൂര്‍ണിമ നാരായണന്‍, കടവന്ത്ര പോലീസും ബ്രദര്‍ മാവുരൂസിന്റെ പ്രവര്‍ത്തനത്തിന് പിന്തുണയുമായെത്തി. നാലു കുടുംബങ്ങളെയും പുതിയ വീട്ടിലേക്ക് യാത്രയാക്കാന്‍ കെസിബിസി പ്രൊ ലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ്, അഡ്വ. രാം കുമാര്‍, കടവന്ത്ര എസ് ഐ പി.കെ സജീവ്, ആശ്രയഭവന്‍ പ്രവര്‍ത്തകരായ സിനി, വിജയകുമാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

നാലുകുടുംബങ്ങള്‍ക്കും ആവശ്യമായ വസ്ത്രങ്ങളും ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും ആശ്രയഭവന്‍ നല്‍കി.

ആശ്രയഭവനിലൂടെ അമ്പതു വര്‍ഷത്തോളമായി രണ്ടായിരത്തോളം തെരുവുബാല്യങ്ങള്‍ക്കാണ് ബ്രദര്‍ മാവുരൂസ് ആശ്യയവും അഭയവുമായത്.

You must be logged in to post a comment Login