ബ്രദര്‍

ബ്രദര്‍

‘കം മൈ ബ്രദര്‍…’

ആരവങ്ങള്‍ നിറഞ്ഞ പകല്‍ ശബ്ദങ്ങളുടെ ഇടവേളയില്‍, പതിഞ്ഞതെങ്കിലും ഊഷ്മളവും ഹൃദ്യവുമായ ശബ്ദം. ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ സായാഹ്നങ്ങളിലൊന്നില്‍ അഗസ്റ്റിന്‍ വല്ലൂരാനച്ചനെ കാണാന്‍ മുറിയില്‍ ചെന്നതാണ്. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ബ്രദര്‍ എന്ന വിളികള്‍ ഏറെ കേട്ടിരിക്കുന്നു. എന്നിട്ടും ആ ഒരു ശബ്ദം മാത്രം മനസ്സില്‍ മായാതെ. ഒരു മുന്‍പരിചവുമില്ലാത്ത ഒരാളായി കടന്നു ചെന്നതാണ്, ഞാന്‍. എങ്കിലും ആഴത്തില്‍ നിന്നൊവിടെയോ നിന്നുള്ള ശബ്ദം. ബ്രദര്‍ എന്ന വാക്ക് അത്ര ഹൃദ്യമായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല…

ഏറ്റവും ഹൃദ്യമായി പ്രയോഗിക്കാവുന്ന വാക്കുകളിലൊന്നാണ് ബ്രദര്‍. ആഴമായ സ്‌നേഹത്തോടെ, ഹൃദയപരമാര്‍ത്ഥതയോടെ, ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ ആ വാക്കിനു ലഭിക്കുന്ന ഒരു സൗന്ദര്യമുണ്ട്. സത്യത്തില്‍ എല്ലാവരും കൊതിക്കുന്നുണ്ട്, അങ്ങനെയൊരു വിളിക്കു വേണ്ടി. മൈ ബ്രദര്‍…

നിര്‍ഭാഗ്യം കൊണ്ട് പലപ്പോഴും ഭ്രാതൃമൂല്യം അറിയാതെ പോകുന്നുണ്ട്, നാം. ആവോളം ആസ്വദിച്ചു കൊണ്ടിരുന്ന മാതാപിതാക്കളുടെ വാത്സല്യം പങ്കിടാനോ കവരാനോ എത്തിയിരിക്കുന്നവന്‍ എന്ന ധാരണ ബാല്യത്തിലേ കയറുന്നു, മനസ്സില്‍. ആ ധാരണയ്ക്ക് മൂര്‍ച്ച കൂട്ടുന്ന അവിവേകം നിറഞ്ഞ കമന്റുകളും. കുട്ടികളുടെ പ്രിയപ്പെട്ട കാത്തു കഥാപാത്രം പറയുന്നതു പോലെ: അമ്മയ്ക്ക് അവനോടാ കൂടുതല്‍ സ്‌നേഹം!

ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കുരുക്ഷേത്രങ്ങളുടെ അവസാനം, ഏകാന്തവും പ്രശാന്തവുമായ ധ്യാനത്തില്‍ പൂ വിരിയും പോലെ ഓര്‍മ വരുന്നു – സാഹോദര്യം പോലെ ഹൃദ്യമായി ഒരു ബന്ധവുമില്ല.

ഏകാന്തം എന്ന ചിത്രമാണ് ഓര്‍മ വരുന്നത്. മഹാനടന്‍മാരായ തിലകനും മുരളിയും ജ്യേഷ്ഠാനുജന്മാരായി ഒന്നിച്ചഭിനയിച്ച ചിത്രം. വിഭാര്യനായി, ഏകാകിയായി തീരുന്ന തിലകന്റെ കഥാപാത്രം അനേകവര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ അനുജനെ കാണാനെത്തുന്നു. അനുജന് അര്‍ബുദമാണ്. ആയാസമരുതെന്നും മരുന്നുകള്‍ മുടക്കരുതെന്നും ഡോക്ടറുടെയും മക്കളുടെയും കര്‍ശന നിര്‍ദേശമുണ്ട്. എന്നിട്ടും, ജ്യേഷ്ഠനെത്തുമ്പോള്‍ അനുജന്‍ എല്ലാ ശാരീരിക ക്ഷീണവും മറക്കുകയാണ്. സാഹോദര്യത്തിന്റെ ആഘോഷമായി മാറുന്നു, ചിത്രം. ഭാര്യമാര്‍ തമ്മിലുണ്ടായി ഏതോ പിണക്കത്തിന്റെ പേരില്‍ അത്ര കാലം വെറുതെ സൂക്ഷിച്ച അകലത്തിന് വാശിയോടെ അവര്‍ പരിഹാരം ചെയ്യുന്നു. ഒരുമിച്ചു നടന്ന വഴികളും ഒരുമിച്ചെറഞ്ഞിട്ട മാമ്പഴങ്ങളും ഊഷ്മളതയോടെ അവര്‍ക്കിടയില്‍ നിറയുന്നു.

മക്കളുടെ നിഷ്‌കര്‍ഷ നിരാകരിച്ച് അനുജന്‍ ശിഷ്ടകാലം ജ്യേഷ്ഠന്റെ ഒപ്പം ചെലവഴിക്കാന്‍ തീരുമാനിക്കുന്നു. അതിനായി തെരഞ്ഞെടുക്കുന്നത്, പ്രകൃതിചികിത്സയുമായി ചേര്‍ത്ത ഒരു പാലിയേറ്റീവ് രീതിയും. തമമില്‍ പിരിക്കാനെത്തുന്ന മരണം അടുത്തെവിടെയോ എത്തിയെന്ന അറിവില്‍, വാര്‍ധക്യത്തിലെത്തിയ ആ ജ്യേഷ്ഠാനുജന്‍മാര്‍ ഒരുമിച്ചൊരു കട്ടിലില്‍ ബാല്യ കാലത്തിലെന്ന പോലെ ചേര്‍ന്നു കിടക്കുന്നത് അതീവ ഹൃദ്യമാണ്. ആരോ നിശബ്ദം ആത്മാവിന്റെ ആഴത്തില്‍ നിന്ന് മന്ത്രിക്കുന്നതു പോലെ: മൈ ബ്രദര്‍…

പ്രണയമില്ലായ്മ മാത്രമാണ് ഏകാന്തതയുടെ കാരണമെന്ന് പറയുന്നതില്‍ വലിയ തെറ്റുണ്ട്. സഹോദരര്‍ ഒരുമിച്ചു വസിക്കുന്നിടം എന്ന അതിമനോഹരമായ അവസ്ഥയെ ബൈബിള്‍ വര്‍ണിക്കുമ്പോള്‍ അനുഭവപ്പെടുന്നത് സ്വര്‍ഗത്തെ കുറിച്ചു പറയുകയാണെന്നാണ്. സാഹോദര്യം മനുഷ്യവംശത്തിന്റെ അടിസ്ഥാന സൗഖ്യമാണ്. സാഹോദര്യം മുറിയുമ്പോള്‍ ഓരോ മനുഷ്യന്റെയും ഉള്ളില്‍ ആഴമായ മുറിവേല്‍ക്കുന്നുണ്ട്. കായേന്‍ അനുഭവിച്ച അതികഠിനമായി ഏകാന്തതയുണ്ട്. ആബേലിനെ കൊല്ലുമ്പോള്‍ താന്‍ തന്റെ ഉള്ളില്‍ നിന്ന് ആഴത്തില്‍ വേരൂന്നിയതെന്തോ മുറിച്ചു മാറ്റുകയാണെന്ന് അയാള്‍ ഓര്‍ത്തില്ല. എന്നാല്‍ ഭ്രാതൃഹത്യക്ക് ശേഷം അയാള്‍ തിരിച്ചറിയുന്നു, താനാണ് ഈ ഭൂമിയിലെ ഏറ്റവും ദുഖിതനായ മനുഷ്യന്‍ എന്ന്. ഏറ്റവും ഏകാകി എന്ന്.

കായേന്റെ ഈ അവസ്ഥ ധ്യാനിക്കുമ്പോള്‍ ഓര്‍മ വരുന്നത് മഹാഭാരതത്തിലെ അശ്വദ്ധാമാവിനെയാണ്. ഉറങ്ങിക്കിടന്ന പാണ്ഡവപക്ഷത്തെ, യുദ്ധംകഴിഞ്ഞ രാത്രി അതിക്രമിച്ചു കടന്ന് മുച്ചൂടും മുടിച്ചവരില്‍ പ്രധാനി അശ്വദ്ധാമാവായിരുന്നു. ഒരു കാലത്ത് സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്നവരെ മാത്രമല്ല, ഉദരത്തില്‍ കിടന്നിരുന്ന ശിശുവിനെ പോലും വെറുതെ വിടാത്ത അയാളെ ശ്രീകൃഷ്ണന്‍ ശപിക്കുന്നുണ്ട്, കായേന് കിട്ടിയതിന് സമാനമായൊരു ശാപവുമായി അയാള്‍ അലയുന്നു. നിസഹായരായ സഹോദരരെ കൊല്ലുന്നവരെല്ലാം കനത്ത ഏകാന്തതയിലേക്ക് വഴുതി പോകുമെന്ന് വിധി.

ഈ കാലത്തിന്റെ ഏറ്റവും വലിയ ക്രൂരത ഭ്രാതൃഹത്യകളാണ്. വംശഹത്യകളും മതത്തിന്റെ പേരിലുള്ള ഹത്യകളും. സഹോദരനെയാണ് കൊല്ലുന്നത്! മനുഷ്യന്‍ എന്ന അടിസ്ഥാന തലത്തിലെ സാഹോദര്യത്തെയാണ് ഹനിക്കുന്നത്.

മുറിവേറ്റ ലോകം ഇന്ന് ഒരു സൗഖ്യം കൊതിക്കുന്നുണ്ട്. സാഹോദര്യത്തിന്റെ സൗഖ്യം. ചങ്കിലെ ആ നാട മുറിച്ചെറിഞ്ഞിടത്തു നിന്നാണ് ക്രൗര്യം തുടങ്ങിയത്.

തോമസ് മെര്‍ട്ടന്റെ ആത്മകഥയായ സെവന്‍ സ്‌റ്റോറി മൗണ്ടനിലെ ആ രംഗം വല്ലാതെ ഉലച്ചിട്ടുണ്ട്. മെര്‍ട്ടന് ഏഴു വയസ്സും അനജന്‍ ജോണ്‍ പോളിന് അഞ്ചും. എല്ലാ മൂത്ത പുത്രന്മാരെയും പോലെ തന്റെ കളിക്കൂട്ടുകാരുടെ സംഘത്തില്‍ ചേരാന്‍ തോമസ് ജോണ്‍പോളിനെ അനുവദിക്കുന്നില്ല. വളര്‍ന്നിട്ടില്ല എന്ന് കാരണം. മെര്‍ട്ടന്‍ വരച്ചിടുന്ന ഒരു ചിത്രമുണ്ട്. തോമസും കൂട്ടുകാരും കളികളിലേര്‍പ്പെട്ട് ഒരറ്റത്തു നില്‍ക്കുമ്പോള്‍ മൈതാനത്തിന്റെ മറ്റേയറത്ത് ഏകാകിയായി ജോണ്‍ പോള്‍, അഞ്ചുവയസ്സുകാരനായ അവന്റെ കണ്ണുകളില്‍ നിറയെ സങ്കടവും പരിഭവവും തന്നോടു ചെയ്ത അനീതിയില്‍ രോഷവും. ജോണ്‍ പോള്‍ തോമസ് മെര്‍ട്ടന്റ ഒപ്പം വരാന്‍ ശ്രമിക്കുന്നു. എന്നാല്‍ തോമസും കൂട്ടരുമാകട്ടെ, കല്ലുകളെറിഞ്ഞ് അവനെ പ്രതിരോധിക്കുന്നു. മുന്നോട്ട് വരാനാകുന്നില്ലെങ്കിലും അവന്‍ പിന്തിരയുന്നില്ല. ‘തന്റെ ജ്യേഷ്ഠന്‍ എവിടെയാണോ അവിടെ അനുജനും ഉണ്ടാകണമെന്നത് അവന്റെ അവകാശമാണ്. അവകാശം നിഷേധിക്കപ്പെട്ടവന്റെ തീവ്രദുഖത്തോടെ ജോണ്‍ പോള്‍ ഇന്നും അവിടെ നില്‍ക്കുന്നു. വിഷാദവാനായി, പരിത്യക്തനായി…’ മെര്‍ട്ടന്‍ ആത്മനിന്ദയോടെ ഓര്‍ക്കുന്നു.

മറ്റൊരു വാങ്മയം കൂടി ചേരുമ്പോഴാണ് ഈ ചിത്രത്തിന്റെ വിഷാദലാവണ്യം പൂര്‍ത്തിയാകുന്നത്. ഇരുവരും വളര്‍ന്നു വലുതായി. മെര്‍ട്ടന്‍ കെന്‍ടക്കിയിലെ ട്രാപ്പിസ്റ്റ് സന്ന്യാസികളുടെ ആശ്രമമമായ ഗത്സെമനിയിലും ജോണ്‍ പോള്‍ ബ്രിട്ടീഷ് വ്യാമ സേനയിലും എത്തുന്നു. അവസാനത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം കൊടുമ്പിരി കൊണ്ട ലോകമഹായുദ്ധത്തിനായി പോയ ജോണ്‍ പോള്‍ പിന്നെ മടങ്ങി വരുന്നില്ല. ഏറെ നാള്‍ക്കു ശേഷം വരുന്നത് ജോണ്‍ പോളിന്റെ മരണവാര്‍ത്ത. അറ്റ്‌ലാന്റിക് കടലില്‍ വിമാനം തകര്‍ന്ന് അയാള്‍ മരണമടയുമ്പോള്‍ ജോണ്‍ പോള്‍ ദാഹിച്ചു പൊരുഞ്ഞിരുന്നു എന്ന അറിവ് പിന്നെ തോമസ് മെര്‍ട്ടന്റെ രാപകലുകളെ ശമിക്കാത്ത ദാഹത്തിന്റേതാക്കി മാറ്റുന്നു. അനുജന്റെ ആര്‍ദ്രമായ ഓര്‍മയില്‍ തോമസ് മെര്‍ട്ടന്‍ കുറിച്ചിട്ടു കവിതയിലെ വരികള്‍ സഹോദര സ്‌നേഹം കൊണ്ട് നെഞ്ചു പൊള്ളിക്കുന്നതാണ്.

‘പ്രിയ സഹോദരാ, ഈ പൊള്ളുന്ന ചൂടില്‍ ഞാനറിയുന്ന കൊടും ദാഹം നിനക്കായി നീരുവകള്‍ തീര്‍ക്കട്ടെ. എന്റെ യാതനകള്‍ നിന്റെ വഴികളില്‍ പൂ വിരിക്കട്ടെ…’

ആത്മാഭിമാനത്തോടെയൊന്നുമല്ല, ഞാനീ കുറിപ്പുകള്‍ കുറിക്കുന്നത്. അത്ര നല്ല സഹോദരനൊന്നുമായിരുന്നില്ല, ഞാന്‍. ബ്രദര്‍ എന്ന വാക്കിന്റെ മധുരം ആത്മാവില്‍ പ്രഭയുള്ള ചിലര്‍ ഉച്ചരിക്കുമ്പോള്‍ അനുഭവപ്പെട്ടിട്ടുണ്ട് എന്നതൊഴിച്ചാല്‍, അതൊരു ഉള്‍പ്രകാശമായി എന്നില്‍ നിന്നൊരിക്കലും പൊഴിഞ്ഞിട്ടുമില്ല. സെമിനാരികളില്‍ ബ്രദര്‍ എന്നൊരൊഴുക്കന്‍ മട്ടിലുള്ള വിളിയുണ്ട്. സുകൃതം നിറഞ്ഞ ആ വാക്ക് ഹൃദയം കൊണ്ടുച്ചരിക്കാന്‍ കഴിയുന്ന സന്ന്യാസികള്‍ പുണ്യാത്മാക്കളാണ്. നമ്മുടെ തന്നെ ഭാഗമായൊരാള്‍ എന്ന ബോധ്യത്തോടെ, അനുഭവത്തോടെ വിളിക്കാനാവുമോ…?

നല്ല സഹോദരന്മാരാകുക എന്നതില്‍ പരം നമുക്ക് ഈ ഭൂമിക്കും മനുഷ്യവംശത്തിനും ചെയ്യാവുന്ന നന്മയില്ല. നല്ല സഹോദരന്മാരാവുക എന്നതിന്റെ അര്‍ത്ഥം കായേനില്‍ നിന്ന് ഒരു റിവേഴ്‌സ് പഠനം നടത്തണം. കായേന്‍ തുടങ്ങിയ ഇടത്ത് നിന്ന്, അസൂയയില്‍ നിന്ന് തിരിഞ്ഞു നടക്കണം. നിന്റെ കാഴ്ച ദൈവം സ്വീകരിച്ചതില്‍ ഹൃദയം കൊണ്ട് ഞാന്‍ സന്തോഷിക്കുന്നു എന്നു പറയാന്‍ കഴിയുന്ന ഹൃദയനന്മയില്‍. നിന്റെ കാഴ്ച എന്റേതിനേക്കാള്‍ പ്രിയങ്കരമായി എന്നതിലും ഞാന്‍ സന്തോഷിക്കുന്നു എന്ന ചിന്തയില്‍. ബ്രദര്‍, നീ വേറെ ആളല്ലല്ലോ…

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login