ബ്രസല്‍സ് ആക്രമണത്തെ അതിജീവിച്ച ഇന്ത്യക്കാരി ഉദരസ്ഥശിശുവിന് എഴുതിയ കത്ത്…

ബ്രസല്‍സ് ആക്രമണത്തെ അതിജീവിച്ച ഇന്ത്യക്കാരി ഉദരസ്ഥശിശുവിന് എഴുതിയ കത്ത്…

ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ തീവ്രവാദികള്‍ ബോംബിട്ടപ്പോള്‍ സ്‌നേഹ മേത്ത എന്ന ഇന്ത്യക്കാരി ഒന്നേ ഓര്‍ത്തുള്ളൂ. തന്റെ ഉദരത്തിലുള്ള പതിനാറു ആഴ്ച
മാത്രം വളര്‍ച്ചയെത്തിയ കുഞ്ഞ് ജീവിക്കണം! ദൈവം ദാനമായി നല്‍കിയ പ്രാണന്‍ കൈക്കുമ്പിളില്‍ ചേര്‍ത്തു പിടിച്ച് ആ അമ്മ തന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിന് ഒരു കത്തെഴുതി, അതീവ ഹൃദയഹാരിയായ ഒരു കത്ത്.

‘ജീവിതം എത്ര വിസ്മയകരമാണെന്ന്, കുഞ്ഞേ നിന്നോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിറയെ നല്ലയാളുകളാണ് ഈ ഭൂമിയില്‍…’

ബ്രസല്‍സ് വിമാനത്താവളത്തില്‍ ബോംബാക്രമണമുണ്ടായ കഴിഞ്ഞ ചൊവ്വാഴ്ച ഭര്‍ത്താവ് സമീപ് മേത്തയോടൊപ്പം അബു ദാബിയില്‍ നിന്നും ബ്രസല്‍സില്‍ വിമാനമിറങ്ങിയാതായിരുന്നു, സ്‌നേഹ. അന്നേരമാണ് ആ ആര്‍ത്തനാദമുയര്‍ന്നത്. നോക്കുമ്പോള്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര നിലംപതിക്കുകയാണ്. എവിടേക്കോടണമെന്ന് ഒരു പിടിയും കിട്ടിയില്ലെന്ന് സ്‌നേഹ ഓര്‍ക്കുന്നു. ഒറ്റ ചിന്ത മാത്രം. ഉദരത്തിലെ കുഞ്ഞുജീവന്‍ അസ്തമിച്ചു കൂട. ഇരുവരും നേരെ ഹൈവേയിലേക്ക് ഓടി. അവിടെ കണ്ട ഒരു കാബില്‍ കയറി കുഞ്ഞിന്റെ ആരോഗ്യം ഉറപ്പു വരുത്താന്‍ നേരെ ആശുപത്രിയിലേക്ക്…

അള്‍ട്രാ സൗണ്ട് സ്‌കാനില്‍ നോക്കുമ്പോള്‍ പുറത്തെ ബഹളമൊന്നുമറിയാതെ കുഞ്ഞ് വിരല്‍ നുണഞ്ഞങ്ങനെ കിടക്കുന്നു! അന്നേരം സ്‌നേഹ ഓര്‍ത്തത് ഭീകരരെയല്ല, അപരിചതരായ തങ്ങളുടെ നേര്‍ക്ക് സഹായഹസ്തം നീട്ടിയ പേരറിയാത്ത മുഖങ്ങളെ. അവരുടെ വാക്കില്ലാത്ത കരുണയെ…

മുറിവേറ്റവരുടെ പക്കലേക്ക് ഓടിക്കൂടിയ പോലീസിനെയും തങ്ങളെ ആശുപത്രിയിലെത്തിച്ച കാബ് ഡ്രൈവറെയുമെല്ലാം അവള്‍ ഓര്‍ത്തു. മാനവ നിസാഹായതയില്‍ വിരിഞ്ഞ മനുഷ്യത്വത്തിന്റെ പൂക്കളെ…

ആ കരുണാനുഭവത്തിന്റെ ധന്യതയില്‍ അവള്‍ തന്റെ കുഞ്ഞിനു വേണ്ടി കുറിച്ചിട്ടു, ഏറ്റം ഹൃദയസ്പര്‍ശിയായൊരു കത്ത്:

‘എന്റെ പൊന്നേ, നിനക്ക് പ്രായം ഉദരത്തില്‍ വെറും പതിനാറ് ആഴ്ച മാത്രമുണ്ടായിരുന്നപ്പോള്‍ നിന്റെ അച്ഛനുമമ്മയും ബ്രസല്‍സ് എയര്‍പോര്‍ട്ടില്‍ വലിയൊരു സ്‌ഫോടനത്തില്‍ പെട്ടു പോയി.

മനുഷ്യരാശി ഇന്ന് എന്തൊക്കെ അവസ്ഥയിലായാലും ഒരു കാര്യം നിന്നോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതം വിസ്മയകരമാണ്. ലോകം നിറയെ നല്ല മനുഷ്യരാണ്. നിന്റെ അച്ഛനമ്മമാരായ ഞങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ വിശ്വാസവും അര്‍ത്ഥവും നല്‍കിയത് നീയാണ്, കുഞ്ഞേ. അതിലേറെ മുമ്പൊരിക്കലുമില്ലാത്ത പോലെ മനസ്സാന്നിധ്യം തന്നതും നീ.

മുമ്പെന്നതേക്കാളും സജീവയാണ് ഞാന്‍ എന്ന് എനിക്കു തോന്നി. നിന്നെ സംരക്ഷിക്കാന്‍ ഞാന്‍ ശാന്തത കൈവരിക്കണമെന്ന് ഞാനറിഞ്ഞു. നമ്മള്‍ അതിജീവിക്കുമെന്നും.

പിന്നീട് സിന്റ് അഗസ്റ്റീനസ് ആശുപത്രിയിലെത്തിയപ്പോള്‍ അള്‍ട്രാ സൗണ്ട് സ്‌കാന്‍ ഞങ്ങളോട് പറഞ്ഞു തന്നു, നീ ഇതൊന്നുമറിയാതെ വിരലും നുണഞ്ഞ് കിടപ്പാണെന്ന്. അന്നേരം തീവ്രവാദി ആക്രമണം എന്റെ മനസ്സില്‍ പകര്‍ന്ന ആശങ്കയും വെറുപ്പും വേദനവും ആവിയായിപ്പോയി!

നീ കുറേക്കൂടി നല്ലൊരു ലോകത്തിലേക്ക് പിറന്നു വീഴുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അതിനായില്ലെങ്കില്‍ നല്ലൊരു ലോകം കെട്ടിപ്പടുക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും. നീ ഞങ്ങള്‍ക്ക് പൊന്നിനേക്കാല്‍ വിലപ്പെട്ടതാണ്. ഞങ്ങളുടെ ഹീറോ ആണ് നീ. നിന്റെ വഴികളില്‍ ഈ ലോകം ഇത്രയേറെ സ്‌നേഹവും പ്രത്യാശയും നല്‍കിയിരിക്കുന്നു. അത് തിരികെ നല്‍കാന്‍ നീ ബാധ്യസ്ഥനാണ്. എന്നും ധീരനും ആരോഗ്യവാനും ആയിരിക്കുക.

സ്‌നേഹത്തോടെ നിന്റെ അച്ഛനും അമ്മയും’

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login